കരച്ചിലിന്റെ ലാഞ്ഛനയുളള ആ വാക്കുകൾ എല്ലാവരുടെയും ഹൃദയത്തിൽ തറച്ചു കയറി.അതോടെ അവൾ ശങ്കരന്റെ മാറിൽ കിടന്ന് വിങ്ങിപ്പൊട്ടി.
“ഇത് മറ്റാരുമല്ലല്ലോ മോളെ ,നമ്മുടെ മാലതിയുടെ മോനല്ലെ? നമ്മുടെ അനന്തു.. ദേവൻ നോക്കിയിരുന്ന പോലെ തന്നെ അവനും ഈ വണ്ടി പൊന്നുപോലെ നോക്കും. ”
ശങ്കരൻ അവളെ അശ്വസിപ്പിക്കുവാനായി പറഞ്ഞു.വെള്ളപ്പാച്ചിൽ പോലെ ഒഴുകി തുടങ്ങിയ കണ്ണുനീർ അയാളുടുത്തിരുന്ന ഷർട്ടിലേക്ക് പറ്റിപ്പിടിച്ചു.
“ഇല്ലച്ഛാ ഒരാൾക്കും ദേവേട്ടനെ പോലെ ആ വണ്ടിയെ സ്നേഹിക്കാൻ പറ്റില്ല. കൊണ്ടു നടക്കാൻ പറ്റില്ല. എന്റെ ദേവേട്ടനെ പോലെയാകാൻ വേറാർക്കും പറ്റില്ല.”
വിതുമ്പിക്കൊണ്ട് ലക്ഷ്മി പറഞ്ഞു.
“സാരുല്ല മോളെ, നീയത് വിട്.. വാ ഭക്ഷണം കഴിക്കാം.”
ശങ്കരൻ അവളെയും കൊണ്ട് പോകാൻ തുനിഞ്ഞു. ഇതൊക്കെ കേട്ട് അനന്തു ആകെ പ്രാന്ത് പിടിച്ച അവസ്ഥയിൽ ആയിരുന്നു.
ആ ബുള്ളറ്റ് ഓടിച്ചു അവന് കൊതി തീർന്നിരുന്നില്ല. അപ്പോഴാണ് ലക്ഷ്മിയുടെ രോദനം പ്രശ്നത്തെ രൂക്ഷമാക്കിയത്. അവർ തന്നിൽ നിന്നും ഈ ബുള്ളറ്റിനെ പിടിച്ചു വാങ്ങുമോ എന്നവൻ വൃഥാ സങ്കടപ്പെട്ടു.
“അച്ഛാ ആ വണ്ടി ഇങ്ങ് പിടിച്ചു വാങ്ങിക്ക് ”
ലക്ഷ്മി ദയാ ഭാവത്തോടെ അയാളെ നോക്കി.
“അതെനിക്ക് പറ്റില്ല മോളെ, അത് ഞാൻ അവന് സമ്മാനമായി കൊടുത്തതാ… ഇനി എനിക്ക് അത് തിരിച്ചു വാങ്ങാൻ പറ്റൂല… മോള് എന്നോട് ക്ഷമിക്ക് ”
ശങ്കരൻ നിസ്സഹായതയോടെ പറഞ്ഞു. അതുകേട്ടതും ലക്ഷ്മി കോപത്തോടെ അയാളിൽ നിന്നും കുതറി മാറി വിതുമ്പലോടെ ഉള്ളിലേക്ക് ഓടിപോയി.
എല്ലാവരും ആകെ പരവേശത്തിൽ ആയിരുന്നു. ലക്ഷ്മിയുടെ ഈയൊരു സ്വഭാവം എല്ലാവരെയും വല്ലാതെ വേദനിപ്പിച്ചു. ആകെ ശ്മാശാന മൂകതക്ക് സമാനമായി മാറിയിരുന്നു അവിടം . അല്പ സമയം കഴിഞ്ഞതും ശങ്കരൻ അനന്തുവിന് നേരെ തിരിഞ്ഞു.
“അനന്തൂ മോൻ പൊക്കോ.. വൈകണ്ട ”
ശങ്കരൻ പറഞ്ഞു. അതുകേട്ടതും ആശ്വാസത്തോടെ അനന്തു ബുള്ളറ്റ് എടുത്തു പറപ്പിച്ചു. അവൻ പോയി കഴിഞ്ഞതും മാലതിയും സീതയും ശങ്കരനു സമീപം വന്നു നിന്നു.
“എന്താ അച്ഛാ അവൾക്കിത്ര വാശി എല്ലാത്തിനോടും? ”
മാലതി ചോദിച്ചു
“അറിഞ്ഞൂടാ മോളെ, അനന്തുവിനെ കണ്ടതിൽ പിന്നെയാ അവൾക്ക് ഈ മാറ്റം”
ശങ്കരൻ ഓർമയിൽ നിന്നും ചികഞ്ഞെടുത്തു.
“അതിപ്പോ അനന്തൂട്ടന്റെ തെറ്റല്ലല്ലോ ദേവേട്ടന്റെ ഛായയുമായി ജനിച്ചത്. അതിനു ഇങ്ങനെ ദേഷ്യപ്പെടണോ? ”
സീത അനന്തുവിന്റെ പക്ഷം ചേർന്നു പറഞ്ഞു.
“പെണ്ണിന് രണ്ട് തല്ലു കിട്ടാത്ത കുഴപ്പമാ”
മാലതി കൈ തിരുമ്മിക്കൊണ്ട് പറഞ്ഞു
“ഏയ് നിങ്ങളങ്ങനൊന്നും കരുതണ്ട.. അവളെ ഒറ്റക്ക് വിട്ടേക്ക്.. കുറച്ചു