“അല്ല നന്ദുവേട്ടാ.. ഇപ്പൊ നമ്മൾ പോരാൻ നിക്കുമ്പോ പുള്ളിക്കാരി സ്റ്റെപ് ഇറങ്ങി വന്നായിരുന്നു. എന്നെയും പൊക്കിപ്പിടിച്ചു നിക്കുന്ന നിങ്ങളെ കണ്ട് കുശുമ്പടിച്ചിട്ടാ ചേച്ചി തിരിച്ചു പോയേ ”
അഞ്‌ജലി കാര്യമായിട്ട് എന്തോ കണ്ടു പിടിച്ച പോലെ പറഞ്ഞു.അനന്തു പൊടുന്നനെ മീനാക്ഷിയെ കുറിച്ച് ചിന്തിച്ചു. തന്നെക്കാളും പ്രായകൂടുതൽ ഉള്ള ചേച്ചി ഒരിക്കലും ഇങ്ങനൊരു പണിക്ക് നീക്കില്ലെന്ന് അവനു ഉറപ്പായിരുന്നു.
“ഹാ അതെന്തേലും ആവട്ടെ, നമുക്ക് വേറെന്തെലും സംസാരിക്കാം. ”
വിഷയം തിരിച്ചു വിടാനായി അനന്തു ശ്രമിച്ചു.
“നന്ദുവേട്ടാ ”
“എന്താ അഞ്‌ജലിക്കുട്ടി ”
“എന്നെയും കൊണ്ടു ഈ വെള്ളത്തിലേക്ക് ഇറങ്ങുമോ ഇപ്പൊ”
“ഇപ്പൊ തന്നെ വേണോ? ”
“വേണം ”
അഞ്‌ജലി അനന്തുവിന്റെ മുഖത്തേക്ക് പ്രതീക്ഷയോടെ നോക്കി. അവളുടെ കണ്ണുകൾ വല്ലാതെ തിളങ്ങി. വേറൊന്നും ചിന്തിക്കാതെ അനന്തു പതിയെ വെള്ളത്തിലേക്ക് ഇറങ്ങി.
അതിനു ശേഷം അഞ്ജലിക്ക് തൊട്ടു മുൻപിൽ ഉള്ള വഴുക്കൽ ഉള്ള പടവിൽ ആയാസപ്പെട്ട് നിന്നു. അതിനു ശേഷം അവൻ അഞ്ജലിയെ ഇരു കൈകൾ കൊണ്ടു കോരിയെടുത്ത് പതിയെ വെള്ളത്തിലേക്കിറങ്ങി.
ഇത് കണ്ടതും ഷൈല ഒരു നിലവിളിയോടെ നെഞ്ചിൽ കൈ വച്ചു ചാടിയെണീറ്റു. അപ്പോഴേക്കും അഞ്ജലിയെയും കൊണ്ട് അനന്തു വെള്ളത്തിലേക്ക് ഇറങ്ങിയിരുന്നു.
ഒരുപാട് നാളുകൾക്ക് ശേഷം വീട്ടുകുളത്തിൽ വീണ്ടും ഇറങ്ങാൻ പറ്റിയതിന്റെ കൃതാർത്ഥതയിൽ ആയിരുന്നു അഞ്‌ജലി. ആ ഒരു നിമിഷം അവൾ ആവോളം ആസ്വദിച്ചുകൊണ്ടിരുന്നു.
“അയ്യോ മോനെ അനന്തു കേറിപ്പോര്, അഞ്‌ജലി മോളെ നോക്കണേ, ഇങ്ങോട്ട് വാ ”
ഷൈലയുടെ ഒച്ചപ്പാടും വെപ്രാളവും അവിടമാകെ നിറഞ്ഞു നിന്നു.അവൾ പടവുകൾ ഇറങ്ങി വന്ന് അഞ്ജലിയെ പിടിച്ചു കയറ്റാനായി മുന്നിലേക്ക് കൈകൾ നീട്ടി.
“അമ്മേ എനിക്ക് ഒന്നുല്ല… ഇച്ചിരി നേരം ഞാൻ നന്ദുവേട്ടന്റെ കൂടെ വെള്ളത്തിൽ കളിച്ചോട്ടെ? ”
അനന്തു അവളെ വെള്ളത്തിൽ മുങ്ങി പൊന്തിയ ശേഷം അഞ്‌ജലി ഉറക്കെ വിളിച്ചു പറഞ്ഞു.
“എന്നാലും വേണ്ട മോളെ… ഇങ് കേറിപോര് ”
ഷൈലയുടെ വെപ്രാളത്തിന്റെ അലയൊലികൾ അവർ ഇരുവരുടെയും കാതുകളിൽ പതിച്ചു.
“എൻറെ പൊന്നമ്മയല്ലേ… പ്ലീച്ച് ”
അഞ്‌ജലി കൊഞ്ചിക്കൊണ്ട് പറഞ്ഞു.
“പിള്ളേര് കളിച്ചോട്ടെ ഷൈല.. നമ്മൾ ഇവിടെ തന്നെ ഉണ്ടല്ലോ “