അവളോട് കൂടുതൽ കാര്യങ്ങൾ ചികഞ്ഞു ചോദിക്കാൻ അവൻ തുനിഞ്ഞില്ല.
പുറകിൽ കല്പടവിൽ ഇരുന്ന കാർത്യായനിക്ക് പിന്നിലായി ഷൈല സ്ഥാനം ഉറപ്പിച്ചു.
അവൾ കാർത്യായനിയുടെ മുടി പതിയെ കോതിയൊതുക്കി വിരലുകൾ വച്ചു പേനിനെ ചികയാൻ തുടങ്ങി. ഒരു കുറ്റാന്വേഷണ ഗവേഷകയെ പോലെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ട് ഷൈല തന്റെ ജോലി തുടർന്നു.
അഞ്‌ജലി വെള്ളത്തിൽ മുക്കി വച്ചിരിക്കുന്ന തന്റെ മരവിച്ചു പോയ കാലിനെ കുറിച്ച് ചിന്തിക്കുകയായിരുന്നു.വെള്ളത്തിന്റെ നനുത്ത സ്പർശമോ ഇളം കുളിരോ ഒന്നും അവൾക്ക് അനുഭവിച്ചറിയാൻ പറ്റുന്നില്ലായിരുന്നു.
പടവുകളിലേക്ക് തള്ളി കയറുന്ന വെള്ളത്തിലേക്ക് അവൾ നിരാശയോടെ കൈ ഓടിച്ചു കൊണ്ടിരുന്നു.
“മോനെ അനന്തു അമ്പലമൊക്കെ ഇഷ്ട്ടപെട്ടോ നിനക്ക് ? ”
മുത്തശ്ശി അവനോട് ചോദിച്ചു.
“ഇഷ്ട്ടപെട്ടു മുത്തശ്ശി.. നല്ല സ്ഥലം, ചുറ്റുപാട്, ആൾക്കാർ… ഒക്കെ എനിക്ക് ഇഷ്ട്ടമായി.ഈ നാടിനു ഒരു വല്ലാത്ത ഫീൽ ആണ്. എന്താന്നു അറിഞ്ഞൂടാ.. ഇവിടം വിട്ട് പോകാനും തോന്നുന്നില്ല. എന്തൊക്കെയോ എന്നെ ഇവിടെ പിടിച്ചു നിർത്തുന്ന പോലെ ”
അനന്തു ഒന്ന് നെടുവീർപ്പെട്ടു.
“മോൻ എങ്ങട്ടും പോണ്ട .. പോവാൻ ഈ മുത്തശ്ശി സമ്മതിക്കില്ല. എപ്പളും എന്റെ മോളും പേരമക്കളും എന്റെ കൂടെ ഉണ്ടാവണം.
എന്റെ കണ്ണടയണ വരെ. അനന്തുവിന്റെ തോളിൽ ആശ്രയത്തിനെന്നവണ്ണം മുത്തശ്ശി മുറുകെ പിടിച്ചു. ആ ഒരു കരുതലിൽ അനന്തു ആകെ അലിഞ്ഞുപോയി.
തന്റെ മക്കൾ തന്നെ വിട്ടു പോകുമോ എന്നുള്ള ഒരു വൃദ്ധ മാതാവിന്റെ ആധി ആ ഒരു സ്പര്ശനത്തിലൂടെ അവൻ അറിഞ്ഞു. അനന്തു മുത്തശ്ശിയെ സമാധാനിപ്പിക്കുവാനായി തോളിൽ പതിഞ്ഞിരിക്കുന്ന അവരുടെ കൈകളിൽ അവൻ മുറുകെ പിടിച്ചു.
“ഇല്ല മുത്തശ്ശി ഞങ്ങൾ എങ്ങോട്ടും പോകില്ല. എന്നും ഈ മുത്തശ്ശിയുടെ കൂടെ ഞങ്ങൾ കാണും… കേട്ടോ.. ”
അനന്തുവിന്റെ വാക്കുകൾ കാർത്യായനിയിൽ അല്പം ആശ്വാസം ചൊരിഞ്ഞു. ഷൈല ഈ സമയം നിശബ്ദമായി ഇരുന്നു കാർത്യായനിയുടെ മുടിയിഴകൾക്കിടയിൽ വിരലുകൾകൊണ്ട് ഉഴുതു മറിക്കുന്ന തിരക്കിൽ ആയിരുന്നു.
“ഷൈലമ്മായി എന്താ ഒന്നും പറയാത്തെ? ”
പുറകിൽ അമ്മായി ഉണ്ടോ എന്നറിയാൻ അവൻ അന്വേഷിച്ചു.
“ഒന്നുല്ല അനന്തു…. ഞാൻ പേൻ നോക്കുന്ന തിരക്കിൽ ആയിപോയി.”
ഷൈല വീണ്ടും പേൻ നോക്കുന്നതിൽ വ്യാപൃതയായി.
“മുത്തശ്ശി പറയുന്നത് ഷൈലമ്മായിയും കേട്ടില്ലേ? “