അനന്തു അഞ്ജലിയെയും കൊണ്ടു നേരെ കുളപ്പടവ് ലക്ഷ്യമാക്കി നടന്നു.മനയുടെ രണ്ടാം നിലയുടെ കിളി വാതിലിലൂടെ ലക്ഷ്മിയുടെ കണ്ണുകൾ അവരെ തുറിച്ചു നോക്കികൊണ്ടിരുന്നു.
അഞ്ജലിയെയും കോരിയെടുത്തുകൊണ്ടു നടക്കുന്ന അനന്തുവിനെ കണ്ടതും എന്തൊക്കെയോ ഓർമ്മകൾ അവളുടെ ബോധമണ്ഡലത്തിലേക്ക് പൊടുന്നനെ വന്നു.
അവൾ കണ്ണുകൾ പിൻവലിച്ചു നേരെ ബെഡിലേക്ക് വന്നു കിടന്നു. നിറഞ്ഞു നിന്നിരുന്ന കണ്ണുകൾ അവളുടെ അനുവാദം കൂടാതെ തുളുമ്പി.
അവളുടെ ഓർമകളുടെ ചൂട് ആവാഹിച്ച അശ്രുകണങ്ങൾ തലയിണയിൽ പെയ്തിറങ്ങി അഭയം പ്രാപിച്ചു.ദേവന്റെ നെഞ്ചിൽ കിടക്കുന്നത് പോലെ തലയിണയിലേക്ക് മുഖം പൂഴ്ത്തി അവൾ സ്വന്തം സങ്കടങ്ങളും വിഷമങ്ങളും തലക്കനവും ഇറക്കി വച്ചു.മനസിലെ ഭാരം ഒന്നു ഒഴിഞ്ഞപ്പോൾ അവളുടെ കണ്ണുകൾ പതിയെ അടഞ്ഞു തുടങ്ങി.
കുളപ്പടവിലേക്ക് എത്തിയ അനന്തു അഞ്ജലിയെ പതുക്കെ അവിടെ കണ്ട പടവിലേക്ക് ഇരുത്തി. ഈ സമയം ഷൈലയുടെ കൈ പിടിച്ചു കാർത്യായനിയും അങ്ങോട്ടേക്ക് നടന്നെത്തി.
എല്ലാവരും കല്പടവുകളിൽ അമർന്നിരുന്നു. അനന്തു അഞ്ജലിയോട് ചേർന്നിരുന്ന് വെള്ളത്തിലേക്ക് കാല് നീട്ടി വച്ചു.
അനന്തുവിന്റെ കണ്ണുകളിൽ ഉറ്റു നോക്കിയ ശേഷം അവൾ നോട്ടം കുളത്തിലെ നിറഞ്ഞു കിടക്കുന്ന വെള്ളത്തിലേക്ക് ദൃഷ്ടി പതിപ്പിച്ചു.ഒരുപാട് നാളുകൾക്ക് ശേഷം വീടിനു പുറത്തിറങ്ങിയതിന്റെ ഉത്സാഹത്തിലായിരുന്നു അവൾ.
അഞ്‌ജലി തന്റെ നാസിക വിടർത്തി ശുദ്ധ വായു ആവോളം ശ്വസിച്ചുകൊണ്ടിരുന്നു.കുളത്തിലെ നീല ജലത്തിലേക്ക് ഒരു മത്സ്യ കന്യകയെ പോലെ എടുത്തു ചാടി കുളിക്കുവാൻ അവൾ അതിയായി ആഗ്രഹിച്ചു.
എന്നാൽ തനിക് ഇപ്പൊ അതിനു പറ്റില്ലെന്നുള്ള ചിന്ത വന്നതും അഞ്ജലിയുടെ സന്തോഷമെല്ലാം എങ്ങോ പോയി.പണ്ട് ഈ കുളത്തിൽ ഒരുപാട് നീരാടിയിട്ടുള്ള കാര്യങ്ങൾ ഓർമ വന്നതും അവൾ വേദനയോടെ വിങ്ങുന്ന മനസുമായി മുഖം താഴ്ത്തിയിരുന്നു.
ഇത് കണ്ടതും അനന്തു അവളുടെ താടിയിൽ വിരൽ കൊണ്ടു താങ്ങി പിടിച്ചുയർത്തി.
“എന്തായെ അഞ്ജലിക്കുട്ടി ? ”
പുരികം ഉയർത്തിക്കൊണ്ട് അനന്തു ചോദിച്ചു.
“ഒന്നുല്ല നന്ദുവേട്ടാ.. വെറുതെ ഓരോന്ന് ഓർത്തുപോയതാ”
അഞ്‌ജലി കണ്ണുകൾ അടച്ചുകൊണ്ടു പറഞ്ഞു.അഞ്‌ജലി എന്തോ ഒളിക്കുന്നുണ്ടെന്നു അവനു തോന്നി.
ഒരുപക്ഷെ പഴയ ഓർമകളുടെ ഒരു വേലിയേറ്റം തന്നെ ഇപ്പൊ അവളുടെ മനസ്സിൽ നടക്കുന്നുണ്ടായിരിക്കുമെന്നു അവൻ ഊഹിച്ചു. ഏതായാലും അവൾ കുറച്ചു സമയം ഈ ഒരു അന്തരീക്ഷത്തിൽ എല്ലാം മറന്നിരിക്കട്ടെ എന്ന് അവൻ തീരുമാനിച്ചു.