“നന്ദുവേട്ടാ എന്താ ഒരു ചുറ്റിക്കളി? ”
തിരിഞ്ഞു നോക്കാതെ പുറത്തേക്ക് കണ്ണും നട്ട് അഞ്‌ജലി ചോദിച്ചു.
“എന്റെ പൊന്നോ ഇതെങ്ങനെ ? ”
അത്ഭുതത്തോടെ അനന്തു ചോദിച്ചു.
“എനിക്ക് സിക്‌സ്ത് സെൻസ് ഉണ്ടല്ലോ അതാ”
അഞ്‌ജലി മുഖം വെട്ടിച്ചു അവനെ നോക്കി.
“ഇയാൾ ആരാ ഏഴാം അറിവിലെ ബോധിധർമനോ? ”
അനന്തു കളിയാക്കുന്ന മട്ടിൽ ചോദിച്ചു.
“അതേ വത്സാ…. നാം ബോധിധർമന്റെ പുനർജന്മം ആകുന്നു. നമ്മുടെ ശിഷ്യത്വം സ്വീകരിച്ചാലും ”
അഞ്‌ജലി അവനു നേരെ കൈപ്പത്തി ഉയർത്തി കാണിച്ചു അനുഗ്രഹിക്കുവാനായി ഒരുങ്ങി.
“ബോധിധർമ്മാ… എനിക്ക് മറ്റേ ആ പൊടിപടലങ്ങളും കാറ്റും ഒക്കെ കൈകൊണ്ട് കറക്കി വിടാൻ പഠിപ്പിക്കുമോ ? ”
അനന്തു കണ്ണിറുക്കികൊണ്ട് പറഞ്ഞു.
“നാം പഠിപ്പിക്കാം വത്സാ ”
അഞ്‌ജലി ചുണ്ടിൽ തത്തി വന്ന ചിരി കടിച്ചു പിടിച്ചു അവന്റെ തലയിൽ കൈ വച്ചു അനുഗ്രഹിച്ചു.
“ബോധിധർമൻ നീണാൾ വാഴ്ക ”
അനന്തു കൈകൾ കൂപ്പി കൊണ്ടു പറഞ്ഞു.
നിയന്ത്രണം വിട്ട അഞ്ജലി പൊട്ടിചിരിച്ചു.അനന്തു കസേരയിലേക്ക് ചാഞ്ഞിരുന്ന് അവളെ നോക്കി.
“എന്താ ഇവിടെ പരുപാടി? ”
അനന്തുവിന്റെ ചോദ്യം കേട്ട് അഞ്ജലി അല്പ നേരം അവനെ നോക്കി. അതിനു ശേഷം വിദൂരതയിലേക്ക് കണ്ണ് നട്ടിരുന്നു.
“ഒന്നുല്ല നന്ദുവേട്ടാ… ഞാൻ വെറുതെ പുറത്തെ കാഴ്ചകൾ ഒക്കെ കണ്ടിരിക്കുവായിരുന്നു. ”
“അഞ്‌ജലി പുറത്തോട്ട് ഇറങ്ങിയിട്ട് ഇപ്പൊ എത്ര കാലമായി? ”
“ഞാൻ കഴിഞ്ഞ കൊല്ലം എങ്ങാണ്ട് ഇറങ്ങിയതാ… പിന്നെ ഇറങ്ങിയിട്ടില്ല.”
അഞ്ജലിയുടെ ചിലമ്പിച്ച സ്വരത്തിലുള്ള മറുപടി അവന്റെ കാതിൽ പതിഞ്ഞു.വല്ലാത്തൊരു നിസ്സഹായാവസ്ഥ ആ കണ്ണുകളിൽ അവനു കാണാൻ കഴിഞ്ഞു.
ഈ മുറിയുടെ 4 ചുവരിനുള്ളിൽ ഒതുങ്ങി കൂടാൻ വിധിക്കപ്പെട്ടൊരു പെണ്മനസിന്റെ ശപിക്കപ്പെട്ട ജന്മത്തെ അവൻ നോക്കി കാണുകയായിരുന്നു.
അനന്തു അവളുടെ കയ്യിൽ മുറുകെ പിടിച്ചു.കൂടെയുണ്ട് എന്ന് അവൻ മിഴികൾ ചിമ്മി കാണിച്ചു. അഞ്‌ജലി ഒരു ചിരിയോടെ പുറത്തേക്ക് കണ്ണുകൾ നട്ടു.
“നമുക്ക് ഒന്നു പുറത്തേക്കൊക്കെ പോയി വന്നാലോ? “