മിനിറ്റുകൾ നീണ്ട മൂകതയ്ക്ക് വിരാമമിട്ടത് അവൾ തന്നെ ആയിരുന്നു.
“ഞാനിന്നു ജയിലിൽ അവനെ കാണാൻ പോയതാ ഹരി…”
പെട്ടെന്ന് ഞെട്ടി അവളെ നോക്കാൻ ഉയർന്ന എന്നെ അമർത്തി കെട്ടിപ്പിടിച്ചു അവൾ കൂടെ തന്നെ ഇരുത്തി.
“ഞാൻ പറഞ്ഞു തീരുന്ന വരെ ഒന്നും എന്നോട് ചോദിക്കല്ലേ ഹരി. പ്ലീസ്…എനിക്ക് ഇങ്ങനെ നിന്നോട് ചേർന്ന് ഇരുന്നല്ലാതെ അത് പറഞ്ഞു തീർക്കാൻ ആവില്ല, എന്റെ അടുത്തൂന്ന് പോവല്ലേ ഹരി….പ്ലീസ്….”
ഞാൻ അനങ്ങാതെ ഇരുന്നു കൊടുത്തതോടെ വസൂ വീണ്ടും പറഞ്ഞു തുടങ്ങി.
“നീ ഇപ്പോൾ എല്ലാം അറിഞ്ഞല്ലോ അതോണ്ട് അവനുമായിട്ടുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കാനായി മീനുവിന് വേണ്ടി ഡിവോഴ്‌സ് വാങ്ങാനാ ഞാൻ പോയത്. മീനുവിനു മാനസിക പ്രശ്നമുള്ളത് കൊണ്ട് അവന്റെ കൺസെന്റു കിട്ടിയാൽ എളുപ്പമാവൂല്ലോ എന്ന് കരുതിയാ ഞാൻ പോയി കാണാന്ന് വെച്ചത്. പ്രതീക്ഷയില്ലായിരുന്നു എങ്കിലും പണമെന്തെങ്കിലും ഓഫർ ചെയ്തിട്ടാണെങ്കിലും അവനെ കൊണ്ട് സമ്മതിപ്പിക്കാം എന്ന് ഞാൻ കരുതിയിരുന്നു.
പക്ഷെ അവിടുന്ന് അറിഞ്ഞതെല്ലാം എനിക്ക് താങ്ങാൻ പറ്റിയില്ല ഹരി….”
വസൂ വീണ്ടും വിങ്ങിപൊട്ടാൻ തുടങ്ങിയതും ഞാൻ രണ്ടു കൈകൊണ്ടും അവളെ ചുറ്റിപ്പിടിച്ചു എന്നിലേക്ക് കൂടുതൽ ചേർത്ത് മുതുകിൽ തലോടി അവളുടെ നെഞ്ചിലെ കനം കുറക്കാൻ നോക്കി.
“വസൂ…..”
എന്റെ വിളിയിൽ കരച്ചിലടക്കി ഒന്ന് മൂളിയ അവൾ പതിയെ വീണ്ടും പറഞ്ഞു തുടങ്ങി.
“അവൻ എന്നെ കണ്ടത് മുതൽ നോക്കിയ നോട്ടം മുഴുവൻ ദേഹത്ത് പുഴുവരിക്കുന്ന പോലെയാണ് തോന്നിയത്. അവന്റെ കണ്ണുകൾ ചൂഴ്ന്നു ദേഹത്തേക്ക് ഇറങ്ങുമ്പോൾ പലപ്പോഴും എനിക്കവിടുന്നു പോയാൽ മതി എന്ന് തോന്നിപ്പോയി, പിന്നെ മീനൂട്ടിയെ ഓർത്തിട്ടാ ഞാൻ അവനോടു കാര്യങ്ങൾ പറഞ്ഞത്. ഞങ്ങൾക്കിടയിൽ ആഹ് ഗ്രിൽ ഇല്ലായിരുന്നെങ്കിൽ, സത്യമായിട്ടും അവൻ ചിലപ്പോൾ എന്നെ…………………..
ഞാൻ അപ്പോൾ ചിന്തിച്ചത് മുഴുവൻ മീനുട്ടിയേം ഹേമേട്ടത്തിയേം പറ്റി ആയിരുന്നു. ഇതുപോലൊരു പേ നായയോടൊപ്പം കഴിഞ്ഞ അവർ എത്ര അനുഭവിച്ചിട്ടുണ്ടാവും. കാര്യം പറഞ്ഞ എന്നെ നോക്കി അവൻ പുച്ഛ ചിരി ചിരിച്ചു. പിന്നീട് അവൻ പറഞ്ഞ കാര്യങ്ങൾ എന്നെ ഉടച്ചു കളഞ്ഞു.
അവന്റെ പാർട്ണേഴ്‌സ് ആണ് ജഗനും ജീവനും, ഒരിക്കൽ എന്റെ ശരീരം തേടി ഇവിടെ എത്തിയ രണ്ട് പേ പട്ടികൾ. അവർ കൊന്നു കളഞ്ഞതാടാ എന്റെ ഈശ്വറിനെ………”
പറഞ്ഞു തീർന്നതും പൊട്ടികരഞ്ഞു കൊണ്ട് വസൂ എന്റെ മടിയിലേക്ക് വീണു.
ഒരു നിമിഷം എനിക്കും മനസ്സ് കൈ വിട്ടു പോയി. രക്തം പോലും മറന്നു അങ്ങനൊരു പാതകം അവർ ചെയ്യുമോ.എന്തിന്.