യുഗം 12 [Achilies]

Posted by

അവളുടെ കവിളിൽ പതിയെ പിടിച്ചാട്ടിക്കൊണ്ട് ഞാൻ ചോദിച്ചു.

“അമ്മേന്ന് വിളിച്ചൂടെ, ഏടത്തിക്കും അത് സന്തോഷാവും, മീനൂട്ടിയോ വിളിക്കുന്നില്ല.”

“അയ്യേ അതൊന്നും ശെരിയാവുല്ല………..വേണേൽ നീ ഒക്കെ വിളിക്കുമ്പോലെ ഏടത്തീന്ന് വിളിക്കാം…”

ഒടുക്കം അത് സമ്മതിച്ചു എന്ന പോലെ തലയാട്ടി ചിരിച്ചു.

“എങ്കിൽ എന്റെ കൊച്ചിവിടെ അടങ്ങി ഇരുന്നോട്ടോ ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വരാം..”

ഞാൻ റൂമിലേക്ക് കയറാൻ തുടങ്ങിയപ്പോൾ പിറകെ വാല് പോലെ കൂടാൻ വന്ന ഗംഗയെ പിടിച്ചു സോഫയിൽ തന്നെ ഇരുത്തി ഞാൻ റൂമിലേക്ക് കയറി.
ബാത്‌റൂമിൽ കയറി ഒന്ന് കുളിച്ചു,..തലയിലൂടെ തണുപ്പ് അരിച്ചിറങ്ങിയപ്പോൾ വല്ലാത്ത ഒരാശ്വാസം, പക്ഷെ ഇനി അറിയാനുള്ള കാര്യങ്ങളെ കുറിച്ചാലോചിക്കുമ്പോൾ തല ചെറുതായി പെരുക്കുന്നുണ്ട്.
പുറത്തു റൂമിന്റെ വാതിൽ അടയുന്ന ശബ്ദം കേട്ടാണ് ഞാൻ ഷവർ ഓഫാക്കിയത്.
പെണ്ണിനിനി ഇരിക്ക പൊറുതി കിട്ടാതെ കേറിയതാവും എന്ന് കരുതി ടവ്വലും ചുറ്റി പുറത്തിറങ്ങിയപ്പോൾ ഗംഗ ആയിരുന്നില്ല കട്ടിലിൽ, കൂഞ്ഞി കൂടി തല മുട്ടുകാലിൽ കുത്തി ഇരിക്കുന്ന വസൂ,…
സാരി മാറ്റിയിട്ടില്ല ,ആഹ് ഇരുപ്പിൽ ഒരു പന്തി കേട് എനിക്ക് തോന്നി.

“വസൂ…..”

ഞാൻ വിളിച്ചതും പെട്ടെന്ന് ഞെട്ടിയ അവൾ മുഖമുയർത്തി എന്നെ നോക്കി. കണ്ണുകൾ കരഞ്ഞു കലങ്ങിയിരുന്നു, ഏങ്ങലടിയും കേൾക്കാൻ തുടങ്ങിയതും, എനിക്കാകെ വല്ലാതായി, വസൂ ഗംഗയെ പോലെ അല്ല വളരെ ബോൾഡ് ആണ് അവളിങ്ങനെ കരയുന്നത് കാണുന്നത് എനിക്കും അമ്പരപ്പാണ് ഉണ്ടാക്കിയത്.
ഉളിൽ സങ്കടവും അത് പോലെ പേടിയും നിറയാൻ തുടങ്ങി.

“വസൂ എന്താ പറ്റിയെ എന്തിനാ നീ കരേണേ…..”

ഉള്ളിൽ പിടിയുന്നുണ്ടെങ്കിലും സ്വരം ദൃഢമാക്കാൻ ഞാൻ പരമാവധി ശ്രെമിച്ചിരുന്നു.
തൊട്ടടുത്ത നിമിഷം കടൽപോലെ ആർത്തലച്ചു എന്നിലേക്ക് വരുന്ന വസുവിനെ ആണ് ഞാൻ കണ്ടത്.
എന്റെ നെഞ്ചിലേക്ക് വീണു നിലവിളിക്കുന്ന വസുവിനെ എങ്ങനെ ആശ്വാസിപ്പിക്കണം എന്നറിയാത്ത പകപ്പിൽ ആയി ഞാനും. കുറച്ചു നേരം പെയ്തൊഴിയട്ടെ എന്ന് കരുതി മുടിയിൽ തഴുകി അവളെ ചേർത്ത് പിടിച്ച് ഞാൻ നിന്നു.
എങ്ങലടിയുടെ താളം കുറഞ്ഞു ശ്വാസം പതിയെ ആയപ്പോൾ അവളെയും താങ്ങി പിടിച്ചു ഞാൻ കട്ടിലിലേക്കിരുന്നു, വസൂ അപ്പോഴും എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി കണ്ണീർ വാർക്കുകയായിരുന്നു.

“മതി പെണ്ണെ ഒരായുസ്സിലേക്കുള്ളത് നീ എന്നോ കരഞ്ഞു തീർത്തതല്ലേ, ഇനിയും ബാക്കി ഉണ്ടോ….”

മറുപടി ഇല്ലായിരുന്നു എങ്കിലും കരച്ചിലിന് ഒരു ശമനം വന്നു.
പതിയെ അവളുടെ മുഖം ഇത്തിരി ബലം പിടിച്ചാണെങ്കിലും ഞാൻ ഉയർത്തി. ചുവന്നു കലങ്ങി കിടക്കുന്ന കണ്ണുകൾ. വിറക്കുന്ന കവിൾത്തടങ്ങളിൽ ചുവപ്പു രാശി.

“എന്താടോ പറ്റിയെ ഇനിയും എന്നോട് പറയാൻ നിനക്കെന്താ പേടി…”

ഞാൻ ചോദിച്ചത് മുഴുവൻ എന്റെ കണ്ണിലുറ്റു നോക്കി അവൾ കേട്ടിരുന്നു പിന്നെ പതിയെ വീണ്ടും എന്റെ നെഞ്ചിലേക്ക് ചാഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *