“സർ, ഞാൻ കൃഷ്ണദാസ്. ഇന്ത്യയിലെ കേരളത്തിൽ…..” കൃഷ്ണദാസ് ഇത്ര പറഞ്ഞപ്പോളേക്കും ആന്റണി നിർത്താൻ ആംഗ്യം കാണിച്ചു.
“കേരളത്തിൽ നിന്ന്, ഇലഞ്ഞിക്കൽ എന്നാണു വീട്ടു പേര്, വീട്ടിൽ അച്ഛൻ, അമ്മ പിന്നെ ഒരു അനിയത്തി, അച്ഛൻ നാട്ടിൽ അറിയപ്പെടുന്ന ആളാണ്, ഒരു ചെറിയ ഫ്യൂഡൽ പ്രഭു. ധാരാളം സ്വത്തും സ്ഥലവും ഉണ്ട്, പക്ഷെ നീ എന്ത് കൊണ്ടോ വീട്ടിൽ നിൽക്കാൻ ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ട് ഇവിടെ പഠിക്കാൻ വന്നു, പിന്നെ തിരിച്ചു പോയില്ല. ഇവിടെ ജോൺ എന്ന അടുത്ത കൂട്ടുകാരൻ. പിന്നെ ജിമ്മിൽ ജോലി ചെയ്യുന്നു” ഇതിൽ കൂടുതൽ എന്തെങ്കിലും ഉണ്ടോ, ആന്റണി ചോദിച്ചു?
കൃഷ്ണദാസ് ആകെ അമ്പരന്നു. ഇതൊക്കെ ഇയാൾക്ക് എങ്ങനെ മനസ്സിലായി ?
“ഞെട്ടേണ്ട, എൻ്റെ പേരക്കുട്ടി ഇഷ്ടപ്പെടുന്ന ആളിൻ്റെ മുഴുവൻ ചരിത്രമറിയാതെ ഇതൊക്കെ ഇത്രകാലം കൊണ്ട് നടക്കാൻ ഞാൻ സമ്മതിക്കുമെന്ന് തോന്നുണ്ടോ? നീ കുഴപ്പക്കാരനല്ല എന്നുറപ്പുള്ളതു കൊണ്ടാണ്.. അല്ലേൽ ഞാനൊന്ന് വിരൽ ഞൊടിച്ചാൽ പിന്നെ നീ ഈ ഭൂമുഖത്തു നിന്നേ അപ്രത്യക്ഷമാകും.” ആന്റണി പറഞ്ഞു.
“നമുക്ക് ഇവിടെ കുറച്ചിരിക്കാം” ആന്റണി അവിടെയുള്ള ഒരു ബെഞ്ചിൽ ഇരുന്നു. കൃഷ്ണദാസ് അയാൾക്കരികേ ഇരുന്നു.
“നിനക്ക് ഞങ്ങളുടെ കുടുംബ ബിസിനെസ്സിനെ കുറിച്ചറിയാമോ” ആന്റണി ചോദിച്ചു.
“കുറച്ചൊക്കെ” അവൻ മറുപടി പറഞ്ഞു.
“യൂറോപ്പ് മുഴുവൻ ഡ്രഗ്സ് സപ്ലൈ ചെയ്യുന്നത് ഞങ്ങളാണ്. പിന്നെ ഏഷ്യയിൽ നിന്നും മറ്റും ആളുകളെ കടത്തുന്നതും ഞങ്ങളാണ് കൺട്രോൾ ചെയ്യുന്നത്. കൂടാതെ ആയുധങ്ങൾ അങ്ങനെ പലതും. പല തീവ്രവാദി ഗ്രൂപ്പുകളും ഞങ്ങളുടെ കയ്യിൽ നിന്നാണ് ആയ്യധം വാങ്ങുന്നത്” ആന്റണി പറഞ്ഞു നിർത്തി.
“അപ്പോൾ പോലീസുമായി പ്രശ്നമൊന്നുമില്ലേ?” അവൻ ആശ്ചര്യത്തോടെ ചോദിച്ചു
ഉറക്കെയുള്ള ഒരു ചിരിയായിരുന്നു അതിനു മറുപടി.
“”ഈ ലോകത്തിന് ഒരു ബാലൻസ് ആവശ്യമാണ്. ഞങ്ങൾ ഇല്ലെങ്കിൽ എന്ത് സംഭവിക്കുമെന്ന് ആലോചിച്ചിട്ടുണ്ടോ? റഷ്യൻസ്, ചൈനീസ്, അർമേനിയൻ, കറാച്ചി മാഫിയകൾ ഈ ബിസിനെസ്സ് കണ്ട്രോൾ ചെയ്യും. കൊളംബിയൻ കാർട്ടൽ നേരിട്ട് ഇവിടെ മയക്ക് മരുന്ന് ഇറക്കും. ഇന്റർപോളിനും മറ്റു പോലീസ് ഫോഴ്‌സിനും അവരെ കണ്ട്രോൾ ചെയ്യാൻ പറ്റില്ല. അപ്പോൾ അവർക്കാവശ്യം നമ്മൾ ഈ ബിസിനെസ്സിൽ നില നിൽക്കുക എന്നതാണ്” ഇതും പറഞ്ഞ് ആന്റണി സിഗാർ ഒന്നാഞ്ഞു വലിച്ചു.
“എമിലിയുടെ അച്ഛൻ പീറ്റർ ഇറ്റലിയിൽ പോയതാണ്. അവനാണ് എൻ്റെ മൂത്ത മകൻ, അവൻ്റെ അനിയൻ ആണ് അമേരിക്കയിൽ നമ്മളുടെ ബിസിനെസ്സ് നോക്കുന്നത്. പീറ്ററാണ് എനിക്ക് ശേഷം അടുത്ത ഗോഡ് ഫാദർ. അവനു ശേഷം എമിലി” ആന്റണി പറഞ്ഞു നിർത്തി.