മകൻ ലണ്ടനിൽ പോയി പഠിച്ചു വന്നാൽ ഉയർന്ന തറവാട്ടിൽ നിന്നും അവനു സംബന്ധവും മറ്റു അഭിവൃധികളും അയാൾ മനസ്സിൽ കണ്ടു. ഇൻഗ്ലണ്ടിലെ ഒരു കോളേജിൽ അഡ്‌മിഷനും സ്റ്റുഡന്റ് വിസയും ശരിയായപ്പോൾ തന്നെ അവൻ വീട് വിട്ടിറങ്ങി.
ലണ്ടനിലെ ഹീത്രോ എയർപോർട്ടിൽ വിമാനം ഇറങ്ങാനുള്ള അന്നൗൺസ്‌മെന്റ് കേട്ടപ്പോളാണ് കൃഷ്ണദാസ് ഓർമകളിൽ നിന്നും തിരിച്ചു വന്നത്. എയർപോർട്ടിൽ ജോൺ അവനെ കാത്തു നിൽപ്പുണ്ടായിരുന്നു. ഇന്ഗ്ലണ്ടിലെ മരം കോച്ചുന്ന തണുപ്പും പൊടി മഴയും കൃഷ്ണദാസിന് പുതുമയായിരുന്നു.
ജോൺ: അവസാനം നീ എത്തി അല്ലേ. ഞാൻ വിചാരിച്ചു അവസാന നിമിഷം നീ കാലു മാറുമെന്ന്.
കൃഷ്ണദാസ്: എടാ, അവിടുന്ന് എങ്ങനെയെങ്കിലും രക്ഷപ്പെട്ടാ മതി എന്നായിരുന്നു എനിക്ക്. ഇനി ഏതായാലും ഇവിടെത്തന്നെ.
ജോൺ: ശരി ശരി, വേഗം പോകാം. അമ്മയും അപ്പനും വീട്ടിൽ കാത്തിരുപ്പുണ്ട്. നിനക്ക് നല്ല വിശപ്പ് കാണുമല്ലോ?
കൃഷ്ണദാസ്: ഉണ്ട് മോനെ, നല്ല ഉറക്കവും വരുന്നുണ്ട്. പക്ഷെ ആദ്യം ഒന്ന് നന്നായി കുളിക്കണം.
ജോൺ: ഹ ഹ.. നിൻ്റെ നാട്ടിലെ മൂന്നു നേരം കുളിയൊന്നും ഇനി നടക്കില്ല. ഇവിടുത്തെ തണുപ്പിൽ ഒരു നേരം പോലും കുളിക്കാൻ തോന്നില്ല. പിന്നെ പെർഫ്യൂം ഒക്കെ അടിച്ചു അഡ്ജസ്റ് ചെയ്യാം.
കൃഷ്ണദാസ്: ശരി ശരി… പോകാം. എനിക്ക് നീ ഒരു ചെറിയ റൂം ശരിയാക്കി തരണം, പിന്നെ ഒരു പാർട്ട് ടൈം ജോലിയും. നിങ്ങളെ കുറേക്കാലം ബുദ്ധിമുട്ടിക്കാൻ പറ്റില്ല.
ജോൺ: പോടേയ്.. അതൊക്കെ പിന്നെ. ഇപ്പൊ വീട്ടിൽ പോകാം.
വീട്ടിലെത്തിയ അവരെ ജോണിൻ്റെ അമ്മയും അപ്പനും ഹൃദ്യമായി സ്വീകരിച്ചു. ക്രമേണ കൃഷ്ണദാസ് അവിടത്തെ രീതികളുമായി പൊരുത്തപ്പെട്ടു.
കോളേജിലെ പ്രവർത്തന രീതികളും അവനു ഹൃദ്യമായി.
ഉച്ച വരെ മാത്രം ക്ലാസുകൾ ഉള്ളതിനാൽ കൃഷ്ണദാസ് പാർട്ട് ടൈം ജോലി അന്വേഷിക്കാൻ തുടങ്ങി. ഒരു ദിവസം ഒരു ജിമ്മിൽ ഉള്ള ഒഴിവിനെ കുറിച്ച് വന്ന പരസ്യം അവൻ ശ്രദ്ധിച്ചു. ആ ജോലിക്ക് ശ്രമിക്കാൻ കൃഷ്ണദാസ് അവിടേക്ക് ചെന്നു.
ജിമ്മിലെത്തിയ കൃഷ്ണദാസ് അവിടെയുള്ള റിസെപ്ഷനിസ്റ്റിനോട് കാര്യം പറഞ്ഞപ്പോൾ അവനെ മാനേജരുടെ അടുത്തേക്ക് വിട്ടു. തുടക്കത്തിൽ മാനേജർ വലിയ താല്പര്യം കാണിച്ചില്ലെങ്കിലും കൃഷ്ണദാസിൻ്റെ കായികക്ഷമതയും അഭിരുചിയും അയാളുടെ മനസ്സ് മാറ്റി. അങ്ങനെ കൃഷ്ണദാസ് ആ ജിമ്മിൽ ജോലി ആരംഭിച്ചു.
കുറച്ചു കാലങ്ങൾ കൊണ്ട് ജിമ്മിലെ ജോലിയും മറ്റു ചെറുകിട ജോലികൾ കൊണ്ടും കൃഷ്ണദാസിന് ഒരു ചെറിയ റൂം വാടകക്ക് സംഘടിപ്പിക്കാനായി. തൈമ്സ് നദിയുടെ കരയിൽ നദിയിലേക്ക് ഉന്തി നിൽക്കുന്ന ആ കൊച്ചു അപാർട്മെന്റ് അവന് വളരെ ഇഷ്ടപ്പെട്ടു. തൈമ്സ് നദിയിലേക്ക് തള്ളി നിൽക്കുന്ന ബാൽക്കണിയിൽ സമയം ചിലവഴിക്കാൻ അവനു വളരെ ഇഷ്ടമായിരുന്നു.