“അത് കൊണ്ട് തന്നെ എമിലിയെ കല്യാണം കഴിക്കുന്നതിനു ചില നിബന്ധനയൊക്കെയുണ്ട്”.
കൃഷ്ണദാസ് ആകെ സന്ദേഹത്തിലായി. ഈ സംഭാഷണം എങ്ങോട്ടാണ് പോകുന്നതെന്ന് അവൻ അത്ഭുതപ്പെട്ടു.
“എമിലിയെ നിനക്ക് കല്യാണം കഴിക്കണമെങ്കിൽ നീ ഞങ്ങളുടെ കുടുംബത്തിൽ ചേരണം, കുടുംബമെന്ന് പറഞ്ഞാൽ നമ്മുടെ ബിസിനെസ്സിലും. നീ ആലോചിച്ചു തീരുമാനിക്കണം. ഒരിക്കൽ ചേർന്നാൽ പിന്നെ ഒരു തിരിച്ചു പോക്കില്ല.”
അന്നത്തെ ഡിന്നറിനു ശേഷം കൃഷ്ണദാസ് ആകെ വിഷമത്തിലായി. ഒടുവിൽ എമിലിയോടുള്ള അഗാധമായ സ്നേഹം കാരണം അവൻ സമ്മതിച്ചു. ആന്റണി ഒരിക്കൽ കൂടി അവനെ വിളിപ്പിച്ചു.
“എനിക്ക് നിങ്ങളുടെ വിവാഹം പെട്ടെന്ന് നടത്തണം.എനിക്ക് ഇനി അധിക കാലം ഇല്ല. കാൻസർ എപ്പോൾ വേണമെങ്കിലും എൻ്റെ ജീവനെടുക്കാം. അതിനു മുൻപ് നിങ്ങൾ വിവാഹിതരാകണം” അയാൾ കൃഷ്ണദാസിനോട് പറഞ്ഞു.
കൃഷ്ണദാസിനും അതിനു സമ്മതമായിരുന്നു. അപ്പോളാണ് നാട്ടിൽ നിന്നും അച്ഛൻ കൊല്ലപ്പെട്ട വിവരം അവൻ അറിഞ്ഞത്. അമ്മയെയും അനിയത്തിയേയും കുറിച്ച് വേവലാതിപ്പെട്ട അവൻ പെട്ടെന്ന് നാട്ടിലേക്ക് തിരിച്ചു.
നാട്ടിൽ ക്രിയകൾക്കു ശേഷം അച്ഛൻ വരുത്തിയ കടങ്ങളെക്കുറിച്ചു കൃഷ്ണദാസിന് ബോധ്യം വന്നു. അവൻ തിരികെ ഇംഗ്ലണ്ടിൽ എത്തി കടം വീട്ടാനുള്ള കാശ് അയക്കാൻ തീരുമാനിച്ചു. അവൻ അമ്മയോടും അനിയത്തിയോടും എമിലിയെ കുറിച്ചോ അവളുടെ കുടുംബത്തെ കുറിച്ചോ ഒന്നും പറഞ്ഞില്ല. സമയമാകുമ്പോൾ പറയാം എന്ന് കരുതി.
തിരികെ ഇംഗണ്ടിൽ എത്തിയ അവനെ വരവേറ്റത് എമിലി ഗർഭിണിയാണെന്ന സന്തോഷ വാർത്ത ആയിരുന്നു. കൃഷ്ണദാസ് എത്രയും പെട്ടെന്ന് അവളെ വിവാഹം കഴിക്കാൻ തീരുമാനിച്ചു.
എമിലിയെ പ്രൊപ്പോസ് ചെയ്യാൻ ഒരു മോതിരം വാങ്ങി. എമിലി അപ്പാർട്മെന്റിൽ എത്തിയപ്പോൾ ബാൽക്കണിയിൽ കാത്തു നിൽക്കുന്ന അവൻ്റെ അടുത്തേക്ക് പുഞ്ചിരിച്ചു കൊണ്ട് നടന്നു വന്നു. അവളെ പ്രൊപ്പോസ് ചെയ്യാൻ അവൻ മോതിരം പോക്കറ്റിൽ നിന്നെടുത്ത് മുട്ടുകാലിൽ നിൽക്കാൻ കുനിഞ്ഞപ്പോൾ അവൻ്റെ തലയ്ക്കു മുകളിലൂടെ ഒരു വെടിയുണ്ട ചീറിവന്ന് എമിലിയുടെ നെഞ്ചിൽ തറച്ചു. എമിലി വെട്ടേറ്റ പോലെ നിലത്തു വീണു. അവളുടെ നെഞ്ചിൽ നിന്നും ചോര ഒഴുകി. പെട്ടെന്നുള്ള ഞെട്ടലിൽ തിരിഞ്ഞ കൃഷ്ണദാസിന്റെ ചുമലിൽ അടുത്ത വെടിയേറ്റു ബാൽക്കണിയിൽ നിന്നും താഴെ പുഴയിലേക്ക് വീണു.
തുടരും…..