നിൽക്കാതെ… ഭ്രമണചക്രങ്ങളിൽ അതിൻറെ ശുഭയാത്ര നിർവിഘ്‌നം തുടർന്നു. ഋതുക്കൾ കാലഗതികളിൽ യാതൊരു മുടക്കവും വരുത്താതെ… ഓരോന്ന് ഓരോന്നായി ക്രമം പാലിച്ചു മുളവച്ചു , വിടർന്നു തളർന്നു കൊഴിഞ്ഞു ജീർണ്ണിച്ചു വന്നുപോയ്കൊണ്ടിരുന്നു. മാസങ്ങൾ, വർഷങ്ങൾ അതിനനുസൃണം നിരനിരയായി പൊഴിഞ്ഞു വീണും ഇരുന്നു. വര്ഷത്തിനും കാലത്തിനും ഒപ്പം ചുറ്റുമുള്ള സംഭവബഹുലമാർന്ന വർണ്ണ ലോകവും മാറി മറിഞ്ഞുകൊണ്ടിരുന്നു. ”രണ്ടായിരത്തി പത്തിൽ” നിന്ന് ”പതിനഞ്ച്” കാലയളവിലേക്ക് കടന്നപ്പോൾ…വാർത്താവിതരണവും മറ്റുംപോലെ ആധുനികത കൈവരിച്ച വ്യക്തിപരം ആശയവിതരണ സംവിധാനങ്ങൾ ഇന്റർനെറ്റ് എന്ന സാർവലൗകിക ദൃശ്യ-ശ്രവ്യ സങ്കേതത്തിൻറെ കീഴിൽ വൻ ”വലകണ്ണികൾ” കോർത്ത് കഴിഞ്ഞിരുന്നു. അത് ലോകത്തിൻറെ വിഭിന്ന കോണുകളിൽ വിവിധവിഭാഗം ജനങ്ങളേയും ഒരേ സമയം ഒരേ നൂലിൽ ചേർത്ത്, പരസ്‌പരം കോർത്തിണക്കി…നീണ്ട ചങ്ങലകണ്ണികളാക്കി മാറ്റി. മൂലവാക്യ-ദൃശ്യ-ശ്രവ്യ തത്സമയ-വാർത്ത- ചിത്ര സന്ദേശങ്ങളിലൂടെ അതിൻറെ മേച്ചിൽപ്പുറം ഏവരുടെയും ആശയ വിനോദോപാധ സൗഹൃദ ബന്ധങ്ങൾ ഒക്കെയും ദൃഢതരങ്ങളാക്കി . ഒരു കാലത്തെ വലിയ സുഹൃത്ബന്ധങ്ങളും അനശ്വര സംസർഗ്ഗങ്ങളും കെടാത്ത കൈത്തിരികളായി ഉള്ളിൽ കാത്തു സൂക്ഷിച്ചചിലർ . അനിവാര്യ വേർപിരിയലുകളിൽപ്പെട്ടു ചിതറിയകന്ന ക്യാമ്പസിലും തൊഴിലിടങ്ങളിലുംപെട്ട അനേകായിരങ്ങളെ അതിലൂടെ അങ്ങനെ ഓരോരോ ചങ്ങലകളിൽ കണ്ണികളായി ബന്ധിപ്പിച്ചു.
”ഓർക്കുട്ട്” കഴിഞ്ഞെത്തിയ ”മുഖപുസ്തക” കൂട്ടായ്മയിൽ നിന്ന് തുടങ്ങിയ സമ്പർക്കങ്ങൾ…പിറകെ കടന്നുവന്ന അനേക ”സല്ലാപജാലകങ്ങൾ” പിന്തുടർന്ന്…”ഉൾവല”യിലെ ധാരാളം ” സൊറപറയൽ ””ആപ്പ്”കളിൽ ചെന്നെത്തി. അവിടുന്ന് പതുക്കെ ”വാട്ട്സ്ആപ്പ്” എന്ന ഭീമൻ ബഹുമുഖ സോഫ്റ്റ്‌വെയർ ആപ്പിലേക്ക് ചേക്കേറിയപ്പോൾ പലർക്കും അതിനൊപ്പം ഓടിനീങ്ങാൻ സ്വജീവിതം തന്നെ പുനഃക്രമീകരിക്കേണ്ടി വന്നു. അത് പുതിയ നൂറ്റാണ്ടിലെ വലിയ മാറ്റത്തിലേക്കുള്ള ശംഖൊലി ആയിരുന്നു. ഔദ്യോഗികവും വ്യക്തിപരവും ….കാലികവും പുരാതനവും ആയ നിരവധി വൃത്താന്തങ്ങളുടെയും വിവര സാങ്കേതകത്വങ്ങളുടെയും നിറ കമ്പോളമായി മാറുകയായിരുന്നു അവിടം. അതിൽക്കൂടി വിപണന മൂല്യമുള്ള ഒട്ടനേകം വിനിമയ സങ്കേതങ്ങൾ പല രൂപഭാവങ്ങളിൽ നേരിട്ടുള്ള കൊടുക്കൽ വാങ്ങലുകളുടെ ബൃഹത് പ്രപഞ്ചം തന്നെ ഒരുക്കി. ലോകം അതിലേക്ക് ചുരുങ്ങി നീങ്ങി വന്നപ്പോൾ…വേർപ്പെട്ടു നിന്നവർ, അഭിയുടെയും കലാലയ കൂട്ടുകാർ വരെ …കൂട്ടായ്മകളിൽ നിന്ന് കൂട്ടായ്‌മ പിന്നിട്ട്…അതിലേക്ക് ഒഴുകി വന്നടിഞ്ഞു. സ്വാഭാവികമായി ‘ വിത്തും വേരും അന്തരാളങ്ങളും ചികഞ്ഞു, കുഴിച്ചു കണ്ടെത്തി…അവർ അഭിയിലേക്കും എത്തി നൂഴ്ന്നിറങ്ങി.കണ്ണിയായ് അണിചേരാൻ ആവശ്യപ്പെട്ടു. പുതിയ കാലത്തിൽ പതിയിരിക്കുന്ന പുതിയ കെണികളെയും ചതിക്കുഴികളെയും കുറിച്ച് തെല്ലും അവബോധം ഉള്ളിൽ ഇല്ലാതിരുന്ന അവൻ…ശരിക്കും മടിച്ചു പുതിയലോക കൂട്ടുകെട്ടുകളിൽ ചെന്ന് അകപ്പെടാൻ. ഓരോ ഘട്ടത്തിലും ഓരോ ആൾക്കാരോടും ഓരോരോ ഒഴിവ്കഴിവുകൾ നിരത്തി അഭി ഒഴിഞ്ഞുമാറി നടന്നുകൊണ്ടേയിരുന്നു.
ദൂര ലോകജാലകങ്ങൾക്കൊത്തുചേർന്ന്….ദുബായിലും പുരോഗതി കൈവരിച്ച ജനസമൂഹം നവീകരിച്ച സമകാലികതയിലൂടെ പുതിയ ഉയരങ്ങൾ കീഴടക്കി. നാളുകൾ പിന്നീടവേ…പഴയ സൗഹൃദങ്ങളുടെ ഇടമുറിയാതുള്ള സാമിപ്യസ്വാധീനം അഭിയിലും ചെറുചലനങ്ങൾ ഉണ്ടാക്കി. അത് ചിരപുരാതന ചങ്ങാതിമാരുടെ അതിതീവ്ര സൗഹൃദങ്ങൾ പുതുക്കാനും…പുതു വിശേഷങ്ങൾ അന്യോന്യം കൈമാറാനുമുള്ള കുഞ്ഞു ത്വര അവൻറെ ഉള്ളിലും ഉണർത്തി. തന്നിൽ അർപ്പിതമായിരുന്ന കർത്തവ്യനിർവ്വഹണം അതീവ ജാഗ്രതയോടെ മുന്നോട്ടു കൊണ്ടുപോകുമ്പോഴും…മുഴുവൻസമയ സജീവം അല്ലെങ്കിലും കൂട്ടായ്മയിൽ കുറേശ്ശെ അനുഭാവം പുലർത്തി ഒത്തുപോകാൻ അഭി ശ്രമിച്ചു. അതിൽക്കൂടി പഴയ സതീഥ്യർ എല്ലാവരുടെയും നല്ല ജോലി,മികച്ച സംബന്ധം,മിടുക്കരായ മക്കൾ തുടങ്ങിയ കെട്ടുറപ്പുള്ള സംതൃപ്ത കുടുംബജീവിതങ്ങളെ മുഴുവൻ ഒന്നൊന്നായി അവന് അടുത്തറിയാൻ കഴിഞ്ഞു.