പിന്നത് മാറി…അഭ്യർഥന,ഉപദേശങ്ങൾ…അങ്ങനെ, ശക്തമായ ആവലാതികൾ നിറഞ്ഞ ‘അടവുനയങ്ങൾ ‘മുഴുവൻ ഓരോന്നായി പുറത്തെടുത്തു മാറിമാറി അവനിൽ ”തത്തിക്ക് തത്തിക്കു” അവർ പ്രയോഗിച്ചു നോക്കി. ഒരു കണക്കിന് പറഞ്ഞാൽ…പണ്ട് ബോംബെ ജീവിത കാലത്തു നടമാടി, കയ്യൊഴിഞ്ഞ വന്യകാണ്ഡങ്ങളുടെ പുനരാവിഷ്‌ക്കാരം എന്ന് പറയാവുന്ന പഴയ ”ചർവ്വിതചർവ്വണ” പല്ലവികൾ. വീഞ്ഞ് പോലെ വീര്യവും പഴക്കവും ഏറിയതാണെങ്കിലും എല്ലാം ഒന്നോടെ, ഒരുകാലത്തു പിന്തള്ളി ഒഴിവാക്കിയത് ആയിരുന്നതിനാൽ …ആരുടെ ഒരു ഉപാധിക്കും അനുനയപ്പെടാൻ തയ്യാറായി അഭി നിന്നു കൊടുത്തില്ല. സർവ്വരോടും ആരംഭത്തിലേ തൻറെ വിയോജന അഭിപ്രായം തുറന്നറിയിച്ചു. ആരെയും അധികം അങ്ങോട്ടുകേറി ബന്ധപ്പെടുകയോ ?…ഒരു പരിധിക്കപ്പുറം ഇങ്ങോട്ട് വന്ന വിളികളെ പ്രോത്സാഹിപ്പിച്ചു മറുപടി കൊടുക്കാൻ തയ്യാറായതുമില്ല. അതോടെ നാട്ടിൽ നാനാ ചേരിയിൽ നിന്നുള്ള കല്പനകളുടെ കുന്തമുന ഉടഞ്ഞു, ആക്രമണശക്തികൾ നിഷ്‌ഫലമായി. പയ്യനെ അപേക്ഷാ നിവേദനങ്ങളും ആവശ്യകതാ മുന്നറിയിപ്പു൦ കുറഞ്ഞു മുരളലും മുറുമുറുക്കലും മാത്രമായി നാടും നാട്ടാരും ഒതുങ്ങി. അവൻറെ നിസ്സഹകരണ മനോഭാവത്തിന് പകരം അച്ഛനും അമ്മാവനും മറ്റു ബന്ധുക്കളും പതിയെ അടങ്ങി, പത്തിമടക്കി കുരിശുയുദ്ധം പ്രഖ്യാപിച്ചു തൽക്കാലത്തേക്ക് പിൻവാങ്ങി. മരുഭൂമിയിലേക്ക് സ്വയം പതുങ്ങി അഭിയും നിശ്ശബ്ദനായി.
കാലം….ഇതൊന്നുമറിയാതെ, അതിൻറെ കർമ്മപഥങ്ങളിൽ അതേവിധത്തിൽ വേരോടി പോയി. യുഗചക്രങ്ങളിൽ അനസ്യൂതചലനം തുടർന്നുകൊണ്ടേയിരുന്നു. ഋതുക്കൾ മാറി മാറി വന്നു,വർഷങ്ങൾ നീണ്ടു. അനിവാര്യ ജീവിതപരിണാമങ്ങൾ എവിടെയും എന്നപോലെ അഭിജിത്തിലും വന്നു മടങ്ങി. നാട്ടിൽ നിന്ന് അപ്പോഴേക്കും പരിഭവ പരിദേവനങ്ങളുടെ കുത്തൊഴുക്കുകൾ നിലച്ചു, എല്ലാവരും നിർവികാരതയോടെ മൂടുപടം വെറുതെ എടുത്തണിഞ്ഞിരുന്നു. ആവലാതികൾ കളം നിറക്കുന്ന വീട്ടുകാരുടെ വല്ലപ്പോഴും കൂടിയുള്ള ഫോൺ വിളികൾ കൊണ്ടുമാത്രം…. ആ രക്തബന്ധവും സ്വയം പരിമിതപ്പെട്ടു. നാടും വീടും സ്വന്ത ബന്ധങ്ങളെല്ലാം മറന്ന് മണലാരണ്യ വാസത്തിൽ മാത്രം ഒതുങ്ങി നിൽക്കേണ്ടിവരുന്നൊരു ശരാശരി പേർഷ്യൻ മലയാളിയുടെ അടയാള സമവാക്യത്തിലേക്ക്…മനസ്സ്‌കൊണ്ട് ആഗ്രഹിക്കാതെ, അറിയാതെ ആണെങ്കിൽകൂടി അഭി എന്ന തലസ്‌ഥാന നഗരക്കാരൻ യുവാവും വന്ന് ഒതുങ്ങി കൂടുകയായിരുന്നു….പെട്ട് പോകുകയായിരുന്നു.
കൊല്ലവർഷം 2000 ,( ”രണ്ടായിരം” )കാലഘട്ടം !. പുതിയ നൂറ്റാണ്ട് ….
പുതിയ വർഷത്തിൽ പുതിയ നൂറ്റാണ്ടിൽ….പുതിയ മാറ്റങ്ങൾക്കും വെളിച്ചങ്ങൾക്കും വിധേയമായി കാലവും പുത്തൻ വിളവെടുപ്പുകൾക്ക് പാത്രമായി നിന്നു. ലോകത്തു മാറ്റം വരുത്തിയ നേട്ടങ്ങൾ…എല്ലാ മണ്ഡലങ്ങളെയുംകാൾ ഒരുപക്ഷെ കൂടുതലായി വിളങ്ങി നിന്നത് സാങ്കേതിക രംഗങ്ങളിൽ ആയിരിക്കണം. കമ്പിയില്ലാ കമ്പി, കത്തെഴുത്തു,മണിയോർഡർ തുടങ്ങിയ പഴഞ്ചൻ ഏർപ്പാടുകളിൽ നിന്നെല്ലാം മുക്തമായി വലിയൊരു പരിണാമം സംഭവിച്ചു ആധുനിക, ശാസ്ത്ര സാങ്കേതിക വിദ്യകൾ പരിപാലിച്ചു ലോകംതന്നെ വലിയ പരിഷ്‌കൃതികളിലേക്ക് കുതിച്ചുചാട്ടം നടത്തിയ കാലയളവുകൾ.
രണ്ടായിരത്തിന് ശേഷം ,തുടർന്നുവന്ന ഓരോ കൊല്ലവും നിറയെ പുതിയ മാറ്റ൦ കൊണ്ടുവന്നു…ശാസ്ത്ര സാങ്കേതിക മേഖലകളിൽ വൻ പുരോഗതികൾക്ക് സാക്ഷ്യം വഹിച്ചു. അവയിലെ ആ മികവ് ഇലക്ട്രൊണിക്സ് -ടെലികമ്മ്യുണിക്കേഷൻ രംഗം എന്നപോലെ ”ഇന്റർനെറ്റ്” എന്ന അതിനൂതന സാങ്കേതിക സംവിധാനത്തിലേക്കുള്ള പുതിയ ചുവടുവെയ്‌പുമായി. കാലത്തിനൊപ്പം യാത്രചെയ്‌ത എല്ലാ ലോകവും ഹർഷാരവങ്ങളോടെ അതിനെ വരവേറ്റപ്പോൾ…യു.എ.ഇ പോലുള്ള അറബിനാടുകൾക്ക് അതിനോട് മുഖം തിരിഞ്ഞു നിൽക്കാൻ ആയില്ല. സമ്പന്നതയുടെ അടയാളമായത് അലയൊലി തീർത്ത് കടന്നുവന്ന് വൻ വിജയങ്ങൾ കൊയ്തെടുത്തു. ജനജീവിതത്തിലും അത് വിപ്ളവകരമായ മാറ്റങ്ങൾ വരുത്തി. കത്ത്,മണിയോഡർ തുടങ്ങിയ തപാൽ ഉത്പന്നങ്ങൾ, ഇലക്ട്രൊണിക്സ് -ടെലികമ്മ്യുണിക്കേഷൻ മാധ്യമങ്ങൾ സകലതും ”ഇന്റർനെറ്റ്” ലേക്ക് കുടിയേറിയ നാളുകൾ. ഫോൺവിളികൾ പോലും പുതിയ മാനം കൈവന്ന്, കമ്പ്യൂട്ടർ ശ്രു൦ഖലയിലേക്ക് കണ്ണിചേർന്ന് പുതുവഴികൾ തീർത്തു.