അത് കേവലം ജോലിഭാരത്തിൻറെ തിക്കുംതിരക്കും വീർപ്പുമുട്ടൽ ഏതുമില്ലാതെ, തഞ്ചവും ഒതുക്കവുമായി നല്ല അച്ചടക്കത്തോടെ….വേല നിയന്ത്രിച്ചു ചെയ്‌തു മുന്നോട്ട്പോകാൻ കഴിഞ്ഞത് ഒന്നുകൊണ്ട് മാത്രം ആയിരുന്നു. ജീവിതചര്യകളെ ആകെ, കൃത്യമായി നിർണ്ണയിച്ചു മുന്നേറുവാനും…പഴയ കാലത്തിൽ നിന്നും വിഭിന്നമായി ഇഷ്‌ടകൃതികൾ ചികഞ്ഞെടുത്തു വായിക്കുന്നതിനും…ഒപ്പം പുഴുക്കുത്തേറ്റ തൻറെ കഴിഞ്ഞ വഴിത്താരകളെ മൊത്തം പരത്തി പടർത്തി കുത്തിക്കുറിച്ചു സാക്ഷ്യപ്പെടുത്തുന്നതിനും അത് അഭിക്ക് ഒരുപാട് അവസരങ്ങൾ സൃഷ്‌ടിച്ചു. വിരസത തോന്നാത്ത നിത്യ കൃതാന്തര കർമ്മങ്ങളിൽ മുഴുകി, അതിൻറെ ആസ്വാദ്യതകൾ അറിഞ്ഞുജീവിച്ച അവൻ പലപ്പോഴും അറിഞ്ഞില്ല. തൻറെ ആ ഓട്ടം…കാലവേഗത, പഴമകളിൽ നിന്ന് തുലോം വൈവിധ്യപൂർണ്ണം ആയിരുന്നുവെന്ന് !. പുതിയകാല ലോകത്തിൻറെ വൈചിത്ര്യങ്ങളിൽ ഒന്നായത് അനുഭവപ്പെട്ടപ്പോൾ…ഒട്ടും ഉത്കണ്ഠാകുലൻ ആവാതെ എല്ലാത്തിനോടും പൊരുത്തപ്പെട്ട് ആ കുതിപ്പിനൊപ്പം അവനും അണിചേർന്നു.
തിരുവനന്തപുരത്തു നിന്ന് നേരെ ദുബായിലേക്കെത്തുമ്പോൾ…പതിവുപോലെ തുടക്കത്തിൽ നാടും വീടും നാട്ടാരും ഒക്കെയായി നല്ല അഭേദ്യബന്ധമായിരുന്നു അഭിക്ക്. വീട്ടുകാരോട്, വിശിഷ്യാ അച്ഛൻ,അമ്മ,അമ്മാവൻ,അമ്മായി തുടങ്ങിയരോടെല്ലാം വളരെ നല്ല അടുപ്പം. പിന്നെ,പുറത്തു വിരലിൽ എണ്ണാവുന്ന കുറച്ചു അടുത്ത ചങ്ങായിമാരും . കത്തെഴുത്തൊന്നും എപ്പോഴും ഭയങ്കര തകൃതിയായി ഇല്ലെങ്കിലും…എല്ലാവരേയും ഫോണിൽ വിളിക്കുക, ക്ഷേമം അന്വേഷിക്കുക തുടങ്ങിയവക്ക് അവൻ പ്രത്യേക നിഷ്‌കർഷ പുലർത്തിയിരുന്നു. ശ്രീക്കുട്ടിയുടെ വിവാഹാലോചന ത്വരിതപ്പെടുത്തുന്നതിന് സ്‌ഥിരമായ് എല്ലാവരുമായും നല്ലരീതിയിൽ ബന്ധപ്പെട്ടുകൊണ്ടിരുന്ന അഭി അത് ഉറപ്പിച്ചു മംഗളപൂർവ്വം നടന്നുകഴിഞ്ഞിട്ടും… ആ ബന്ധങ്ങളെല്ലാം മാറ്റമില്ലാതെ, അതുപോലെ തുടർന്നുപോകാൻ നന്നായി ശ്രദ്ധിച്ചിരുന്നു. ദമ്പതിമാർ ഗൾഫീന്നവിടെ മടങ്ങിയെത്തി ചേർന്നിട്ടും…ബന്ധുത്വം അങ്ങനെ തുടർന്നിരുന്നു എന്നു മാത്രമല്ല, അത് കുറേക്കൂടി സുദൃഢമായി മാറിയിരുന്നു താനും. പിന്നെ, എങ്ങനെയൊക്കെയോ എവിടെവച്ചോ ആ തീഷ്‌ണബന്ധങ്ങളിലൊക്കെ പതുങ്ങനെ ചെറു വിള്ളലുകൾ വീഴുവാൻ തുടങ്ങി.
കാര്യകാരണങ്ങൾ പറഞ്ഞു വരുമ്പോൾ…ശ്രീമോളുടെ ”വിവാഹം എന്ന വലിയ കടമ്പ”, ഒരു വലിയ പ്രായശ്ചിത്തം എന്ന കണക്കെ, അഭി മുൻകൈയെടുത്തു എല്ലാവര്ക്കും ഇഷ്‌ടമാവും വിധം കേമമായി നടത്തികൊടുത്തു. ഇനി മുന്നിൽ ഒരു വൻ ചോദ്യചിഹ്നമായി തെളിഞ്ഞുയർന്നു നിൽക്കുന്നത് അഭിയുടെ ഭാവിജീവിതം മാത്രമാണ്. ബന്ധുക്കൾ സകലരും അതിലെ തങ്ങളുടെ കടുത്ത ആശങ്ക ശക്തമായി ഉന്നയിച്ചു. എന്നുമാത്രമല്ല, അവൻ ചെയ്‌ത നല്ല ഉദ്യമത്തെ പ്രകീർത്തിച്ചു, അഭിമോന് കൂടി ഒരു നല്ല കുടുംബജീവിതം ഒരുക്കിക്കൊടുത്തു ജീവിതം സുരക്ഷിതമാക്കി കൊടുക്കേണ്ടത് തങ്ങൾ എല്ലാവരുടെയും വലിയ ബാധ്യത ആണെന്ന് എല്ലാവരും എല്ലാവരെയും വീണ്ടും വീണ്ടും ഓർമ്മിപ്പിച്ചു. അതിനായി അഭീടമ്മാവനും അമ്മായീം തുടക്കം കുറിച്ചപ്പോൾ…ശ്രീക്കുട്ടീം ശരത്തും അവരെ പ്രോത്സാഹിപ്പിച്ചു കൂടെ വന്നു. അവരെകൂടാതെ ചേച്ചി അഭിരാമിയും അളിയനും കൂടി അഭീടെ അച്ഛൻറെയും അമ്മയുടെയും മേൽ ഇതിനായി സമ്മർദ്ദം ചെലുത്തിയപ്പോൾ…അവർക്കും പിന്നെ അടങ്ങിയിരിക്കാൻ ആയില്ല. അതിൻറെ ഫലമായി…എല്ലാവരും താൻ താങ്കളുടെ നിലക്ക്, ഒരോരുത്തർ ഓരോരുത്തരായി അഭിക്ക് മുന്നിൽ വിവാഹ അപേക്ഷകളും നിരത്തി എത്തി. ആദ്യമൊക്കെ യാചനാ രൂപത്തിൽ ആയിരുന്നെങ്കിൽ..