പിന്നെല്ലാം …വളരെ ധൃതിയിൽ ആയിരുന്നു. അഭിക്കും വളരെ തിരക്കുപിടിച്ച ദിനങ്ങളായിരുന്നു പിന്നീട് വന്നുചേരുന്നത്. ആദ്യം അവനു ചെയ്യാനുണ്ടായിരുന്നത്, ശ്രീമോളുടെ ചെറുക്കൻ വീട്ടുകാരെ നേരിട്ട് വിളിച്ചു കല്യാണക്കാര്യം സംബന്ധിച്ച് എല്ലാം തുറന്ന് സംസാരിച്ചു, ഉറപ്പുകൊടുത്തു, സകലതും തീർപ്പാക്കുക എന്നതായിരുന്നു. അതുകഴിഞ്ഞു, ശ്രീയുടെയും തൻറെയും വീട്ടുകാരെ വിളിച്ചു ”ഉറപ്പിപ്പ് ”നും കല്യാണത്തീയതി ദിവസവും തീരുമാനിക്കാൻ ധൃതഗതിയിൽ നേരം കുറിക്കുവാൻ ആവശ്യപ്പെട്ടു. തൊട്ട്പിറകേ നാട്ടിലെ ചില ഉറ്റചങ്ങായിമാരെ വിളിച്ചു വിവാഹസംബന്ധിയായ ഹാൾ, സദ്യ, ഫോട്ടോ, പന്തൽ തുടങ്ങിയ എല്ലാ സജ്ജീകരണങ്ങളും വീട്ടുകാരുമായി ചേർന്ന് ആലോചിച്ചു ക്രമീകരിക്കാൻ…കൂടി നിർദ്ദേശം കൊടുത്തു. ഒപ്പം…കമ്പനിയിൽ നിന്ന് നല്ലൊരു സംഖ്യ ലോണായി സംഘടിപ്പിക്കാൻ അപേക്ഷയും നൽകി. എല്ലാം വിചാരിച്ചപോലെ…വളരെപെട്ടെന്ന് അടുക്കും ചിട്ടയായും നടന്നു, കാര്യങ്ങൾ കല്യാണത്തിനടുത്തേക്ക് നീങ്ങി. അഭിയുടെ നിർദ്ദേശാനുസരണം ആയിരുന്നു എന്നതിനാൽ സംഗതികൾക്ക് ഒന്നിനും ഒരു കുറവും സംഭവിച്ചില്ല. എല്ലാമെല്ലാം മുറപോലെ….ആദ്യം ലളിതമെങ്കിലും ആഘോഷമായി..” കല്യാണനിശ്ചയവും”, രണ്ടാഴ്ചക്കുള്ളിൽ കല്യാണവും വളരെ കെങ്കേമമായി തന്നെ നടന്നു. അങ്ങനെ…നിറയെ കാത്തിരിപ്പിനും, ആശങ്കകൾക്കും വിരാമമിട്ട്… അധിക കാലതാമസം വരുത്താതെ, വളരെ മംഗളമായി ” ശ്രീക്കുട്ടീപരിണയം ” എന്ന ഏവരുടെയും മോഹം സഫലീകൃതമായി . അതിലൂടെ അവളുടെ മാത്രമല്ല, അഭിയുടെ കൂടി വലിയൊരു ആഗ്രഹം പൂവണിഞ്ഞു …അവൻറെ ചിരകാല സ്വപ്നത്തിനു കൂടിയായിരുന്നു അതു ചിലങ്കകൾ ചാർത്തിയത്. മനപ്പൂർവ്വം അല്ലെങ്കിലും താൻ മൂലം സംഭവിച്ച ..പിഴവുകൾ താൻ തിരുത്തി…തനിക്കെല്ലാം നിറവേറ്റി കൊടുക്കാൻ കഴിഞ്ഞു എന്ന ചാരിതാർഥ്യം വല്ലാതെ ആഹ്‌ളാദവാനാക്കി അഭിയെ ഉയരങ്ങളിലേക്ക് ഉയർത്തി.
അഭി വാക്കുകൊടുത്തിട്ട് അത് പാലിക്കാതെ ഒഴിഞ്ഞുമാറി, ചതിച്ചു എന്നുപറഞ്ഞു എല്ലാവരും കുറ്റം ചാർത്തി, വേട്ടയാടിയ അവൻറെ സ്വന്തം മുറപ്പെണ്ണ് ശ്രീമോളുടെ വിവാഹം ശരത് എന്ന ചെറുപ്പക്കാരൻ അവളുടെ കഴുത്തിൽ താലി ചാർത്തി ഭാര്യയായി സ്വീകരിച്ചുകൊണ്ട് പൂർത്തിയാക്കി.അപ്പോൾ നവദമ്പതികൾക്കും ബന്ധുജനങ്ങൾക്കും അനുഭവപ്പെട്ടതിനേക്കാൾ എത്രയോ അധികം ഇരട്ടി സന്തോഷവും സമാധാനവും അത്രയും തന്നെ വിദൂരതയിൽ അതിനെല്ലാം നേതൃത്വം കൊടുത്ത് മുൻപിൽനിന്ന അഭിക്ക് തൊട്ടറിയുവാൻ സാധിച്ചിരിക്കണം.
അതും കൂടാതെ…നാട്ടിൽനിന്നും ഗൾഫിലേക്ക് യാത്ര തിരിക്കുന്ന നേരത്തു അഭി, ശ്രീമോൾക്കും വീട്ടുകാർക്കും കൊടുത്ത മറ്റൊരു വാക്ക് കൂടി പരിപൂർണ്ണമായി പാലിച്ചു. വിവാഹം കഴിയുന്ന പുതു മണവാള- മണവാട്ടി മാർക്ക് , മധുവിധുവായി അവിടെ വന്നു താങ്ങി, അവിടം മുഴുവൻ സന്ദർശിച്ചു മടങ്ങാനുള്ള വിസ,ടിക്കറ്റ് ഉൾപ്പടെയുള്ള എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കാം എന്നുള്ള ഉറപ്പും അടുത്ത ഒരു മാസത്തിനകം അഭി നടപ്പിലാക്കി, അവൻ വാക്ക് നിറവേറ്റി. അവൻ അയച്ചുകൊടുത്ത സന്ദർശനവിസയിലും ടിക്കറ്റിലും നവദമ്പതിമാർക്ക് അവിടെവന്ന് ഫ്‌ളൈറ്റ് ഇറങ്ങേണ്ട താമസമേ ഉണ്ടായിരുന്നുള്ളു. വന്നശേഷമുള്ള താമസം, ഭക്ഷണം,വാഹനസൗകര്യം അടക്കമുള്ള ഒരു മാസത്തെ ടൂർ പാക്കേജ് മുഴുവൻ അവനവിടെ ക്രമീകരിച്ചു വെച്ചിട്ടുണ്ടായിരുന്നു. ആ സഹായങ്ങൾ സ്വീകരിച്ചു, ആ മഹാനഗരത്തിൽ തികച്ചൊരു മാസത്തെ ഗംഭീര ഹണിമൂൺ….യുവമിഥുനങ്ങൾ മതിമറന്ന് ആഘോഷിച്ചു