വീണ്ടും അഭി ഇടപെട്ട് ആശ്ചര്യത്തോടെ …” അതെന്താ ലീനെ, അങ്ങനെ പറയുന്നത്?…ഇങ്ങനെ ഒരു പ്രോഗ്രാം ഓർഗനൈസ് ചെയ്യാതെ, നിൻറെ മോളുടെ ”ബെർത്രോതൽ ഫങ്ഷൻ” എന്ന് പറഞ്ഞു ക്ഷണിച്ചാൽ…ഞാൻ ഇവിടെ എത്താതിരിക്കുമോ ?…ഞാനത് അപ്പാടെ നിരസിക്കുമെന്ന് നീ ഉറപ്പിച്ചിരുന്നോ ? ”..
മറുപടിയായി ഉടനെ ലീന….” അതിനൊക്കെ ഉത്തരം തരും മുൻപ്, ഞാൻ നിനക്ക് പഴയ ഒരു കുഞ്ഞോർമ്മ പുതുക്കലിനുള്ള അവസരം തരാം. ആ ഓർമ്മ സമ്മാനിക്കുമ്പോൾ…അതിനുള്ള ഉത്തരവും നിനക്ക് താനേ ലഭിക്കും. ”.
അഭി. അല്പം സംശയമുനയോടെ…” ഒന്നും മനസ്സിലാവുന്നില്ല !. നീ അതിന് ലേശംകൂടി വ്യക്തത വരുത്തിയാൽ….നന്നായിരുന്നു….”
ലീന തുടർന്ന്…” അതേ അഭീ, ഞാൻ അതിലേക്ക് തന്നെയാണ് വരുന്നത്. സ്വൽപ്പം പഴയ, കുറച്ചു കാലപ്പഴക്കം ചെന്ന സംഭവത്തിലേക്ക്… നിന്നെ കൂട്ടികൊണ്ട് പോകുകയാണ്. നിനക്ക് അതിൽ വലിയ ഓർമ്മയുണ്ടാവാൻ സാധ്യതയില്ല. അന്ന്, അവസാനം…”വീണ്ടും കാണാം” എന്ന് തമ്മിൽ പറഞ്ഞു വളരെ ശുഭപ്രതീക്ഷയോടെ, നമ്മൾ തൽക്കാലത്തേക്ക് യാത്ര പറഞ്ഞു വേർപിരിയുന്ന വേള ഓർമ്മയില്ലേ? . വേളയിൽ നീ അത്യന്തം വിലപിടിപ്പാർന്നൊരു വസ്തു എന്നെ വിശ്വസിച്ചേൽപ്പിച്ചു മടങ്ങി. വിധിവൈപര്യങ്ങളാൽ…നമുക്ക് പിന്നെ ഒന്നിക്കാനോ ?..ഒരുനോക്ക് കാണുവാൻ പോലുമോ ?…നമ്മുടെ ദൗർഭാഗ്യംകൊണ്ട് നടന്നില്ല. പിന്നെ കാലങ്ങൾക്ക് ശേഷം ഇടക്ക് ഒന്ന് തമ്മിൽ കണ്ടു എന്നത് ശരിതന്നെ. അപ്പോൾ പക്ഷേ, മറന്നതല്ല….മനസ്സ് തുറന്ന് എന്തെങ്കിലും ഒന്ന് നിന്നോട് സംസാരിക്കാനുള്ള മനസ്സാന്നിധ്യം എനിക്ക് കിട്ടിയില്ല. പിന്നീട് ഇപ്പോഴാണ്, തമ്മിലൊരു കൂടിക്കാഴ്ച സാധ്യമാവുന്നത്. ഋതുക്കൾ ഒരുപാട് മാറിമറിഞ്ഞു, കാലം പിന്നെയും ധാരാളം പിന്നിട്ടു. ഇനിയുമെങ്കിലും…എന്നെ നീ ഭദ്രമായി ഏൽപ്പിച്ചുപോയ സാധനം ഒരു പോറലും ഏൽപ്പിക്കാതെ, എനിക്ക് നിന്നെ തിരിച്ചേൽപ്പിക്കണം. അത് എൻറെ ‘തപസ്സ്”ആണ്. അതിന് വേണ്ടി മാത്രമാണ്,നിന്നെ തേടിഅലഞ്ഞു… പലതും പറഞ്ഞു ഇവിടെ എത്തിച്ചു മുന്നിൽ കൊണ്ടുവന്ന് നിർത്തിയത്’’.
അഭി തീർത്തും അമ്പരപ്പോടെ അത് കേട്ടുനിൽക്കുമ്പോൾ…തുടർന്ന് ലീന…..” നിനക്ക് ഇതൊന്നും ഓർമ്മ കാണില്ല. നിന്നെ അതിന് ഞാൻ കുറ്റപ്പെടുത്തുന്നുമില്ല. എനിക്കത് പക്ഷെ ഒരിക്കലും കൈവിടാൻ ആവുന്നൊരു കാര്യമല്ലല്ലോ ?.” അഭിയുടെ അപ്പോഴും മാറ്റമില്ലാതെ തുടരുന്ന, ആശ്ചര്യം തുളുമ്പുന്ന പകച്ചുനോട്ടം ശ്രദ്ധിച്ചു വീണ്ടും ലീന…..” നിനക്ക് ഇനിയും മനസ്സിലായിട്ടില്ല എങ്കിൽ, ഞാൻ ഒന്നുകൂടി വ്യക്തമാക്കാം. ഇരുപത് വര്ഷം മുൻപ്, അലീന എന്ന ചെറുപ്പക്കാരി…അഭിജിത് എന്ന പുരുഷനിൽ നിന്നും വളരെ അമൂല്യമായൊരു സ്വത്ത് അവനറിയാതെ അപഹരിച്ചെടുത്തു സൂക്ഷിച്ചിരുന്നു. ഇന്ന്, അവളുടെ കരുതലിൽ നിന്നും അത് വളർന്ന്….ഒരിക്കലും മൂല്യം നിർണ്ണയിക്കാൻ ആവാത്ത ഒരു നിധിയായി മാറി, അതിൻറെ യഥാർത്ഥ ഉടമയെ തിരഞ്ഞു നിൽക്കുകയാണ്. അവൾ ആകട്ടെ, ഇനി ആ അവകാശിയെ തന്നെ അത് മടക്കി ഏൽപ്പിച്ചു, മുന്നോട്ട് പോകാനുള്ള ആജ്‌ഞാനിർദ്ദേശങ്ങൾ പ്രതീക്ഷിച്ചു ആ ചെറുപ്പക്കാരൻറെ കാൽച്ചോട്ടിൽ കാത്തുനിൽക്കയാണ്. അയാൾ തന്നെ കൽപ്പിക്കണം…ഇനിയുള്ള തീരുമാനവും വ്യവസ്‌ഥകളും ”.
തികച്ചും നാടകീയത കലർത്തി, ഗൗരവച്ചുവയോടെ പറഞ്ഞു തീർത്തു…ലീന കൗതുകത്തോടെ അഭിയെ നോക്കി. അവൻ തിരിച്ചു അതേ ഭാവത്തിൽ ചോദിച്ചു…..” ആദ്യം നീ പറഞ്ഞു, ഞാൻ നിനക്ക് സമ്മാനിച്ചെന്ന്…പിന്നെ, നീ സ്വയം മോഷ്‌ടിച്ചെടുത്തതായും പറയുന്നു. ചോദിക്കട്ടെ….ഇതിൽ ഏതാണ് സത്യം ?….എന്താണ് ഇതിൻറെ ഒക്കെ അർത്ഥം ?. മനസ്സിലാവുന്ന ഭാഷയിൽ ഒന്ന് തുറന്ന് പറ എൻറെ ലീനേ ?.അതോ ഇനി അവിടെ അരങ്ങേറാനുള്ള നാടകം വല്ലതും…അരങ്ങു മാറി, എനിക്ക് മുമ്പിൽ ആയതാണോ ?.”.