സന്തോഷം തോന്നിയതുമായ വാർത്ത. കേട്ടിട്ട്, അത് വിശ്വസിക്കാൻ കഴിയാതെ, അഭി വീണ്ടും വീണ്ടും നാട്ടിൽ വിളിച്ചു തൽസ്‌ഥിതി ആരാഞ്ഞുകൊണ്ടേയിരുന്നു. അവൻറെ ആകാംക്ഷകൾ കേട്ടറിഞ്ഞു അച്ഛനും അമ്മാവനും പിന്നെ തുടർച്ചയായി അവനെ വിളിച്ചു ആലോചനാ വിശദാ൦ശങ്ങൾ കൈമാറിക്കൊണ്ടും ഇരുന്നു.അതിനുള്ള പ്രതികരണം എന്നോണം അഭി, എത്രയും വേഗം ആലോചന ഉറപ്പിച്ചു നിശ്ചയം നടത്തുവാൻ…തൻറെ ഭാഗത്തു നിന്ന് ”കൊടുത്ത വാക്കു”കൾ പാലിക്കുന്ന എല്ലാ പിന്തുണകളും ആവർത്തിച്ചു വാഗ്‌ദാനം ചെയ്‌തുകൊണ്ടിരുന്നു. അഭിയുടെ ഈ വഴി ഉള്ളതും…അച്ഛൻറെയും അമ്മാവൻറെയും നേരിട്ടുള്ളതുമായ ഊർജ്വസ്വലങ്ങളായ ” സ്‌ഥിരോത്സാഹങ്ങൾ ”, വന്നെത്തിയ ആലോചനകളിൽ നല്ലൊരെണ്ണം പെട്ടെന്ന് ഉറയ് ക്കാൻ കാരണമായി. വളരെ വേഗത്തിൽ അത് സാധിച്ചെടുക്കാൻ കഴിഞ്ഞു എന്നതുകൊണ്ട് മാത്രമല്ല, ഏവർക്കും ഇഷ്‌ടം തോന്നിയ നല്ലൊരു ബന്ധം എന്ന നിലയിൽ…അഭിജിത്തിനും അവരെ പോലെയോ അതിലേറെയോ സന്തോഷം അനുഭവപ്പെട്ട നാളുകൾ ആയിരുന്നത് . പയ്യന് ”എയർഫോഴ്‌സിൽ ഉദ്യോഗം, കാണാൻ സുമുഖൻ !, നല്ല സ്വഭാവവും കുടുംബവും …എല്ലാംകൊണ്ടും നല്ല ചേർച്ചയുള്ള മികച്ച ബന്ധം. അത്കൊണ്ട് തന്നെ കൈവിട്ടു പോകാതെ അത് നിറവേറ്റികിട്ടാൻ എല്ലാരും അതിയായി ആഗ്രഹിച്ചു. ചെക്കൻകൂട്ടർക്കും ബാന്ധവത്തിൽ പൂർണ്ണസമ്മതം !. പക്ഷേ, അവർക്ക് ഒരേയൊരു നിർബന്ധം. നിശ്ചയമൊന്നും നടത്തിയില്ലെങ്കിലും വേണ്ടീല്ല. കെട്ട്…അടുത്ത മാസം ചെറുക്കൻ ലീവ് കഴിഞ്ഞു പോകുന്നതിന് മുൻപേ പെട്ടെന്നു നടത്തണം. അച്ഛനും അമ്മാവനും മറ്റും ആ കാര്യത്തിൽ ലേശം വിഷമത്തിലായി. സാമ്പത്തികത്തിനേക്കാൾ അഭിയുടെ അവധി ഓർത്തായിരുന്നു അവർക്ക് വ്യാധി മുഴുവനും . സാമ്പത്തികം എത്രയും എങ്ങനെങ്കിലും ഏർപ്പാടാക്കാം. പക്ഷേ ലീവും ടിക്കറ്റും തരപ്പെടുത്തി, പൊടുന്നനെ അഭിയെ നാട്ടിലെത്തിക്കുക എന്നത് അസാധ്യ സംഗതി ആണെന്ന് എല്ലാവര്ക്കും തീർച്ചയായിരുന്നു. ബന്ധം എത്ര തന്നെ കേമമാണെന്ന് പറഞ്ഞാലും…അവൻറെ സാന്നിദ്ധ്യം കൂടാതെ ആ പറഞ്ഞ സമയത്തിനുള്ളിൽ കൊണ്ടുപിടിച്ചു കല്യാണം നടത്തുവാൻ അവിടാർക്കും അത്ര താത്പര്യമൊന്നും ഇല്ലായിരുന്നു താനും.
ആകപ്പാടെ തകിടം മറിയുന്നൊരു അലംകോലാവസ്‌ഥയിൽ ”തുറുപ്പു വീണത്” പക്ഷെ അഭിജിത്തിനായിരുന്നു. ”നാട്ടിലെ ജനങ്ങളെ ഇനിയും ഒന്നൂടി നേരിടുക”… അഭിക്ക് അശേഷം താത്പര്യമില്ലാത്ത വിഷയമായിരുന്നു. അതിനാൽ അവധി കിട്ടിയാൽ പോലും നാട്ടിൽപോക്ക് അവനു തീരെ ആലോചിക്കാനേ കഴിയുന്ന കാര്യമായിരുന്നില്ല. എങ്ങനെ അതിൽ നിന്നെല്ലാം ഒന്ന് രക്ഷനേടും എന്ന് അവൻ കൂലങ്കഷമായി ചിന്തിച്ചുകൊണ്ടിരിക്കുന്ന സമയത്തായിരുന്നു, ആ നല്ല ആലോചന തിടുക്കപ്പെട്ട് നടത്തേണ്ടി വരുന്നെന്ന ധർമ്മസങ്കടങ്ങൾ വീട്ടുകാർ അവനെ അറിയിക്കുന്നത്. വീണത് വിദ്യയാക്കി അഭി, ഫോണിൽ ഒരു നെടുനീളൻ പ്രസംഗം അങ്ങു കാച്ചി. കൂടെ ന്യായീകരണങ്ങൾ നിരത്തി…നീട്ടിപിടിച്ചൊരു കത്തും അങ്ങോട്ട് വിട്ടു. താൻ നാട്ടിൽനിന്ന് ഇങ്ങോട്ടു വന്നിട്ട് വളരെകുറച്ചു നാളുകളെ ആയിട്ടുള്ളൂ. കുറഞ്ഞത് ഒരു വർഷമെങ്കിലും ആവാതെ, ഇവിടുന്ന് അവധിയെ കുറിച്ച് ആലോചിക്കാനേ ആവില്ല.അതുകൊണ്ട് ഇപ്പോൾ ഒരു ലീവോ, കല്യാണം നീട്ടിവെക്കലോ സാധ്യമാകുന്ന വിഷയങ്ങളെ അല്ല. ഇത്രയും നല്ലൊരു ആലോചന ഇങ്ങനെ വന്നു ചേർന്ന സ്‌ഥിതിക്ക്, മറ്റൊന്നും ചിന്തിച്ചു സമയം നീട്ടികൊണ്ട് പോകാതെ അത് ഉറപ്പിച്ചു പേരിന് നിശ്ചയം നടത്തി…. എത്രയും പെട്ടെന്ന് കല്യാണം നടത്താൻ തയ്യാറാവുക. സാമ്പത്തികവശം ഒന്നും ആരും ആലോചിച്ചു തല പുകക്കേണ്ട, വേണ്ടുന്ന തുക അറിയിച്ചാൽ മാത്രം മതി.പണം ആവശ്യപ്പെടുന്ന നേരത്തു ആവശ്യമാകുന്ന രീതിയിൽ അവിടെ എത്തിയിരിക്കും.മറിച്ചുള്ള കാര്യങ്ങൾ എല്ലാവരും എത്രയും വേഗനെ പൂർത്തിയാക്കാൻ നോക്കുക, ഇത്രയേ പറയാനുള്ളൂ. ഇങ്ങനെ പോയി നാട്ടിൽ പോക്കിനെക്കുറിച്ചു ബന്ധുക്കൾ അന്വേഷിച്ചപ്പോൾ അഭിയുടെ പക്ഷത്തു നിന്നുളള ന്യായവാദങ്ങൾ. അവൻറെ നയം അവൻതന്നെ വ്യക്തമാക്കിയപ്പോൾ പിന്നതിനെ എതിർക്കാൻ ആർക്കും കഴിഞ്ഞില്ല, ആരും ഒട്ടു തുനിഞ്ഞതുമില്ല….’’കല്ലേൽ പിളർക്കുന്ന’’ പോലുള്ള ആ കല്പനകൾ അനുസരിക്കാൻ വീട്ടുകാരും ബന്ധുക്കളും ബാധ്യസ്‌ഥരുമായി.