പെട്ടെന്നുള്ള കടന്നുവരവിന് പിന്നിലെ ലക്ഷ്യം ?. ഒടുക്കം…ഒക്കെ കണ്ടുംകേട്ടും ക്ഷമയറ്റു ഞങ്ങൾക്കുതന്നെ അങ്ങോട്ടുകയറി അവളോട് ചോദിക്കേണ്ടി വന്നു…അവളുടെ പൊടുന്നനെ ഉള്ള മനം മാറ്റത്തിൻറെ കാരണങ്ങളെ കുറിച്ചെല്ലാം. ”
ഷമീർ വളയം തിരിച്ചുകൊണ്ട് തന്നെ, എടു നിർത്തിയടുത്തു നിന്ന് പൂരിപ്പിച്ചു തുടങ്ങി…” അവളിലെ ആ പുതിയ പരിവർത്തന സ്വഭാവം അത്രക്ക് ഞങ്ങടെ ഒക്കെ മനസ്സുകളെ അമ്പരപ്പിച്ചിരുന്നു. പണ്ടേക്ക് പണ്ടേ, നിന്നനിൽപ്പിൽ നിന്നെ ഉപേക്ഷിച്ചു എങ്ങോട്ടോ കടന്നുകളഞ്ഞവൾ…ഒരു സംവത്സരം ആർക്കും പിടിതരാതെ, ഒഴിഞ്ഞുമാറി ഏതോ വനവാസത്തിൽ കഴിഞ്ഞിട്ട്…യാതൊരു അറിവും തരാതെ പിടീന്നൊരു നാൾ നിൻറെ ഊരും പേരും അന്വേഷിച്ചു ഞങ്ങൾക്ക് മുൻപിൽ പ്രത്യക്ഷപ്പെടുക !. ഞങ്ങളെ ഒന്നാകെ വല്ലാതെ കുഴച്ചൊരു ”പ്രതിഭാസം”. ക്ഷമയോടെ എല്ലാം ഓരോന്നായി ചോദിച്ചറിഞ്ഞു വന്നപ്പോഴാണ് ഞങ്ങൾക്ക് ബോധ്യമാകുന്നത്, നമ്മൾ അറിഞ്ഞു മനസ്സിൽ സങ്കൽപ്പിച്ചു കൂട്ടി വച്ചിരുന്നത് മുഴുവൻ…അവളെക്കുറിച്ചുള്ള തെറ്റിദ്ധാരണാ വിവരങ്ങൾ മാത്രമായിരുന്നു എന്ന്. ”
ഒരു കഥപോലെ അവൻ തുടർന്നു….” ഉദ്ദേശം പതിനഞ്ച് വർഷങ്ങൾക്ക് മുൻപ്, അവളുടെ ഹസ്സിൻറെ അകാല നിര്യാണത്തിൻറെ മൂന്ന് വര്ഷം തികയുന്നൊരു ”ഓർമ്മദിവസം”, അതിൻ അനുശോചനം അറിയിച്ചുകൊണ്ടുള്ള നിൻറെ പെട്ടെന്നുള്ള പ്രത്യക്ഷമാകൽ…കൂടെ, മരണത്തിന് യഥാസമയം എത്തിച്ചേരാൻ കഴിയാഞ്ഞതിൽ അനുതാപം പ്രകടിപ്പിച്ചുള്ള നിൻറെ ആശ്വാസ വാക്കുകൾ. ഒടുവിൽ…എല്ലാംകഴിഞ്ഞു, അവളെ ആകെ ഞെട്ടിപ്പിച്ചു, അവളെയും കുഞ്ഞിനേയും സ്വന്തം ജീവിതത്തിലേക്ക് കൂടുകൂട്ടാൻ ക്ഷണിച്ചുകൊണ്ട് നിൻറെ സ്നേഹവും ആത്മാർത്ഥതയും നിറഞ്ഞ ആവർത്തിച്ചുള്ള ദയാവായ്പുകൾ !. എല്ലാം എത്ര വികാരാധീനയായി….എത്രയും സത്യസന്ധമായി…ഉള്ളിൽ വേദന നിറഞ്ഞു തുളുമ്പി, വിതുമ്പികൊണ്ടാണ് ഞങ്ങളോട് അവൾ പറഞ്ഞത്, എന്ന് നിനക്കറിയാമോ ?. അന്നത്തെ അവളുടെ പ്രത്യേക സാഹചര്യങ്ങൾ മൂലം…നിൻറെ വിലപ്പെട്ട ക്ഷണം സ്വീകരിക്കാൻ കഴിയാതെ,നിന്നെ നിരാശനാക്കി പുറംതള്ളി വിട്ടത് ഉൾപ്പടെ…ഏറ്റുപറഞ്ഞു, എത്ര വേദന ഉള്ളിൽ കടിച്ചമർത്തിയതാണെന്നോ അവൾ…. കേട്ട എല്ലാവർക്കും അവിടെ തെളിഞ്ഞു കാണാൻ കഴിഞ്ഞത് അവളിലെ വല്ലാത്ത ആത്മാർത്ഥതയും ഇപ്പോഴും അടങ്ങാത്ത ആ സ്നേഹവും ആണ്. ”
ശേഷം ഹരി തുടർന്നു…” ഇത്രയും ഒക്കെ കേട്ട്, എനിക്കങ്ങനെ അടങ്ങിയിരിക്കാൻ തോന്നിയില്ല. ഈ കുറ്റസമ്മതങ്ങളിൽ അവൾ യഥാർത്ഥത്തിൽ ലക്ഷ്യമിടുന്നത് എന്ത് ?…എനിക്കത് ഉറപ്പിക്കണം ആയിരുന്നു. ഞാൻ ഒളിച്ചു പിടിക്കാതെ തന്നെ നേരിട്ട് ചോദിച്ചു…” ഇത്രയും കാലങ്ങൾക്ക് ശേഷം ഈ വെളിപ്പെടുത്തലും കുറ്റബോധവും ഒക്കെകൊണ്ട് നീ ശരിക്കും അർത്ഥമാക്കുന്നത് എന്ത് ?. ഏതെങ്കിലും ഒരു ലക്‌ഷ്യം കൈവരിക്കാൻ ആകുമോ നിനക്കിനി ?. ഉത്തമമായ ഒരു ഉത്തരത്തിന് പകരം…അവൾ അവളുടെ ഭാഗം തുടരുകയാണ് ചെയ്‌തതപ്പോൾ .അതിൽ എല്ലാം ഉണ്ടായിരുന്നു. നീ പണ്ട് ഞങ്ങളോട് വ്യാഖ്യാനിച്ചിരുന്ന, നിങ്ങളുടെ നിസ്വാർത്ഥ പ്രണയം മുതൽ….കൂട്ട ആത്മഹത്യ എന്ന ഭീഷണിയുടെ മുൾമുനയിൽ നിർത്തി വീട്ടുകാർ അവളെ അവൾക്കിഷ്‌ടപ്പെടാത്ത മറ്റൊരു വിവാഹം നിർബന്ധിച്ചു നടത്തിയത് തുടങ്ങി…അവളുടെ ജീവൻറെ ജീവനായ മകൾക്ക് വേണ്ടി പിന്നെയും ഒരിക്കൽ കൂടിയും നിന്നെ പരിത്യജിക്കേണ്ടി വന്നത് വരെയുള്ള സംഭവങ്ങൾ മുഴുവൻ. എല്ലാമെല്ലാം നിനക്കറിയാവുന്നത് ആയതുകൊണ്ട്, ഒന്നും ഞങ്ങളിവിടെ ആവർത്തിക്കുന്നില്ല. എങ്കിലും ഞങ്ങൾക്ക് പറയാനുള്ളത്….ഇവിടെ, നിൻറെ വിധിയും…ദൗർഭാഗ്യങ്ങളും മാത്രമാണ് യഥാർത്ഥ പ്രതി. ലീനയെ നമുക്ക് ഒരു വിധത്തിലും കുറ്റം പറയാൻ ഒക്കുകില്ല. അവൾ ഒരു പെണ്ണല്ലേ ?…അവളുടെ സാഹചര്യങ്ങൾ കൂടി നമ്മൾ മാനിക്കണ്ടെ ?…എത്രയെന്ന് വിചാരിച്ച