എത്തിച്ചേർന്നേക്കാം എന്ന് അറിയിച്ചിരുന്നെങ്കിലും…അവൾക്ക് എത്തിച്ചേരാൻ കഴിഞ്ഞില്ല, അവൾ സൂചിപ്പിച്ചപോലെ പകരം വന്നത് അവൾ നിയോഗിച്ച…അവർ ഇരുവരുടെയും പഴയ കലാലയ സുഹൃത്തുക്കൾ. അവർ അവനെ കൂട്ടാൻ എയർപോർട്ടിന് പുറത്തു കാറ് പാർക്ക് ചെയ്തു വന്നു കാത്തു നിൽപ്പുണ്ടായിരുന്നു. അവർ എന്നാൽ പരസ്പരം കണ്ടിട്ട് ഇരുപത് വർഷത്തോളം നീണ്ട വലിയ കഴിഞ്ഞിരുന്നു. കൃത്യമായി പറഞ്ഞാൽ…”തൊണ്ണൂറ്റി അഞ്ച് സെപ്റ്റംബർ ഒമ്പതിന്” . അന്നായിരുന്നു അലീനയുടെ ”മിന്നുകെട്ട്” നടന്നദിവസം. അന്ന് ബാറിൽ വച്ച് കണ്ട് കുടിച്ചു, ബോധമറ്റ്, പരസ്പര സന്തോഷത്തോടെ…കൈകൊടുത്തു യാത്ര പറഞ്ഞു പിരിഞ്ഞതായിരുന്നവർ. ഇപ്പോൾ മറ്റൊരു സെപ്റ്റംബർ ഒമ്പത് അരികിൽ നിൽക്കെ, അതേ ജില്ലയിലെ വേറൊരു തിരക്കാർന്ന കോണിൽ…വളരെ അപൂർവ്വത നിറഞ്ഞൊരു അവിചാരിത സുഹൃത് സംഗമം !. അതെ, അത് അവരൊക്കെ തന്നെ ആയിരുന്നു, എടു എന്ന എഡ്‌വേഡ്,ഹരി എന്ന ഹരി ഗോവിന്ദൻ,പിന്നെ ഷമീർ. കാലങ്ങൾ ഇരുകൂട്ടരിലും പ്രകടമായ വ്യത്യാസങ്ങൾ കോരി ചൊരിഞ്ഞിരുന്നു എങ്കിലും അധികം ബുദ്ധിമുട്ടുകൾ കൂടാതെ പെട്ടെന്ന് തമ്മിൽ തിരിച്ചറിഞ്ഞു മനസ്സിലാക്കിയെടുക്കാൻ സാധിച്ചു.
മൂവരെയും ഒരുമിച്ചു കണ്ട മാത്രയിൽ തീർത്തും വികാരഭരിതനായി അഭി, ഓടി അടുത്തുവന്ന് ഹസ്‌തദാനം നൽകി അഭിവാദ്യം അർപ്പിച്ചു. പുഞ്ചിരിയോടെ അവനെ എതിരേറ്റ മൂന്നുപേരും..തിരികെ ഹസ്തദാനം കൊടുത്തു മാറി മാറി ആലിംഗനം ചെയ്‌തു ഹൃദയങ്ങളിൽ ഏറ്റുവാങ്ങി. ഏറെനേരം നീണ്ടുനിന്ന വികാരഭരിത മുഹൂര്തങ്ങൾക്കും….കുശലാന്വേഷണങ്ങൾക്കും ശേഷം എല്ലാത്തിനും വിരാമമിട്ട്, പൊട്ടിച്ചിരികളോടെ നാലുപേരും ”ടൊയോട്ട ഇന്നൊവ്വ”യിലേക്ക് ഇരച്ചു കയറി. കണ്ടുമുട്ടിയ നിമിഷം മുതലേ സംസാരത്തിനൊരു പഞ്ഞവും കാട്ടാതിരുന്ന അവർ…കാറിൽ പ്രവേശിച്ചപ്പോഴേ പഴയ ഓർമ്മകളും സംഭവങ്ങളും ഓർത്തെടുത്തു തമാശകളിൽ മുഴുകി. ഒരർഥത്തിൽ ലീനയുടെ സാന്നിധ്യം അവിടെ ഒരൽപം പ്രതീക്ഷിച്ച അഭി അവളെ കാണാതെ വന്നപ്പോൾ…വെറും ഒരു അന്വേഷണം പോലെ ആദ്യം അന്വേഷിച്ചതും അവളെത്തന്നെ. അതിനുള്ള മറുപടി ‘എടു’ നൽകിയതും തമാശയിലൂടെ തന്നെ.
” ആശാനേ, പഴയ ക്ലാസ്സ്മേറ്റ്സ്…ഒക്കെ ശരിതന്നെ. എങ്കിലും ഇപ്പോൾ തമ്മിൽ അത്ര കമ്പനി ഒന്നുമല്ലാത്ത സ്‌ഥിതിക്ക് മൂന്ന് ആണുങ്ങളോടൊപ്പം ഒരു പെണ്ണ് തനിച്ചു…അത് കാരണം, ഞങ്ങള് അവളെ അത്ര നിർബന്ധിക്കാൻ ഒന്നും പോയില്ല. പോയി കൂട്ടികൊണ്ട് വരാമോ?…എന്ന് ചോദിച്ചപ്പോൾ…വരാം എന്ന് പറഞ്ഞു മറ്റൊന്നും ചോദിക്കാതെ ഞങ്ങളിങ് ഇറങ്ങി ”….”പക്ഷെ, നമ്മൾ ഇപ്പോൾ നേരെ പോകുന്നത് അവൾക്കടുത്തേക്ക് തന്നെയാ. പിന്നെയേ മറ്റെങ്ങോട്ടും ഉള്ളൂ. ”
സംസാരത്തിനിടയിലും…പിന്നിട്ടു പോകുന്ന വഴികളിൽ ആയിരുന്നു അഭീടെ കാര്യമായ ശ്രദ്ധ മുഴുവനും. നാടിനും നിരത്തിനും ഒക്കെ സംഭവിച്ച വലിയ മാറ്റങ്ങളിൽ അവൻ ഉത്കണ്ഠവാനായി. അത്യാകാംഷയോടെ നഗരത്തെയും…വഴിയോരങ്ങളെയും എല്ലാം അവൻ വല്ലാതെ പകച്ചു നോക്കി,പുറത്തേക്ക് കണ്ണുനട്ട് ഇരുന്നു. അപരിചിതങ്ങളായ ഏതൊക്കെയോ പാതകളിലൂടെ…ചുറ്റി, ഇഴഞ്ഞു വണ്ടി മുന്നേറിയപ്പോൾ….ക്ഷമ നശിച്ചു ഔൽസുക്യത്തോടെ അഭി അന്വേഷിച്ചു…..
” ഇത് എവിടെയാ ?….നമ്മൾ എങ്ങുടൊക്കെയാ ഈ പായുന്നത് ?…..”
” എല്ലാ നല്ല കാര്യവും എന്നപോലെ നമ്മുടെ ഈ പുനഃസമാഗമവും ഒരു ചായകുടിയിൽ തുടങ്ങാം. അതിനുശേഷം ആവാം നമ്മുടെ പിന്നിട്ട ഇരുപത് വർഷങ്ങളുടെകണക്കെടുപ്പ് പോരേ?”.മുൻസീറ്റിൽ ഡ്രൈവർക്കെതിരെ ഇരുന്ന ഹരി അറിയിച്ചു.