” അഭിക്ക്”….എന്ന് പരാമർശിച്ചു, അതേ മാധ്യമത്തിൽ അവന് ആദ്യം എത്തുന്നത്…അലീന എന്ന് സ്വയം വെളിപ്പെടുത്തി കൊണ്ടുതന്നെയുള്ള ഒരു ലോല ലിഖിതരൂപ സന്ദേശമായിരുന്നു. അതിൽ,- നാട്ടിൽവച്ചു നമ്മൾ പഴയ സുഹൃത്തുക്കളുടെ വാട്ട്സ്ആപ്പ് കൂട്ടായ്മ ഒരു സുഹൃത് സംഗമം സംഘടിപ്പിക്കുന്നു. ഇനിയും നീ അതിൽനിന്ന് ഒഴിഞ്ഞുമാറി ഒളിച്ചു നിൽക്കാതെ വന്ന് പങ്കെടുത്തു നിൻറെ മഹനീയ സാന്നിധ്യംകൊണ്ട് സദസ്സ് മംഗളമാക്കി തരണം- എന്ന കൂട്ടുകാർ പലപ്പോഴായി തന്നോട് ആവശ്യപ്പെട്ട് മടുത്ത സംഗതികൾ ആവർത്തിച്ചു ഓർമ്മിപ്പിച്ചുകൊണ്ടുള്ളൊരു വെറും ദൂത് മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതിന് അഭിക്കുട്ടാൻറെ യാതൊരു പ്രതികരണവും കാണാഞ്ഞിട്ടാവും…അടുത്തതായി വന്നത്, കാതിൽ തേന്മഴ പൊഴിക്കുന്ന….ലീനയുടെ സ്വന്തം സ്വരമാധുരിയിലൂടുള്ള അഭിയെ തൊട്ടുണർത്തിയ കിളിമൊഴികളായ വാക്കുകളുടെ കുളിർപ്രവാഹം !.
”അഭീ…ഇത് ആരാണെന്ന് നിനക്ക് മനസ്സിലായി കാണുമല്ലോ ?.അതോ എന്നെ നീ പൂർണ്ണമായി മറന്നുകഴിഞ്ഞോ ?.രണ്ടായാലും…നിന്നോട് ചിലത് അടിയന്തിരമായി സൂചിപ്പിക്കുവാനാണ് അനവസരത്തിലുള്ള എൻറെയീ കടന്നുകയറ്റം !. അതിന് കഴിഞ്ഞ തവണത്തെപോലെ മൗനമായ് ഒഴിഞ്ഞുമാറാതെ, തൃപ്തികരമോ?… അല്ലാതെയോ ?…ഉള്ള എന്തെങ്കിലും ഒരു ഉത്തരം നീ നൽകും എന്ന ആത്മവിശ്വാസത്തോടെ ഞാൻ തുടങ്ങട്ടെ. എന്റെ ഈ ” ആകസ്മിയ വരവ്”, ഒരിയ്ക്കലും നീ പ്രതീക്ഷിച്ചത് എന്നല്ല, ആഗ്രഹിച്ചതും ആവില്ല എന്നെനിക്കറിയാം. അതാണല്ലോ എൻറെയും നിൻറെയും ജീവിതങ്ങളിലൂടെ ആകെ കടന്നു പോയതും. കുറ്റപ്പെടുത്തുക അല്ല !…എങ്കിലും പറയട്ടെ,വെറും നിസ്സാര സൗഹൃദത്തിൽ തുടങ്ങി…എന്തൊക്കെയോ ആയി വളർന്നു…പിന്നെ അതിലും എന്തൊക്കെയോ ആയി ”പടർന്നു പന്തലിച്ചു”, വേർപിരിയാൻ കഴിയാത്തോണം ഒരു വലിയ ബന്ധമായി നാം നിന്നു. പിന്നെ, തീർത്തും അവിചാരിതമായൊരു വിള്ളൽ…ഒരു പതനം…നമ്മുടെ ജീവിതങ്ങളിൽ ഉണ്ടായി. അവിടെയാണ് മറ്റൊരു അതിജീവനമില്ലാതെ….തിരിച്ചൊരു കര കയറൽ സാധ്യമാവാതെ, നമ്മൾ ആകെ തളർന്നു തകർന്നുപോയത്. എങ്കിലും…ലോകത്തിലെ ഏതോ രണ്ട് കോണുകളിൽ രണ്ട് വെറും ”മനുഷ്യർ” ആയി നാം രണ്ടും ജീവിക്കുന്നു. നമ്മുടെ മറ്റെല്ലാ സുഹൃത്തുക്കളും പഴയ ബന്ധങ്ങൾ മാറ്റുരച്ചു പുതുക്കി… ഇന്നും സൗഹൃദങ്ങൾ ഉള്ളിൽ കാത്തുസൂക്ഷിച്ചു ജീവിതം തുടർന്ന് പോകുന്നു.നമ്മൾ മാത്രം എന്തേ…?. ഇത്രയൊക്കെയായെങ്കിലും…കാലം ഇത്രയധികം പിന്നിട്ടെങ്കിലും….നമ്മുടെ പഴയ ആ ബന്ധത്തെ നമ്മുടെ ശിഷ്‌ടമനസ്സുകളിൽ നിന്നങ്ങനെ വേരോടെ പിഴുതെറിയാൻ നമുക്ക് കഴിയുമോ ?. ഇത്രയും വര്ഷം പിന്നിട്ട്…കൗമാരവും യൗവ്വനവും ചുമ്മാ കൈവിട്ട് നമ്മൾ വാർദ്ധക്യത്തിലേക്ക് നടന്നടുക്കുന്നു. അതുകഴിഞ്ഞു വെറും ഓർമ്മയായ് മാത്രം നാം മണ്ണിൽ അലിഞ്ഞു ചേരും മുമ്പെങ്കിലും….പഴയ ആ വെറും സൗഹൃദ ബന്ധത്തിൻറെ അളവുകോൽ വച്ചെങ്കിലും ഒന്ന് അന്യോന്യം കണ്ടുമുട്ടണ്ടെ ?ശേഷം,…പരസ്പരം പറയാനുള്ളതും .കേൾക്കാനുള്ളതും…..പറഞ്ഞും കേട്ടും… ”ഒന്ന് കണ്ട്”, മാപ്പുകൾ ഏറ്റുപറഞ്ഞു,എന്നെന്നേക്കുമായി വിടചൊല്ലി പിരിയാമല്ലോ ?.അതിന്, ഒരവസരം…ഒരേയൊരു അവസരം തമ്മിൽ ലഭിക്കുന്നെങ്കിൽ…അതൊരു നല്ല കാര്യമല്ലേ ?. ഒന്ന് നേരിൽ കാണുന്നത് പോയിട്ട്, ഇന്നത്തെ ആ മുഖം ”ഫോട്ടോ”യിലൂടെ എങ്കിലും ആരും കാണണ്ടാ എന്നൊരു പിടിവാശി നിനക്കുള്ളിൽ ഉള്ളത് കൊണ്ടാവാം…സകലിടത്തും, സമൂഹ മാധ്യമങ്ങളിൽ പോലും നീയത് മറച്ചു പിടിക്കുന്നതെന്ന് എനിക്കറിയാം.ഞാൻ .ചെയ്തതും..അത്രക്ക് മാപ്പർഹിക്കാത്ത കുറ്റം ആണെന്നുള്ള തിരിച്ചറിവും എനിക്ക് നന്നായുണ്ട്. . പക്ഷെ, ഒന്ന് കാണണമെന്നും…അത്യാവശ്യം ചിലത് സംസാരിക്കണമെന്നുമുള്ള ഒരു ഗൗരവമായ അപേക്ഷ എനിക്കുണ്ട്. അത് ഞാൻ നിനക്ക് മുന്നിൽ വക്കുന്നു.ഒരു മാപ്പപേക്ഷയായി കരുതി എങ്കിലും നീയത് പരിഗണിക്കുമെന്ന് വിശ്വസിക്കട്ടെ. ഞാൻ ഇവരുടെ കൂട്ടായ്മയിൽ പെട്ട ആളോ അതിൻറെ ഒത്തുകൂടലിനായി ചുക്കാൻ പിടിക്കുന്ന അമരക്കാരിയോ അല്ല. നിന്നെ ഇത്രിടം വരെ ഒന്ന് എത്തിക്കണമെന്ന് വിചാരിച്ചു, ഇടയിൽ കടന്നുകൂടിയ വെറുമൊരു വഴിയാത്രക്കാരി മാത്രം ..അത്രതന്നെ !. എനിക്കുവേണ്ടീട്ട് അല്ലെങ്കിലും അടുത്ത് വരുന്ന…”സുഹൃത്‌സംഗമ”കൂടിക്കാഴ്ച കാംഷിച്ചു നീ നാട്ടിൽ വരാൻ തയ്യാറാവുക. കാരണം, അങ്ങനെങ്കിൽ -ഞാൻ വിളിച്ചു നീ വന്നു- എന്നുള്ള ദുഷ്‌പേരിൽ നിന്ന് നിനക്ക് രക്ഷപെടുകയും .ആവാം..എല്ലാവരെയും കണ്ട് സൗഹൃദം പുതുക്കി പോകുന്നു എന്ന് നിനക്ക് പറയുകയും ചെയ്യാം. ചുരുക്കത്തിൽ നമ്മൾ മൂന്ന് കൂട്ടരുടെയും എല്ലാ സംഗതികളും ഒതുക്കത്തിൽ നടത്തി മടങ്ങുക ആവാം.