അപ്പോഴും ബന്ധമറ്റുനിന്ന സ്വന്തം വീട്ടുകാരെയും കുടുംബക്കാരെയും വിളിച്ചു ഒരു വിളക്കി ചേർക്കൽ. അതല്ലെങ്കിൽ മറ്റൊരു പെൺകുട്ടിക്ക് പുടമുറി കൊടുത്തു സ്വീകരിച്ചു ചങ്ങാതിമാരെപ്പോലെ പുതിയൊരു സന്തുഷ്‌ടജീവിതം. അനുരഞ്ജനത്തിൻറെ യാതൊരു മാറ്റകച്ചവടവും അങ്ങനൊരു ദശാസന്ധിയിലും അഭിയെ ലവലേശം സ്പർശിച്ചതേയില്ല. അത്തരം സ്വകാര്യ ദുഃഖസങ്കീർത്തനങ്ങൾ ഒരാളുമായും പങ്കുവെക്കാനും മനസ്സു കാണിച്ചുമില്ല. വളരെ നേരം നീണ്ടു നിൽക്കുന്ന പാരസ്പര്യ സമ്പർക്കങ്ങൾക്കിടയിൽ ഒരിക്കൽപോലും അവൻറെ പരിത:സ്‌ഥിതി മനസ്സിലാക്കി, അത്തരം ചിന്തകളിലേക്ക് അഭീടെ ഉള്ളം വഴുതിയിറക്കാൻ….കെട്ടടങ്ങിയ ചാരക്കൂനയിലേക്ക് എന്തെങ്കിലും കനല് തിരയാൻ…..ഏവരാലും പരിശ്രമിച്ചതുമില്ല. സൗഹൃദങ്ങൾക്കിടയിലെ ആ വിധം മൂല്യവത്താർന്ന ഇടപെടീലുകൾ അഭിക്ക് അവരോടുള്ള കൂറും വിശ്വാസവും വർധിപ്പിച്ചു സന്മനസ്സോടെ സഹകരിച്ചു ഒത്തുപോകാൻ ഒരുപാട് വളമായി.
അടുത്ത ആണ്ട് , കൊല്ലവർഷം രണ്ടായിരത്തി പതിനാറിലും (2016 )….ദുബായിലെയും ലോകത്തിൽ എവിടെയും പോലുള്ള രൂപാന്തരങ്ങൾ കൊച്ചു കേരളത്തിലും സംഭവിച്ചു ധാരാളം . ഇന്ത്യൻ പ്രതിരോധസേനയിലെ ഉദ്യോഗസ്‌ഥനായ ഭർത്താവിനൊപ്പം ഭാരതം മുഴുവൻ ചുറ്റിസഞ്ചരിച്ചു, ഒരു ആൺകുഞ്ഞിന് ജന്മം നൽകി…കുടുംബവീട്ടിൽ വിശ്രമജീവിതം തുടരുന്ന ശ്രീക്കുട്ടി ഒടുവിൽ…സുഖവാസത്തിന് ശേഷം കുഞ്ഞും കാന്തനുമായി അതിർത്തി സംസ്‌ഥാനത്തിലേക്ക് യാത്രയായി.അഭിരാമിയുടെ നവനീതിന് ശേഷം ജനിച്ച മകൾ നവമി, ഹൈസ്‌കൂൾ പിന്നിട്ട് പ്ലസ് വണ്ണിൽ ആയി. ഇതൊക്കെയായിരുന്നു സംഭവവികാസങ്ങളിൽ ചിലവ. ഇതൊന്നും പക്ഷെ തീരെ അഭിയെ ബാധിക്കുന്ന പ്രശ്നങ്ങളെ ആയിരുന്നില്ല. എങ്കിലും നാട്ടിലെ ഇത്തരം കുറെ കേട്ടറിവുകൾ അവൻറെ കാതുകളെ തലോടി കടന്നുപോയ്കൊണ്ടിരുന്നു. ഇതിലൊക്കെ ഏറെ അഭിയെ അതിശയിപ്പിച്ചത്…ഇത്രയും നീണ്ട തുടർച്ചയായ ഗൾഫ് വാസത്തിൽ ഒരിക്കൽപോലും അലീന എന്ന തൻറെ മുന്കാമുകിയുമായി ബന്ധപ്പെടുന്ന എന്തെങ്കിലും ഒരു വാർത്ത, അഭിയുടെ കൺ,കാതുകളെ തേടി എത്തിയിരുന്നില്ല എന്നതായിരുന്നു. നോവ് പൊള്ളലേൽപ്പിച്ച അവൻറെ ഹൃദയത്തിനെ അറയിൽ നെരിപ്പോട് പോലെ ഞെരിഞ്ഞു നീറിപുകഞ്ഞു കൊണ്ടിരുന്ന ഭസ്‌മം മൂടിയ ചെന്തീകനലുകൾ അബോധമണ്ഡലത്തിൽ എന്നും അണയാത്ത ചിരാനാളമായിരുന്നു. എപ്പോഴും ഓർത്തിരിക്കാൻ കഴിയില്ലേലും ഒരു വിസ്‌മൃതിക്കും അവളെ കൈവിട്ടുകൊടുത്തു ഓടിയൊളിക്കാൻ സാധിക്കില്ലായിരുന്നവന് .
അഭിക്ക് ലീന എങ്ങനെയാണോ ?…അതിനേക്കാൾ പതിൻമടങ്ങ് തീവ്രം ആയിരുന്നു, തന്നെ തീരെ ഓർമിക്കുകയേ ഉണ്ടാവില്ല എന്ന് അഭി ഉറച്ചു വിശ്വസിച്ച അലീനക്ക് അഭി. അവനെ മറക്കുന്നത് പോയിട്ട്, അവൻറെ നഷ്‌ടസ്‌മരണകൾ നിറഞ്ഞു തുളുമ്പാത്തൊരു രാവും പകലും ഉണ്ടായിരുന്നില്ല അവൾക്ക്… അവനെ കൈവിട്ട നാളുകൾക്ക് ശേഷം ഒരിക്കലും. അഭിയുമായി പങ്കിട്ട നല്ല നിമിഷങ്ങളുടെ തേന്മധുരത്തേക്കാൾ അധികം…ഒരുപക്ഷെ അവൾ ഓർത്തു പരിതപിച്ചു സമയം ചെലവിട്ടത് മുഴുവൻ , അവനോട് അവൾ കാണിച്ച കടുംകൈകൾ ആലോചിച്ചാവാം. അറിയാതെ ആണെങ്കിലും…ആ വേട്ടയാടലുകൾ എപ്പോഴും അവളുടെ ഉള്ളം മഥിച്ചു, കണ്ണീർ പൊഴിയിച്ചുകൊണ്ടിരുന്നു .ആവശ്യത്തിലധികം പണവും…സുഖസൗകര്യങ്ങളും ഓമനയായൊരു മകളും കൂടെ ഉണ്ടായിരുന്നെങ്കിലും….ലീനയുടെ ജീവിതം ഒട്ടും സുഖകരം അല്ലായിരുന്നു, എന്നതായിരുന്നു മറ്റൊരു മുഖ്യവസ്തുത. എങ്കിലും, എല്ലാമെല്ലാം കുഴിവെട്ടി മൂടാൻ ശ്രമിച്ചു, തൻറെ പ്രിയപ്പെട്ട ‘മിലിമോൾ’ ളിൽ അവൾ സകല സ്വർഗ്ഗവും കണ്ടെത്തി….എല്ലാവര്ക്കും മുൻപിൽ സ്വസ്‌ഥത അഭിനയിച്ചു, ആർക്കോ?…എന്തിനോ ?…വേണ്ടി അവൾ ജീവിതം തുടർന്നു. മിലിമോൾ ആകട്ടെ….തന്നിൽ അമ്മ അർപ്പിച്ച എല്ലാ വിശ്വാസങ്ങൾക്കും തുണ ഏകി, വിശ്വസ്തതയോടെ നല്ല പഠന മികവ് പുലർത്തി…എല്ലാറ്റിലും ഒന്നാമയായി അവൾ പഠിച്ചു മിടുക്കിയായി മുന്നോട്ടുപോയി.