ആ കടയിൽ നിന്നും ഇറങ്ങിയപ്പോൾ എന്റെ നെഞ്ചിടിപ്പ് കൂടിയിരുന്നു.. അതെനിക്ക് ചെവിയിൽ കേൾക്കാൻ പറ്റുന്ന പോലെ തോന്നി. ഞാൻ നോക്കുമ്പോൾ ആ കടയുടെ ഓപ്പോസിറ്റ് ഒരു മെഡിക്കൽ ഷോപ്പാണുള്ളത്.. അതിലാണെങ്കിൽ ഒരു പെൺകുട്ടിയും അതു കണ്ടതും എന്റെ മനസ്സിൽ ഒരു ലഡ്ഡു പൊട്ടി…
പക്ഷെ ആ പെൺകുട്ടിയോട് ഞാൻ എങ്ങനെ ഇത് പറയും… അപ്പോഴും എന്റെ മടി പോയിട്ടില്ല… എന്തായാലും ഈ നറികളുടെ അടുത്തു നിന്നും വാങ്ങുന്നതിനെക്കാൾ നല്ലത് അവിടെ നിന്നും വാങ്ങുന്നത് തന്നെ ആണ്.. ഒന്നുമില്ലേലും അതൊരു പെൺകുട്ടി അല്ലേ…. എല്ലാം മനസ്സിലുറപ്പിച്ച് ഞാൻ നേരെ റോഡ് ക്രോസ്സ് ചെയ്ത് മെഡിക്കല് ഷോപ്പിലേക്ക് ചെന്നു..
ഞാൻ അവിടേക്ക് ചെന്നതും എന്തുവേണം എന്ന ഭാവത്തിൽ അവൾ എന്റെ നേരെ നോക്കി.. ഞാൻ അവളെ നോക്കി അൽപ്പം ധൈര്യത്തിൽ അത് പറയണം എന്ന് വിചാരിച്ചെങ്കിലും ആ സമയം ആയപ്പോൾ എന്തോ എനിക്കൊരു മടിപോലെ… അവിടെ അവന്മാര് കളിയാക്കുമോ എന്നായിരുന്നു എങ്കിൽ., ഇവിടെ ഈ കുട്ടിയോടെങ്ങനെ പറയും എന്നാണ് പ്രശ്നം..
എന്താ വേണ്ടേ..??
– ആ കുട്ടി വളരെ സൗമ്യമായി എന്നെ നോക്കി ചോദിച്ചു. അത് കേട്ടതും എനിക്ക് കുറച്ചാശ്വാസമായി.
എനിക്കൊരു…ഒരു…
– എവിടെ നിന്നോ ധൈര്യം കിട്ടിയത് പോലെ ഞാൻ പറയാൻ തുടങ്ങിയതും രേഷ്മ പറഞ്ഞു തന്ന സാധനത്തിന്റെ പേര് ഞാൻ മറന്നു പോയി.. ആ കുട്ടി വീണ്ടും ഞാൻ പറഞ്ഞത് എന്താണെന്ന് മനസ്സിലാവാത്ത സംശയത്തോടെ എന്നെ നോക്കി.. ഇതിപ്പോ ഇടിവെട്ടിയവന്റെ തലയിൽ പാമ്പ് കടിച്ചതു പോലെയായല്ലോ ദൈവമേ….. ഞാൻ ആ പെൺകുട്ടിയുടെ പുറകിലുള്ള ഷെൽഫിലേക്ക് നോക്കിയപ്പോൾ അവിടെ ഷെൽഫിൽ സാധനം നീലക്കളർ പാക്കറ്റ് ആയി ഇരിപ്പുണ്ട്… പിന്നെ ഒന്നും നോക്കാതെ കിട്ടിയ ധൈര്യം പോവും മുന്നേ കടയിലെ ഷെൽഫിൽ ഇരിക്കുന്ന സാധനം ചൂണ്ടിക്കാട്ടി ഞാൻ പറഞ്ഞു.
ദേ… ആ സാധനം.
ഞാൻ ചൂണ്ടിയ സാധനം എന്താണെന്ന് മനസ്സിലായതും ഒന്നും മിണ്ടാതെ ആ കുട്ടി തിരിഞ്ഞു ഷെൽഫിൽ നിന്നും സാധനം എടുത്ത് പൊതിഞ്ഞു എന്റെ കയ്യിൽ തന്നു. ഞാൻ അതിനു കാശുകൊടുത്ത് തിരിഞ്ഞതും ഒരു യുദ്ധം ജയിച്ച ആവേശമായിരുന്നെനിക്ക്. ഞാൻ പിന്നെ ഒന്നും നോക്കാതെ കിഷോറിന്റെ ഷോപ്പിന് മുന്നിൽ നിന്നും വണ്ടിയെടുത്ത് വീട്ടിലേക്ക് വെച്ചു പിടിച്ചു.. ഇനി വേണം അവളുടെ മുന്നിൽ കിടന്നൊന്ന് ആളാവാൻ…. എന്നെക്കുറിച്ചുള്ള അവളുടെ എല്ലാ തെറ്റിദ്ധാരണയും മാറ്റണം..
ക്ലിങ്…ക്ലിങ്…
ഞാൻ ആവേശത്തോടെ വീട്ടിലെ കോളിംഗ് ബെല്ലടിച്ചു.. പക്ഷെ വാതിൽ തുറക്കാത്തത് കണ്ടപ്പോൾ എന്റെ ക്ഷമ നശിച്ചു. ഞാൻ വീണ്ടും കോളിങ് ബെല്ലിൽ വിരലമർത്തി..
ക്ലിങ്…ക്ലിങ്…
അപ്പോഴേക്കും അവൾ വന്ന് വാതിൽ തുറന്നു.. ഞാൻ രണ്ടാം തവണ ബെല്ലടിച്ചതും അവൾ വാതിൽ തുറന്നതും ഒപ്പമായിരുന്നു.
എന്താ ഗിരി ഇത്..? ഞാൻ വന്നു തുറക്കില്ലേ…?
– അവൾ അൽപ്പം ദേഷ്യത്തിലാണെന്ന് എനിക്കവളുടെ സംസാരത്തിൽ നിന്നും മനസ്സിലായി.. ഞാൻ അവളെ ഒന്ന് തണുപ്പിക്കാനെന്നപോലെ പറഞ്ഞു..