യുഗം 11 [Achilies]

Posted by

മലർന്നു കിടന്നു ശ്വാസം വലിച്ചു വിടുമ്പോൾ ഒക്കെ ഹൃദയം മിടിക്കുന്നത് ചെവിയിൽ എനിക്ക് കേൾക്കാമായിരുന്നു.
തല പിളരുന്ന പോലെ പക്ഷെ കണ്ണടക്കാൻ വയ്യ കണ്ണടച്ചാൽ അവളാണ് കണ്മുന്നിൽ, മീനാക്ഷി. നെറ്റിയിൽ കുറിയും കറുത്ത് കുറുകിയ മുടിയും, തുടുത്ത കവിളിണകളിൽ എന്നെ മയക്കിയ പാൽപുഞ്ചിരിയിൽ തെളിയുന്ന നുണക്കുഴികളുമായി. എന്നും എന്നെ കാത്തു നിന്നിരുന്ന അവൾ, പക്ഷെ കൂടുതൽ നേരം കണ്ട് നില്ക്കാൻ കഴിയില്ല, നേരത്തോടൊപ്പം അവളുടെ രൂപവും മാഞ്ഞു വരുന്നു പകരം ഇന്ന് കണ്ട എനിക്ക് പോലും അറിയാത്ത മീനാക്ഷി.
ഈശ്വരാ എന്തിന് എന്നെ ഈ കാഴ്ച കാണിച്ചു.
ഉള്ളു നീറി ഞാൻ പറയുമ്പോൾ, കണ്ണീരൊഴുകി എന്റെ കണ്ണ് മൂടി തുടങ്ങിയിരുന്നു.
നീർപാളികൾ നിറഞ്ഞ മൂടുപടത്തിന് അപ്പുറം വ്യക്തമല്ലാതെ കണ്ട രൂപമാണ്, എന്നെ വീണ്ടും തിരികെ കൊണ്ടുവന്നത്. കണ്ണ് തുടച്ചു എഴുന്നേറ്റ എന്നെ നോക്കി ഹേമ നിൽപ്പുണ്ടായിരുന്നു.
ഞാൻ നോക്കുന്നത് കണ്ടതും, നിറഞ്ഞു തുളുമ്പിയ കണ്ണീര് പുറം കൈകൊണ്ട് തുടച്ചു അവർ എന്നെ നോക്കി.”മോന് ഇപ്പോഴും ഇഷ്ട്ടാരുന്നല്ലേ അവളെ……….”

അവരുടെ ചോദ്യത്തിന് എനിക്ക് ഉത്തരമുണ്ടായിരുന്നില്ല.
അവർ ഒരുത്തരം പ്രതീക്ഷിച്ചുമിരുന്നില്ല. എന്റെ മുഖത്ത് നിന്ന് തന്നെ അവർ ഉത്തരം കണ്ടെത്തി.

“ഭാഗ്യം കെട്ടവളാ എന്റെ മോള് എന്നെ പോലെ, ആഗ്രഹിച്ച ജീവിതം ജീവിക്കാൻ ഭാഗ്യമില്ലാത്ത ജന്മങ്ങൾ……. പക്ഷെ എന്റെ മോൾടെ ഭാഗ്യം തല്ലികെടുത്തിയത് ഞാൻ തന്നെ ആണല്ലോ എന്നോർക്കുമ്പോഴാ…….”
പിടിച്ചു നിർത്താൻ കഴിയാതെ വിങ്ങിപ്പൊട്ടി കരഞ്ഞു കൊണ്ടവർ ഒരു താങ്ങില്ലാതെ കുഴഞ്ഞു താഴേക്ക് വീഴാൻ പോയത് കണ്ടാണ് ഞാൻ അവരെ ചേർത്ത് പിടിച്ചത്. ഒരു താങ്ങിന് കൊതിചെന്നപോലെ എന്നോട് ചേർന്ന് ആഹ് മാടത്തിൽ അവർ ഇരുന്നു. നെഞ്ചിനെ നനച്ചിറങ്ങിയ കണ്ണീരിന്റെ മഴ ഒന്ന് പെയ്തൊഴിഞ്ഞപ്പോൾ അവർ പറഞ്ഞു തുടങ്ങി, മീനാക്ഷിയെ എന്നിൽ നിന്നും ജീവിതത്തിൽ നിന്നും പറിച്ചെറിഞ്ഞ കഥ….

*******************************************************************

ഒട്ടും പ്രതീക്ഷിക്കാതെ ജീവിതത്തിൽ ഉണ്ടായ അനുഭവം അതിൽ ഉരുത്തിരിഞ്ഞ പുതിയ സാഹചര്യം മീനുവിനെ ആകെ ഉലച്ചിരുന്നു. കൂടെ രക്ഷിച്ച ജീവനായി കണ്ട ആൺ എട്ട് വർഷത്തേക്ക് തനിക്ക് വേണ്ടി ജയിലിൽ പോയതും കൂടി ആയപ്പോൾ, നോർമൽ ലൈഫിലേക്ക് വരാൻ അവൾക്ക് കുറച്ചു സമയം വേണ്ടി വന്നു. പക്ഷെ നിന്നോടുള്ള പ്രണയം അത് മാത്രമായിരുന്നു അവളെ പിടിച്ചു നിർത്തിയത്. ഓരോ നിമിഷവും നിന്റെ തിരിച്ചു വരവ് എണ്ണി കാത്തിരുന്നു എന്റെ മോള്……
നീ പോയതോടെ ഒറ്റയ്ക്കായിപോയ അവളെ ഒത്തിരി നിർബന്ധിച്ചാണ് പരീക്ഷ എഴുതിച്ചത്, പക്ഷെ അവളുടെ ഉള്ളിൽ തിങ്ങി നിന്ന നിന്റെ നഷ്ടങ്ങളുടെ ഓർമ്മകളാവണം അവൾ ഒരു വരിപോലും ഒരു പരീക്ഷയ്ക്കും എഴുതിയില്ല. വീട്ടിൽ എപ്പോഴും ഒരു മുറിയിൽ അടച്ചുമൂടി ഇരുന്നു കരയും, പിന്നെ വരയ്ക്കും രാത്രികൾ നീളുവോളം, കണ്ട സ്വപ്നങ്ങളെല്ലാം ഓർത്തെടുത്തു വരച്ചു അവൾ വീണ്ടും കരയും. അവളെ നഷ്ടപ്പെടുമോ എന്ന് തോന്നിയപ്പോളാണ് മോൾടെ അച്ഛനൊന്നു വീണുപോയത്. ഒരു സ്‌ട്രോക്ക് വന്നതാ അതിനു കാണിച്ചപ്പോൾ ലങ്സ് കാൻസർ കൂടി കണ്ടെത്തിയതോടെ തകർച്ച പൂർണ്ണമായി.

Leave a Reply

Your email address will not be published. Required fields are marked *