🖤രാവണത്രേയ 5🔥 [ മിഖായേൽ]

Posted by

_________________________________ഈ സമയം രാവൺ റീഡിംഗ് റൂമിൽ നിന്നും സ്വന്തം റൂമിലേക്ക് നടന്നു ചെന്നു….റൂമാകെ പരതിയിട്ടും അവിടെയെങ്ങും അവന് ത്രേയയെ കണ്ടെത്താൻ കഴിഞ്ഞില്ല…ബെഡിലും,ബാത്റൂമിലും റൂമാകെയും അവൻ അവളെ അന്വേഷിച്ചെങ്കിലും എവിടെയും അവൾ ഉണ്ടായിരുന്നില്ല…

ഇവളിതെവിടെ പോയി…ഇനി അവൾടെ റൂമിലേക്ക് തന്നെ പോയിട്ടുണ്ടാക്വോ…???

രാവൺ അതും ചിന്തിച്ചു നിന്നപ്പോഴാണ് ബാൽക്കണി ഡോറ് തുറന്ന് കിടക്കുന്നത് അവന്റെ ശ്രദ്ധയിൽ പെട്ടത്… അത് കണ്ട് അവനവിടേക്ക് നടന്നടുത്തു…ഗ്ലാസ് ഡോറ് ചെറുതായി നീക്കിയതും ത്രേയ ആരോടോ കാര്യമായി സംസാരിക്കുന്ന ശബ്ദം അവന്റെ കാതിൽ പതിഞ്ഞു….

ഈ പാതിരാത്രിയിൽ ഇവൾക്ക് ഏതവനോടാ ഇത്ര കാര്യമായി സംസാരിക്കാനുള്ളത്…

രാവൺ സ്വയം പിറുപിറുത്തു കൊണ്ട് പല്ല് ഞെരിച്ച് അവളുടെ സംസാരത്തിന് കാതോർത്തു….

ഇന്നെന്റെ വിവാഹം വളരെ ഭംഗിയായി നടന്നു…
ഞാനിന്നലെ പറഞ്ഞിരുന്നല്ലോ രണ്ടാളും എത്തണംന്ന്…എന്നിട്ടെന്താ വരാതിരുന്നത്….
ന്മ്മ… എനിക്കറിയാം നിങ്ങള് വരുംന്ന്… എവിടെയാ എന്നിട്ട് ഞാൻ കാണാതെ മറഞ്ഞിരുന്നത്….

അവളുടെ കൊഞ്ചിയുള്ള വർത്തമാനം കേട്ടതും രാവണിന് അടിമുടി തരിച്ചു കയറി…അവളാരോടാണ് സംസാരിക്കുന്നതെന്നറിയാനായി അവനാ ഗ്ലാസ് നീക്കി പുറത്തേക്ക് തലയെത്തി നോക്കി…അപ്പോഴവന് വ്യക്തമായി ത്രേയയെ കാണാൻ കഴിയുന്നുണ്ടായിരുന്നു….

അവളുടെ ദൃഷ്ടി വാനിൽ തെളിഞ്ഞു നിൽക്കുന്ന രണ്ട് നക്ഷത്രങ്ങളിലേക്കായിരുന്നു…അവളവരോട് പരിഭവങ്ങളും പിണക്കങ്ങളും പറഞ്ഞു നിൽക്കുന്നത് കണ്ടപ്പോ രാവണിന് നേരിയ ആശ്വാസം തോന്നി….ആ ആശ്വാസത്തോടെ തന്നെ അവനവളുടെ സംസാരത്തിന് കാതോർത്തു നിന്നു…

രാവൺ എന്നെ ചെറുതായി ഒന്ന് തല്ലിയെന്നേയുള്ളു അച്ഛാ… എങ്കിലും ആ മനസിൽ നിറയെ എന്നോടുള്ള സ്നേഹമാ…അതച്ഛനറിയില്ലേ… അതുകൊണ്ട് അമ്മയോട് പറ വിഷമിക്കണ്ടാന്ന്…ദേ അമ്മേടെ മുഖത്തെ ചിരി മങ്ങിയിരിക്കുന്നു….

ഇടയ്ക്കിടെ മിന്നിനിൽക്കുന്ന നക്ഷത്രങ്ങളെ നോക്കി അവളങ്ങനെ പറയുന്നത് കണ്ടതും രാവണിന്റെയുള്ള് കുറ്റബോധത്താൽ നീറിപ്പുകഞ്ഞു….അവളെ തല്ലിയതോർത്ത് വീണ്ടുമവൻ പശ്ചാത്തലത്താൽ വിരലുഴിഞ്ഞ് നിന്നു….

അപ്പോഴും ആ നക്ഷത്രങ്ങളോട് കുസൃതികളും കുറുമ്പുകളും പറഞ്ഞ് നിൽക്ക്വായിരുന്നു ത്രേയ…..രാവൺ അതെല്ലാം നോക്കി കണ്ട ശേഷം ഉള്ളിലെ ദേഷ്യത്തിന് ശമനം വരുത്തി ബെഡിലേക്ക് വന്നു കിടന്നു…നൂല് പൊട്ടിപ്പോയ പട്ടം കണക്കെ അവന്റെ മനസ് എവിടേക്കോ സഞ്ചരിക്കുകയായിരുന്നു.ത്രേയയ്ക്ക് മുന്നിൽ പ്രത്യക്ഷമായോ, പരോക്ഷമായോ ഒരു യുദ്ധം പ്രഖ്യാപിക്കാനോ,അവളെ വാക്കുകൾ കൊണ്ട് മുറിവേൽപ്പിക്കാനോ അവന് കഴിയില്ല എന്ന സത്യം രാവണാ നിമിഷം തന്നെ തിരിച്ചറിഞ്ഞു… എങ്കിലും തന്നെ ചതിച്ചു കടന്നുപോയ അവളോടുള്ള പക ആ തിരിച്ചറിവിനും മേലെ വിജയം നേടുകയായിരുന്നു…
മനസിനെ മഥിച്ചു കൊണ്ടിരുന്ന ആയിരം ചിന്തകൾക്കപ്പുറം മദ്യത്തിന്റെ ലഹരി കൂടി തലച്ചോറിനെ വേട്ടയാടാൻ തുടങ്ങിയതും രാവൺ മെല്ലെ മയക്കത്തിലേക്ക് വഴുതി വീണു….
_________________________
ഈ സമയം വൈദിയും,പ്രഭയും കൂടി തങ്ങളുടെ പ്ലാനുകൾ വിജയം കണ്ടതിന്റെ ആഘോഷ തിമിർപ്പിലായിരുന്നു…
സുഗത് മാത്രം എല്ലാറ്റിലും നിന്നും വിട്ടൊഴിഞ്ഞ് തന്റെ ലോകത്തേക്ക് മാത്രമായി ഒതുങ്ങി….
പൂവള്ളിയിലെ ഒരുവിധപ്പെട്ട സ്ത്രീ ജനങ്ങളെല്ലാം നിദ്രയെ പുൽകിയിട്ടും വേദ്യ മാത്രം ഓരോ കണക്കുകൂട്ടലുകളോടും,ത്രേയയോടുള്ള പകയോർത്തും റൂമിൽ അങ്ങോട്ടുമിങ്ങോട്ടും നടക്ക്വായിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *