ഒരു ശുദ്ധികലശത്തിന്റെ ആവശ്യമുണ്ട്…സാരല്യ…
ഇന്നത്തേക്ക് ഈ ലങ്ക ഇങ്ങനെ തന്നെ കിടക്കട്ടേ…നാളെ ഞാനിവിടം ഒരു പൂങ്കാവനം ആക്കിക്കോളാം….അത് കഴിഞ്ഞ് ഈ ത്രേയേടെ അടുത്ത ലക്ഷ്യം ഈ ലങ്കയിലെ രാവണനാ….
ത്രേയ അതും മനസ്സിലോർത്തു കൊണ്ട് ഒന്ന് പുഞ്ചിരിച്ചു…
_________________________
ഈ സമയം കിച്ചണിനരികെയിരുന്ന ഫ്രിഡ്ജിൽ നിന്നും ഐസ് ക്യൂബ്സ് എടുക്കാൻ വന്നതായിരുന്നു ശന്തനു… ഫ്രിഡ്ജ് തുറന്ന് ഫ്രീസറിൽ നിന്നും അതെടുക്കുന്ന ശബ്ദം കേട്ടതും കിച്ചണിലെ ജോലി ഒതുക്കി നിന്ന കൺമണി അവനടുത്തേക്ക് വന്നു…
ഇതെന്താ ശന്തനു….കള്ളന്മാരെ പോലെ പാത്തും പതുങ്ങിയും വന്ന് ഇവിടെ എന്തെടുക്ക്വാ…
കൺമണിയെ കണ്ടതും ശന്തനു അവിടെ നിന്ന് ആകെയൊന്ന് പരുങ്ങി… കൈയ്യിൽ കരുതിയ ബോക്സ് പതിയെ അവനവളിൽ നിന്നും പിന്നിലേക്ക് മറച്ചു പിടിച്ചു…അത് കണ്ടതും കൺമണി ഒരു സംശയഭാവത്തോടെ പിന്നിലേക്ക് തലയെത്തി നോക്കി…
എന്താ ശന്തനു..എന്താ ഈ മറച്ചു പിടിച്ചിരിക്കുന്നേ..
ഐസോ,സോഡയോ,
അതോ കോളയോ…..
കൺമണി ഒരു ചിരിയൊതുക്കി അങ്ങനെ ചോദിച്ചതും ശന്തനു അവൾക് മുന്നിൽ ഒരവിഞ്ഞ ചിരി പാസാക്കി നിന്നു…
ഐസ് എടുക്കാൻ വന്നതാ കൺമണീ…അച്ചൂന് നല്ല തലവേദന… നെറ്റിയിൽ വയ്ക്കാൻ…
ശന്തനൂന്റെ ആ പറച്ചില് കേട്ട് കൺമണി ഇരുകൈയ്യും നെഞ്ചിന് മീതെ കെട്ടി വച്ച് അവനെ ഇരുത്തി ഒന്ന് നോക്കി…
അച്ചൂനല്ല…നിങ്ങള് വന്ന് കേറിയതിൽ പിന്നെ എനിക്കാ തലവേദന…
ശന്തനു അതുകേട്ട് സംശയഭാവത്തോടെ നെറ്റി ചുളിച്ചു നിന്നു…
മനസിലായില്ല ല്ലേ…നിങ്ങടെയൊക്കെ റൂം വൃത്തിയാക്കി ഞാൻ മടുത്തു…അതന്നെ..
ഈ അടുക്കളപ്പണിയൊന്ന് ഒതുക്കീട്ട് വേണം എനിക്കൊന്ന് നടുചായ്ക്കാൻ…അത് കഴിഞ്ഞ് നേരം പുലരുമ്പോ മൂന്ന് പേരും കൂടി പൂരപ്പറമ്പ് ആക്കിയിടില്ലേ റൂമാകെ…
കൺമണി പറയുന്നതെല്ലാം കേട്ട് ചെറിയൊരു കുറ്റബോധത്തോടെ നിൽക്ക്വായിരുന്നു ശന്തനു..
അതേ…ഞാനീ പറഞ്ഞതിന്റെ പേരിൽ ഇനി സാറന്മാരുടെ പതിവ് കലാപരിപാടിയില് മാറ്റം വരുത്താൻ നിൽക്കണ്ട..ചെന്നോളൂ…
കൺമണി അത്രയും പറഞ്ഞ് ഒന്ന് പുഞ്ചിരിച്ച് കിച്ചണിലേക്ക് നടക്കാൻ ഭാവിച്ചു…
അതേ കൺമണീ…ഒന്നു നിന്നേ…
പെട്ടെന്ന് പിന്നിൽ നിന്നും ശന്തനൂന്റെ വിളി വന്നു…അത് കേട്ടതും അവള് അവന് നേരെ മുഖം തിരിച്ചു…
ന്മ്മ..എന്താ…??
ഞാൻ നേരത്തെ ചോദിക്കണംന്ന് കരുതിയതാ…പിന്നെ വേണ്ടാന്ന് വച്ചു…തനിക്ക് ഞാൻ ചോദിക്കാൻ പോകുന്ന കാര്യം സങ്കടമാകുമെങ്കിൽ എനിക്ക് മറുപടി തരണംന്നില്ല…