ഞാനെന്റെ മോനെ തെറ്റുകാരനാക്കാൻ പറഞ്ഞതല്ല…അമ്മ ഒരുപദേശം പോലെ പറഞ്ഞൂന്നേയുള്ളൂ..മോനത് മനസിലൊന്ന് സൂക്ഷിച്ചിരുന്നാൽ മതി….
പിന്നെ വേറൊരു കാര്യം കൂടി പറയാനാ അമ്മ ഇപ്പോ ഇവിടേക്ക് വന്നത്….
മോനീ വേഷമൊക്കെയൊന്ന് മാറ്റി ദേ ഈ ഡ്രസ്സണിഞ്ഞ് താഴേക്ക് വരണം…
അത് കേട്ടതും രാവണിന്റെ നോട്ടം വൈദേഹിയുടെ കൈയ്യിലിരുന്ന പായ്ക്കറ്റിലേക്ക് പാഞ്ഞു…
ഇതെന്താ…??ഞാനെന്തിനാ ഇപ്പൊ താഴേക്ക് വരുന്നത്…??
താഴെ വിവാവത്തിനോട് അനുബന്ധിച്ച് ചെറിയൊരു പൂജ നടത്താനുണ്ട്…മോനും ത്രേയ മോളും ചേർന്നാണ് അത് ചെയ്യേണ്ടത്…
ഇതും വൈദി അങ്കിളിന്റെ തീരുമാനം തന്നെയാണോ…??
രാവണിന്റെ ചോദ്യത്തിൽ അല്പം ഗൗരവം നിറഞ്ഞിരുന്നു…
അതെന്താ മോനേ നീ അങ്ങനെ പറഞ്ഞത്…??
അത് കേട്ട് രാവൺ പരിഹാസച്ചുവയോടെ ഒന്ന് പുഞ്ചിരിച്ചു…
അല്ല ഈ വിവാഹവും അതുകൊണ്ടുള്ള ലാഭവും വൈദിയങ്കിളിനല്ലേ…അമ്മ ശരിയ്ക്കും ഒന്നും അറിയുന്നില്ല എന്നുള്ളതാണ് സത്യം… അച്ഛൻ പോലും എല്ലാം അമ്മയിൽ നിന്നും മറച്ചു വയ്ക്കുന്നു…
രാവൺ…നീയെന്തൊക്കെയാ ഈ പറയുന്നത്…
അച്ഛൻ എന്ത് മറച്ചു വച്ചൂന്നാ…
ഈ വിവാഹം ഒരു തന്ത്രമാണമ്മേ…ഇത് നടന്നാൽ അവളില്ലാതാവും… എന്നെന്നേക്കുമായി…
അവൾടെ മരണമാ ഇവിടെ നടക്കാൻ പോകുന്നത്… അതുകൊണ്ടാ ഈ വിവാഹം വേണ്ട എന്നു ഞാൻ വാശി പിടിയ്ക്കുന്നത്…
അത് പറയുമ്പോ രാവണിന്റെ ഉള്ളം പിടയുകയായിരുന്നു…എത്ര വെറുക്കാൻ ശ്രമിച്ചിട്ടും ത്രേയ എന്ന പ്രണയം അവനിൽ കൊടുങ്കാറ്റായി ആഞ്ഞു വീശി കൊണ്ടിരുന്നു….
ആരുടെ മരണം… തെളിച്ചു പറ രാവൺ…
വൈദേഹി അതും പറഞ്ഞ് രാവണിന്റെ തോളിൽ പിടിച്ച് അവനെ അവർക്ക് നേരെ തിരിച്ചു നിർത്തി..
ത്രേയ…ഈ വിവാഹത്തോടെ അവള് മരിയ്ക്കും…
രാവണത് പറഞ്ഞതും വൈദേഹി ഒരു നിമിഷം ഞെട്ടി തരിച്ചു നിന്നു… പിന്നെ പതിയെ പ്രഭ പറഞ്ഞ വാക്കുകളെ അവർ മനസിൽ ഓർത്തെടുക്കാൻ തുടങ്ങി…
“ഈ വിവാഹം നടത്താൻ എനിക്ക് വലിയ ആഗ്രഹമൊന്നും ഇല്ലായിരുന്നു… പിന്നെ എല്ലാവരും ചുറ്റുമുണ്ടായിട്ടും ഇളയ അളിയന്റെ മോളായ ത്രേയ ഒരനാഥയായി കഴിയുന്നത് ഓർത്തപ്പോ ഒരു വിഷമം… അതുകൊണ്ട് ഞാനങ്ങ് സമ്മതിച്ചൂന്നേയുള്ളൂ…മാത്രമല്ല പിള്ളേര് പണ്ടേ ഇഷ്ടത്തിലും ആയിരുന്നല്ലോ…ഇനി നമ്മളായി ആ കണ്ണിയെ അടർത്തി മാറ്റി ആ ബന്ധം ഇല്ലാതാക്കണ്ട… പക്ഷേ വൈദേഹി ഈ വിവാഹത്തിന് രാവൺ സമ്മതിക്കുമെന്ന് എനിക്ക് ഇപ്പോഴും ഉറപ്പില്ല…എന്ത് അറ്റകൈ പ്രയോഗം നടത്തീട്ടായാലും അവനീ വിവാഹ മുടക്കാൻ ശ്രമിക്കും…അതുറപ്പാണ്… നിന്റെ മനസലിയാൻ പാകത്തിന് വല്ല പ്ലാനും അവന്റെ മനസിൽ ഉണ്ടാവും…നീയതിൽ വീഴരുത്…”
പ്രഭയുടെ ആ വാക്കുകളെ ഓർത്തെടുത്തതും വൈദേഹിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു…
അവരാ ചിരിയോടെ തന്നെ രാവണിന്റെ മുഖത്തേക്ക് തന്നെ ഉറ്റുനോക്കി നിന്നു…അവനത് കണ്ടപ്പോ മുഖത്തൊരു സംശയഭാവം നിറഞ്ഞു വന്നു…
നിന്നെ വിവാഹം ചെയ്താൽ ത്രേയ മരിയ്ക്കും ല്ലേ മോനേ…
വൈദേഹി പുഞ്ചിരിയോടെ അങ്ങനെ ചോദിച്ചതും രാവണതിന് തലയാട്ടി സമ്മതം മൂളി…