അച്ചു ഡയസിലേക്ക് ചെന്നപാടെ രാവണിന്റെ കൈയ്യിൽ ചുറ്റിപ്പിടിച്ച് നിന്ന വേദ്യയെ പതിയെ അവനിൽ നിന്നും അടർത്തി മാറ്റി കൊണ്ട് ഡയസിന്റെ ഒരു കോർണറിലേക്ക് മാറ്റി നിർത്തി….
എന്താ അച്ചൂ ഇത്… നീയെന്തിനാ എന്നെ ഇവിടേക്ക് കൊണ്ടു വന്നത്….???
ധരിച്ചിരുന്ന ഷോൾ കൈയ്യിലേക്ക് വിടർത്തിയിട്ട് തലമുടിയൊന്ന് മാടിയൊതുക്കി വച്ചിട്ടായിരുന്നു അവൾടെ ആ ചോദ്യം….
അത് കേട്ടതും അച്ചു മുഖത്തൊരു കള്ളച്ചിരി വിരിയിച്ചു…
ഡീ വേദ്യക്കുട്ടീ…എന്നെ ഒരു കാര്യത്തിന് നീയൊന്ന് ഹെൽപ് ചെയ്യണം…
എന്ത് കാര്യം…???
വേദ്യേടെ പുരികങ്ങൾ സംശയത്തോടെ ചുളിഞ്ഞു…
അത്… നേരത്തെ രാജാറാം ജീ പൂജ നടത്തി വച്ച ആ കലശകുംഭം ഇല്ലേടീ…അത് വല്ല്യമ്മേടെ കൈയ്യിലാ… നമുക്കതൊന്ന് തറവാട്ടില് വച്ചിട്ടു വരാം…
അതിന് ഞാനെന്തിനാ അച്ചൂ വരുന്നേ…നീ തന്നെ പോയി വച്ചിട്ട് വന്നാൽ മതി… എനിക്ക് വയ്യ…പപ്പ പറഞ്ഞത് ഞാനെപ്പോഴും ഹേമന്തേട്ടന്റെ കൂടെ വേണംന്നാ…
വേദ്യ അതും പറഞ്ഞ് അച്ചുവിനെ വിട്ടകന്നു നടക്കാൻ ഭാവിച്ചതും അച്ചു വീണ്ടും അവളുടെ മുന്നിലേക്ക് ചെന്നു നിന്ന് അവളെ തടഞ്ഞു…
വേദ്യേ… പ്ലീസ്…നീ തറവാട്ടിൽ വരെ വന്നില്ലെങ്കിൽ വേണ്ട…വല്ല്യമ്മേടെ കൈയ്യീന്ന് അതൊന്ന് വാങ്ങാനെങ്കിലും എന്റെ കൂടെ വര്വോ…??
പ്ലീസ്…
അച്ചൂന്റെ അപേക്ഷാ സ്വരം കേട്ടതും വേദ്യ ഒരുനിമിഷം എന്ത് വേണംന്ന ചിന്തയിൽ മുഴുകി…അപ്പോൾ അവളെ പാളി നോക്കി ഒരു കള്ളലക്ഷണത്തിൽ നിൽക്ക്വായിരുന്നു അച്ചു…
ന്മ്മ..ശരി..വാ.. എനിക്ക് രാവണിന്റെ അടുത്തേക്ക് പോകാനുള്ളതാ… അതുകൊണ്ട് പെട്ടെന്ന് വേണം…
അത് കേട്ടതും അച്ചൂന്റെ മുഖം സന്തോഷം കൊണ്ട് വിടർന്നു…. തന്റെ പ്ലാനുകൾ workout ആയ സന്തോഷത്തിൽ അച്ചു അവളേം കൂട്ടി വൈദേഹിയ്ക്കരികിലേക്ക് നടന്നു…
ആ സമയം ഡയസിൽ രാവണിന്റേയും ത്രേയയുടേയും ഫോട്ടോ ഷൂട്ട് തകർക്കുകയായിരുന്നു….
രാവണിന്റെ ഉള്ളിലെ ദേഷ്യം അടക്കി പിടിച്ചു കൊണ്ട് അവനെല്ലാവർക്കും മുന്നിൽ പുഞ്ചിരി അഭിനയിച്ചു നിൽക്ക്വായിരുന്നു…. പക്ഷേ ആ സമയം മുതലെടുത്ത് ത്രേയ അവനെ ദേഷ്യം പിടിക്കാനുള്ള വകയൊക്കെ ഒപ്പിക്കുന്നുണ്ടായിരുന്നു…
അച്ചൂ..നീ എവിടേക്കാ…
ഹോ..നീ ഇതുവരെ എത്തീല്ലേ വന്ന് വേഗം വാ വേദ്യേ…
അച്ചു അതും പറഞ്ഞ് വേദ്യേടെ കൈയ്യിൽ പിടിച്ചു വലിച്ച് വൈദേഹിക്കരികിലേക്ക് നടന്നു…
വല്യമ്മേ…ആ കലശകുംഭം ഒന്നു തര്വോ…ഊർമ്മിളാന്റി പറഞ്ഞു അത് തറവാട്ടിൽ കൊണ്ട് വയ്ക്കാൻ…
അച്ചൂന്റെ ആ പറച്ചില് കേട്ട് വൈദേഹി അവനെ സംശയഭാവത്തിൽ ഒന്ന് നോക്കി…
എന്തിന്…ഈ കലശകുംഭം സുരക്ഷിതമായ ഒരു സ്ഥലത്ത് വയ്ക്കണം എന്നല്ലേ രാജാറാം ജീ പറഞ്ഞിട്ടു പോയത്…അപ്പോ റിസപ്ഷൻ കഴിയും വരെ ഇത് ഇവിടെ ഇരിക്കുന്നതല്ലേ അച്ചൂട്ടാ നല്ലത്… വെറുതെ നിങ്ങള് കുട്ട്യോള് കൊണ്ടുപോയി നിലത്തോ മറ്റോ വീണാൽ പിന്നെ അത് മതി..എന്തിനാ വെറുതെ ദോഷങ്ങൾ വിളിച്ചു വരുത്തുന്നത്…