അതിന് മുന്നിൽ ഇരുന്ന സ്ത്രീ മുറുമുറുപ്പോടെ എന്തൊക്കെയോ പറയുന്നത് കേട്ടതും അഗ്നിയും,ശന്തനുവും പെട്ടെന്ന് ആ നോട്ടം പിന്വലിച്ചിരുന്നു….
ഇവമ്മാരെന്താ ചോറ് വിളമ്പാത്തത്…
അച്ചു കാത്തിരുന്നു മുഷിഞ്ഞതു കൊണ്ട് കുർത്തേടെ സ്ലീവ് മുകളിലേക്ക് മടക്കി വെച്ചിരുന്നു…
അപ്പോഴേക്കും ഇലയിൽ ചോറ് വിളമ്പി തുടങ്ങിയിരുന്നു….
നല്ല കുത്തരി ചോറും അതിന് മുകളിലേക്ക് ചോടോടെ പകർന്ന പരിപ്പ് കറിയും ഒരു പപ്പടവും കൂടി ആയതും അച്ചു തച്ചുംപുറത്തിരുന്ന് പണി തുടങ്ങി…
തൊടുകറികളും അവിയലും കൂട്ടി ഒരു പിടി പിടിച്ചപ്പോഴേക്കും നല്ല കുറുകിയ സാമ്പാർ മുന്നിൽ എത്തിയിരുന്നു…
സാമ്പാറിന്റെ സ്വദറിഞ്ഞ് വിശാലമായി ഒരു അങ്കം കൂടി കഴിഞ്ഞതും നല്ല ചൂടുള്ള അടപ്രഥമനും,സേമിയയും,കടലപ്പായസവും ഒരമ്മ പെറ്റ മക്കളേപ്പോലെ ഇലയിൽ നിരന്നു…
വലിയ വേർതിരുവുകളൊന്നും കാണിക്കാതെ അച്ചു മൂന്നിനേയും പഴത്തിൽ കുഴച്ച് തട്ടാൻ തുടങ്ങിയതും അഗ്നിയും,ശന്തനുവും കൂടി മുഖം ചുളിച്ചിരുന്ന് അത് നോക്കി കണ്ടു…
മറ്റുള്ളവന്റെ ഇലയിൽ നോക്കി നവരസങ്ങള് വിതറാതെ സ്വന്തം ഇലയിലുള്ളത് കഴിക്കിനെടേ…
അച്ചു അത് പറഞ്ഞ് ഒരു കൈയ്യാൽ പായസം മൂന്നും തേവിയെടുത്ത് വായിലേക്ക് വെച്ചു…ഒരു ബോളി കൂടി ആയതും കെങ്കേമമായി എന്നുവേണം പറയാൻ….
ത്രേയയേയും രാവണിനേയും കളിയാക്കാൻ കച്ചകെട്ടി നിന്ന അച്ചു മുന്നിൽ പച്ചമോര് വന്നപ്പോഴാണ് ആ കാര്യം ഓർത്തത്…
പെട്ടെന്ന് അവന്റെ നോട്ടം ത്രേയയിലേക്കും രാവണിലേക്കും നീണ്ടു…
കൈയ്യിൽ കോരിയെടുത്ത പായസം ത്രേയയ്ക്ക് നേരെ കാട്ടി അച്ചു കളിയാക്കുന്നത് കണ്ടതും ത്രേയ അവനെ കണ്ണുരുട്ടി പേടിപ്പിക്കാൻ തുടങ്ങി… അവൾക് അടുത്തിരുന്ന രാവൺ അതൊന്നും ശ്രദ്ധിക്കാതെ ആരെയോ കാര്യമായ ഫോൺ വിളിയിലായിരുന്നു…. ഒടുവിൽ ത്രേയയെ mind ചെയ്യുക പോലും ചെയ്യാതെ അവൻ കഴിപ്പ് നിർത്തി എഴുന്നേറ്റ് പോയതും ഒരു നിരാശയോടെ അവളവനെ തന്നെ നോക്കിയിരുന്നു……
അതുവരെയും ത്രേയയെ കളിയാക്കി ചിരിയോടെ ഇരുന്ന അച്ചൂന്റെ മുഖവും ആ കാഴ്ച കൊണ്ടൊന്ന് വാടി… പക്ഷേ അച്ചൂനും അഗ്നിയ്ക്കും ശന്തനൂനും മുന്നിൽ ഒരു പുഞ്ചിരി അഭിനയിച്ചു കാണിച്ച് ത്രേയ പതിയെ സീറ്റിൽ നിന്നും എഴുന്നേറ്റു…
അഗ്നീ..ഈ കണക്കിന് രാവണിനീം ഇങ്ങനെ തന്നെയാവും ത്രേയയോട്.. അവളോട് ഒരു വാക്ക് പോലും മിണ്ടാൻ കൂട്ടാക്കുന്നില്ലല്ലോ അവൻ…
ശന്തനൂന്റെ ആ വർത്തമാനം കേട്ടതും അഗ്നി കഴിപ്പ് നിർത്തി ശന്തനൂനേം അച്ചൂനേം ഒന്ന് നോക്കി…
ഈ വിവാഹം നടക്കും വരെ എനിക്കൊരു ടെൻഷനുണ്ടായിരുന്നു…
ഇതിനി എന്തെങ്കിലും കാരണം കൊണ്ട് മുടങ്ങിയാലോ എന്നായിരുന്നു മനസിൽ… പക്ഷേ അത് സംഭവിച്ചില്ല.. അതുകൊണ്ട് ഞാനിപ്പോ ഫുൾ confidence ലാ..കാരണം രാവൺ വിവാഹം ചെയ്തിരിക്കുന്നത് ത്രേയയെ ആ… അവൾക് മുന്നിൽ അവന് തലകുനിച്ചേ മതിയാകൂ…
അഗ്നി രണ്ടും കല്പിച്ച് ഒരു പുഞ്ചിരിയോടെ അതും പറഞ്ഞ് കഴിപ്പ് നിർത്തി എഴുന്നേറ്റു…. പിറകെ തന്നെ സദ്യ കഴിച്ച് സംതൃപ്തിയടഞ്ഞ് അച്ചുവും, ശന്തനുവും കൂടി….
അങ്ങനെ വിവാഹവും സദ്യയും എല്ലാം കഴിഞ്ഞതും ഗൃഹപ്രവേശത്തിനുള്ള സമയമായി…ആ ചടങ്ങ് അടുക്കും വരെ രാവൺ ത്രേയയിൽ നിന്നും അകലം പാലിച്ചു നിന്നു…അവളെ മനപൂർവ്വം അവൻ ഒഴിവാക്കാൻ ശ്രമിച്ചു