പക്ഷേ ബാക്കിയുള്ള എല്ലാവരും ആ ചടങ്ങുകളെ പുഞ്ചിരിയോടെ നോക്കി കാണുകയായിരുന്നു…..
സീമന്ദരേഖയിൽ സിന്ദൂരം അണിയിച്ചു കഴിഞ്ഞതും തിരുമേനി എടുത്ത് നല്കിയ അരിയും മഞ്ഞളും ഒരുകൈയ്യാലെ രാവണവളുടെ തലമുടിയിലേക്ക് ചേർത്ത് വച്ചു…ശേഷം സിന്ദൂരച്ചുവപ്പിന്റെ ഒരു പൊട്ട് രാവണവളുടെ താലിയിലേക്കും തൊട്ടു വച്ചു….
അവനെടുത്ത് നല്കിയ മംഗല്യപ്പുടവ ഏറ്റുവാങ്ങുമ്പോ അവളുടെ മിഴികൾ ഈറനണിഞ്ഞിരുന്നു…
രാവണിന്റെ കരങ്ങളിലേക്ക് ത്രേയയുടെ കരം ചേർത്ത് വച്ച് പ്രഭ മണ്ഡപം വിട്ട് മാറിയതും രാവണിന്റെ കൈപ്പിടിയ്ക്കുള്ളിൽ അവളുടെ കരം ഭദ്രമായിരുന്നു….ആ കാഴ്ച കണ്ട് സംതൃപ്തിയടഞ്ഞ് നിൽക്ക്വായിരുന്നു ത്രിമൂർത്തികൾ…..
അഗ്നിയെ ഏഴു തവണ വലംവയ്ക്കുമ്പോ രാവണിന്റെ കണ്ണുകൾ ത്രേയയെ പിന്തുടർന്നു കൊണ്ടിരുന്നു…. അവളുടെ നോട്ടം ഉള്ളിലടക്കിയ സന്തോഷത്തോടെ രാവണിന് നേർക്ക് മാത്രമായി ഒതുങ്ങി….ആ കാഴ്ച നിറകണ്ണുകളോടെ നോക്കി കാണുകയായിരുന്നു വൈദേഹി…..
ഇരുവരും അഗ്നിയെ വലം വച്ചു കഴിഞ്ഞതും മന്ത്രോച്ചാരണങ്ങൾ അവസാനിപ്പിച്ചു കൊണ്ട് തിരുമേനി എഴുന്നേറ്റ്
മണ്ഡപത്തിനരികെ കൂടിയിരുന്ന എല്ലാവരിലേക്കും തീർത്ഥം തളിച്ചു….
വിവാഹ ചടങ്ങുകൾ സമ്പൂർണമായിരിക്കുന്നു…
ഇനി കലശ പൂജ കൂടി കഴിഞ്ഞാൽ പൂവള്ളി മനയിലെ പരമ്പരാഗത ചടങ്ങുകൾ എല്ലാം പൂർത്തിയാകും….
തിരുമേനി അതും പറഞ്ഞ് പൂവള്ളിയിലെ എല്ലാ അംഗങ്ങൾക്കും പ്രസാദം നല്കി അനുഗ്രഹിച്ചു…
ആദ്യം അത് ഏറ്റുവാങ്ങിയത് രാവണും ത്രേയയുമായിരുന്നു…
ഇരുവരും ഒരുമിച്ച് തിരിമേനിയുടെ കാലിൽ വീണ് അനുഗ്രഹം വാങ്ങിയ ശേഷമാണ് പ്രസാദം കൈയ്യിൽ ഏറ്റുവാങ്ങിയത്….
ആ ഒരൊറ്റ രംഗം കണ്ടതും ദേഷ്യം ആളിക്കത്തിച്ചു കൊണ്ട് വേദ്യ കൊടുങ്കാറ്റ് പോലെ അവിടം വിട്ട് തറവാട്ടിലേക്ക് നടന്നു…അവള് പോയത് കണ്ടപാടെ ചുറ്റിലും ഒന്ന് കണ്ണോടിച്ച ശേഷം ഹരിണിയും അവൾക്ക് പിന്നാലെ തറവാട്ടിലേക്ക് നടന്നു…
അപ്പോഴേക്കും ബാക്കിയുള്ളവർ ഓരോരുത്തരായി തിരുമേനിയിൽ നിന്നും അനുഗ്രഹം വാങ്ങാൻ തുടങ്ങിയിരുന്നു…
വൈദിയും,ഊർമ്മിളയും അനുഗ്രഹം വാങ്ങി മാറിയതും പ്രഭയും,വൈദേഹിയും അടുത്ത സ്ഥാനം ഏറ്റെടുത്തു… പിന്നീട് സുഗതും,വസുന്ധരയും തൊഴുത് മാറിയതും പിന്നെയുള്ള സ്ഥാനം ഹരിയും,പ്രിയയും ഏറ്റെടുത്തു…അഗ്നി അനുഗ്രഹം വാങ്ങി കഴിഞ്ഞായിരുന്നു അച്ചുവിന്റെ ഊഴം… എല്ലാവർക്കും മുന്നിൽ നിന്ന് ഒരു ചിരിയൊക്കെ പാസാക്കി കൊണ്ട് അച്ചു അനുഗ്രഹം വാങ്ങാനായി തിരുമേനിയുടെ കാൽപാദങ്ങളിലേക്ക് തൊട്ടതും മറ്റാരുടെയോ കൈ അവനൊപ്പം ആ പാദങ്ങളിൽ സ്പർശിച്ചു…അച്ചു മുഖമുയർത്തി ആ കൈയ്യുടെ ഉടമയെ നോക്കിയതും അവന് മുന്നിൽ ഇരുകണ്ണുകളും പൂട്ടികാണിച്ച് ഒരു പുഞ്ചിരിയോടെ നിൽക്ക്വായിരുന്നു നിമ്മി….എല്ലാ കാര്യങ്ങളേയും തമാശയായി കണ്ടിരുന്ന അച്ചുവിന്റെ മുഖം ആ സന്ദർഭത്തിൽ മാത്രം ഒന്ന് വാടി തുടങ്ങി….നിമ്മിയ്ക്ക് മുന്നിൽ ക്രിതൃമമായി ഒരു ചിരി വരുത്തി ഒരുൾപ്രേരണയാൽ അവൻ കൈ പെട്ടെന്ന് പിന്വലിച്ചുയർന്നു… അച്ചുവിന്റെ ആ പ്രതികരണം നിമ്മിയെ ശരിയ്ക്കും വിഷമിപ്പിച്ചിരുന്നു….