അവസാനമായി മഞ്ഞൾ കൂടി തൊട്ടുവച്ചതും വെണ്ണപോലെയുള്ള ആ പാദങ്ങളുടെ ഭംഗിയൊന്ന് ഇരട്ടിച്ചു…. പൂജിച്ച് എടുത്ത് വച്ച സ്വർണ വളയങ്ങൾ അവളുടെ കാൽവിരലിലേക്ക് അണിയിച്ചതോടെ വിവാത്തിന്റെ ആദ്യ ചടങ്ങ് അവസാനിച്ചിരുന്നു……വീണ്ടും തിരശ്ശീലയാൽ മറവ് തീർത്തു കൊണ്ട് പൂജ തുടർന്നു….ഏറെ നേരം നീണ്ട പൂജയ്ക്കൊടുവിൽ തിരുമേനിയുടെ നിർദ്ദേശപ്രകാരം ഇരുവരും മണ്ഡപത്തിൽ എഴുന്നേറ്റ് നിന്നു….
പെട്ടെന്ന് ഇരുവർക്കും ഇടയിൽ മറവ് തീർത്ത തിരശ്ശീല മെല്ലെ അടർത്തി മാറ്റപ്പെട്ടു…കല്യാണ വേഷത്തിൽ രാവൺ ത്രേയേയും അവളവനേം കാണുന്ന നിമിഷമായിരുന്നു അത്…
മറ്റെല്ലാം മറന്ന് ത്രേയയുടെ ഭംഗിയിൽ ലയിച്ചു നിൽക്ക്വായിരുന്നു രാവൺ….
നീട്ടിയെഴുതിയ പുരികക്കൊടികളും അവയെ ചേർത്ത് ബന്ധിച്ച് എഴുതിയ ചുവന്ന പൊട്ടും…വാലിട്ടെഴുതിയ കൂവളക്കണ്ണുകളും,ചുവന്ന ചൊടികളും അവന്റെ കണ്ണുകളെ അവളിൽ ബന്ധിച്ചു…..
ചുറ്റിലും നാദസ്വര മേളവും മന്ത്രോച്ചാരണങ്ങളും മുഴങ്ങിയതും തിരുമേനി എടുത്ത് നല്കിയ താലി രാവൺ കൈയ്യിൽ ഏറ്റുവാങ്ങി….
മഞ്ഞൾച്ചാർത്തിൽ മുക്കിയെടുത്ത ഏഴുനൂലിൽ കോർത്തെടുത്ത താലി അവൻ ഏറ്റുവാങ്ങുമ്പോ അവന്റെ ഹൃദയം അനിയന്ത്രിതമായി മിടിയ്ക്കുന്നുണ്ടായിരുന്നു..
ചുറ്റിലും മുഴങ്ങി കേട്ട നാദസ്വര മേളം മുറുകിയതും
നീണ്ട ചരടിൽ കോർത്തെടുത്ത ആ താലി എല്ലാവരുടേയും അനുമതിയോടെ അവനവളുടെ കഴുത്തിലേക്ക് അണിയിച്ചു കൊടുത്തു…
താലിച്ചരടിൽ മൂന്ന് തവണ കെട്ടിടുമ്പോഴും അവന്റെ കണ്ണുകൾ പ്രാർത്ഥനയോടെ നിന്ന ത്രേയയിൽ മാത്രമായിരുന്നു….
മൂന്നാമത്തെ കെട്ട് താലിയിൽ മുറുകുമ്പോൾ നിറകണ്ണുകളോടെയുള്ള അവളുടെ നോട്ടം അവനിൽ എത്തി നിന്നു…ജന്മം സാഫല്യം എന്നപോലെ അവളുടെ മിഴികൾ പൂർണചന്ദ്രന്റെ ശോഭയിൽ തിളങ്ങി…. അവളുടെ മുഖം അടുത്ത് കാണുമ്പോൾ അവന്റെയുള്ളിൽ ഒരുതരം ദയനീയതയായിരുന്നു…
താലിച്ചരടിന് ശേഷം തിരുമേനി എടുത്ത് നല്കിയ തുളസിക്കതിർ മാല ഇരുവരും പരസ്പരം കഴുത്തിൽ അണിയിച്ചു…അത് കഴിഞ്ഞതും പ്രഭ എടുത്ത് നല്കിയ താമരമൊട്ട് മാല കൂടി പരസ്പരം അണിഞ്ഞു നിന്നു…വൈദേഹി പകർന്നു കൊടുത്ത പാരമ്പര്യ സ്വത്തായ നാഗപടത്താലി കൂടി രാവൺ ത്രേയയെ അണിയിച്ചതും ചുറ്റും മന്ത്രോച്ചാരണങ്ങൾ ഉയർന്നു കേട്ടു….
അഗ്നിയിലേക്ക് നെയ്യ് പകരുന്ന ഗന്ധം ചുറ്റിലും വീശിയടിച്ചതും തിരുമേനി ഒരു സിന്ദൂരച്ചെപ്പ് രാവണിന് നേരെ നീട്ടി പിടിച്ചു….
നാണയത്തിൽ പകർന്നെടുത്ത സിന്ദൂരം രാവൺ അവന്റെ കൈയ്യിൽ ഏറ്റുവാങ്ങി ത്രേയയുടെ സീമന്ദ രേഖയെ നീട്ടി ചുവപ്പിച്ചതും ചുറ്റിലും നിന്ന എല്ലാവരും ചേർന്ന് അരിയും,പൂവും അവരിലേക്ക് വർഷിച്ചു…..
രാവണിന്റെ വിരലുകൾ നെറ്റിയിലേക്ക് പതിഞ്ഞതും ത്രേയയുടെ കണ്ണുകൾ പ്രാർത്ഥനയോടെ കൂമ്പിയടഞ്ഞു….
ആ രംഗങ്ങളെല്ലാം കണ്ട് ദേഷ്യം ഉള്ളിലടക്കി നിൽക്ക്വായിരുന്നു വേദ്യ….ആ ദേഷ്യം മുഴുവൻ കൈയ്യിൽ കരുതിയ പൂക്കളിൽ തീർത്ത് അവളാ ദേഷ്യത്തെ ശമിപ്പിച്ചു…
തന്റെ ഗൂഢലക്ഷ്യങ്ങൾക്ക് ഫലം കണ്ട സന്തോഷത്തിൽ നിൽക്ക്വായിരുന്നു വൈദി…അയാളുടെ മുഖത്തെ പുഞ്ചിരി അടുത്ത് നിന്ന പ്രഭയിലും,ഊർമ്മിളയിലും പ്രതിഫലിച്ചിരുന്നു….