🖤രാവണത്രേയ 5🔥 [ മിഖായേൽ]

Posted by

പരിഭ്രമത്തോടെ ത്രേയയ്ക്കരികിലേക്ക് ഓടിയടുത്ത രാവൺ ഡ്രസ്സിലെ തീയണഞ്ഞതും നിന്നിടത്ത് തന്നെയൊന്ന് slow ആയി…തീ പൂർണമായും അണച്ച് ദാവണി തുമ്പ് കുടഞ്ഞു നിന്ന ത്രേയ അപ്പോഴാണ് രാവൺ തന്റെ പിന്നിലുണ്ടെന്ന കാര്യം തിരിച്ചറിഞ്ഞത്…
അവള് പെട്ടെന്ന് തിരിഞ്ഞ് രാവണിനെ നോക്കിയതും എല്ലാവർക്കും മുന്നിൽ ഒരു ജാള്യതയോടെ നിൽക്ക്വായിരുന്നു രാവൺ….

ആ അവസരം മുതലെടുത്ത് തന്നെ മുഖത്തൊരു ആക്കിയ ചിരി വിരിയിച്ചു കൊണ്ട് ത്രിമൂർത്തികളും അവർക്ക് കൂട്ടായി ഹരിയും രാവണിനടുത്തേക്ക് നടന്നടുത്തു…

എന്താ രാവൺ പെട്ടെന്ന് ഇവിടേക്ക് വച്ചു പിടിച്ചത്…അതും എന്നെ തള്ളിമാറ്റീട്ട്…???

അച്ചൂന്റെ അർത്ഥം വച്ചുള്ള ആ ചോദ്യം കേട്ട് രാവണവനെ തുറിച്ചൊന്നു നോക്കി…

ഡാ..ഡാ..അച്ചൂട്ടാ…എന്റെ അനിയനെ കളിയാക്കല്ലേ..എന്റെ പുന്നാര അനിയൻ അവന്റെ പെണ്ണിന് ഒരപകടം ഉണ്ടാവുന്നത് കണ്ടപ്പോ സഹിച്ചില്ല…അവനോടി വന്നു…അതിനിടയിൽ എനിക്ക് ജനിച്ച ഒരെണ്ണത്തിന്റെ അഹങ്കാരം കാരണം രാവണിന് ത്രേയമോളെ അതിസാഹസികമായി രക്ഷിക്കാൻ കഴിഞ്ഞില്ല…
അതിന് നീയിത്ര മൂപ്പിക്കാൻ എന്താ അച്ചൂ…

രാവണിന്റെ തോളിലേക്ക് കൈയ്യിട്ടു കൊണ്ട് ഹരിയങ്ങനെ പറഞ്ഞതും ചുറ്റും നിന്ന എല്ലാവരുടേയും മുഖത്ത് ചിരി പൊട്ടി….ത്രേയ രാവണിനെ നോക്കി തന്നെ വായ പൊത്തി ചിരി അടക്കി പിടിക്കാൻ ശ്രമിച്ചു…അത് കണ്ടതും അവളെ നോക്കി ദഹിപ്പിക്ക്യായിരുന്നു രാവൺ…

ത്രേയമോളേ… എന്തായാലും ചെറിയ ഒരപകടം കഴിഞ്ഞതല്ലേ…മോള് ശരിയ്ക്കൊന്ന് റെസ്റ്റെടുക്ക്..
നാളെ പുലർച്ചെ എഴുന്നേൽക്കാനുള്ളതല്ലേ….

ഹരീടെ ആ പറച്ചില് കേട്ടതും ത്രേയ ഹരിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് കുട്ടികളേയും നിമ്മിയേയും കൺമണിയേയും കൂട്ടി റൂമിലേക്ക് നടക്കാൻ ഭാവിച്ചു… പെട്ടെന്ന് ത്രേയ വീണ്ടും ഹരിയ്ക്ക് അടുത്തേക്ക് തന്നെ വന്നു നിന്നു…

ഹരിയേട്ടാ… വിരോധമില്ലെങ്കിൽ മക്കളെ ഇന്ന് എന്റെ കൂടെ കിടത്തിക്കോട്ടേ…!!!
ഞാനാ റൂമിൽ ഒറ്റയ്ക്കല്ലേ…

ത്രേയ കുട്ടികളെ മൂന്ന് പേരെയും ചേർത്ത് പിടിച്ച് നിൽക്ക്വായിരുന്നു..ത്രേയ പറയുന്നത് കേട്ട് ഒന്നും മനസ്സിലാകാതെ അവൾക് നേരെ നോട്ടം പായിച്ചു നിൽക്ക്വായിരുന്നു മൂവരും..

അതെന്ത് ചോദ്യമാ മോളേ….
ഇന്നോ,നാളെയോ… ആജീവനാന്ത കാലത്തോളമോ ഇതിനെയൊക്കെ നീ എടുത്തോ… ദുരിന്തം ഏറ്റുവാങ്ങാൻ തയ്യാറായി നീ നിന്നാൽ ഞാനെന്ത് പറയാനാ… പിഷാരടി പറയും പോലെ കൊണ്ടേയ്ക്കോ…കൊണ്ടേയ്ക്കോ….
എങ്ങോട്ടാന്ന് വച്ചാൽ കൊണ്ടോയ്ക്കോ…

ഹരീടെ ആ പറച്ചില് കേട്ട് പാർത്ഥിയവനെ തറപ്പിച്ചൊന്ന് നോക്കി…

പപ്പ…ത്രേയ ഒറ്റയ്ക്കായത് കൊണ്ട് പപ്പയെ ഞങ്ങള് വെറുതെ വിടുന്നു…
നാളെ നേരം വെളുക്കുമ്പോ ഇതിനുള്ള reply മമ്മീടെ കൈയ്യീന്ന് ഞങ്ങള് മേടിച്ച് തരാമേ…mind it…

പാർത്ഥി അതും പറഞ്ഞ് ത്രേയും വലിച്ചു കൊണ്ട് സ്റ്റെയർ കയറാൻ തുടങ്ങി…പിറകെ പോയ അമ്മുവും,ചാരുവും ഹരിയെ തന്നെ നോക്കി ദഹിപ്പിച്ചു കൊണ്ടായിരുന്നു സ്റ്റെയർ കയറിയത്…എല്ലാം കണ്ട് സംതൃപ്തിയടഞ്ഞ് നിൽക്ക്വായിരുന്നു ഹരി…

Leave a Reply

Your email address will not be published. Required fields are marked *