യൂറിന് എടുത്ത് വന്ന ഗംഗയോടും കട്ടിലിലിരുന്ന എന്നോടും കൂടി വസൂ പറഞ്ഞു. ഇത്രേം നേരം മോടിവെഷൻ കൊടുത്ത ഞാനാരായി.
യൂറിന് എടുത്ത ചെറിയ ബീക്കർ വസൂന് കൊടുത്ത് ഗംഗ വന്നു എന്റെ അരികിൽ എന്റെ കയ്യും ചുറ്റിപ്പിടിച്ചു നെഞ്ചിൽ മുഖവും പൂഴ്ത്തി ഇരിപ്പായി. കയ്യിൽ അമർത്തുന്ന പിടിയിൽ നിന്നും പെണ്ണിന്റെ ടെൻഷൻ എനിക്ക് മനസിലായി ചെറുതായി എന്റെ കായും വേദനിക്കുന്നുണ്ട്. പക്ഷെ ഇപ്പോൾ എന്തേലും പറഞ്ഞാൽ പിന്നെ അതുമതി. അത് കൊണ്ട് ഞാൻ പിന്നെ ഒന്നും മിണ്ടാതെ അവളെയും ചേർത്ത് പിടിച്ചിരിപ്പായി.
“ഡി ഗംഗകുട്ടി ന്റെ മോള് അമ്മയാവാൻ പോവാണുട്ട.”
വസൂ വന്നു ഗംഗയുടെ മുമ്പിൽ മുട്ടുകുത്തി ഇരുന്നു അവളുടെ കവിളിൽ തഴുകി പറഞ്ഞതും, എന്റെ നെഞ്ച് നനച്ചു കൊണ്ട് കണ്ണീരൊഴുകിയിറങ്ങിയത് എനിക്ക് മനസിലായി, അപ്പോൾ തന്നെ മുള ചീന്തുന്ന പോലെ പെണ്ണിന്റെ കരച്ചിലും ഉയർന്നു. എന്നെ വരിഞ്ഞു മുറുക്കി പൊട്ടിക്കരയുന്ന അവളെ കണ്ടതും എന്റെ കണ്ണുകളും അറിയാതെ നിറഞ്ഞു വന്നു. നോക്കുമ്പോൾ തടിച്ചിയും ഗംഗയുടെ മടിയിൽ തല വെച്ച് കണ്ണീരൊഴുക്കുന്നു. എനിക്കാണെങ്കിൽ സന്തോഷം കൊണ്ട് നെഞ്ച് നിറഞ്ഞു. മനസ്സ് തുറന്നു ചിരിക്കണോന്നാണ് ഉള്ളിൽ പക്ഷെ ഈ തെണ്ടികളുടെ സന്തോഷം കണ്ണീരിലൂടെ പുറത്തു വന്നത് കണ്ടിട്ടാവണം എനിക്കും ചിരി കണ്ണീരായിട്ടാണ് വന്നത്.
“മോളെ കരയല്ലേ നീ ഒക്കെ എന്നെക്കൂടി കരയിക്കും, ഇപ്പോഴെങ്കിലും ഞാനൊന്നു ചിരിച്ചോട്ടെടി.”
അവളെ ചേർത്ത് പിടിച്ചു ഞാൻ ഒന്ന് കുലുക്കി. അതോടെ അവൾ കണ്ണീരൊഴുകി നനഞ്ഞ കവിളും വിറച്ചു തുള്ളുന്ന ചുണ്ടുകളും പിടയ്ക്കുന്ന കണ്ണുകളുമായി എന്നെ ഒരു നോട്ടം നോക്കി, കണ്ണീരിലും അവളുടെ മുഖത്ത് തിളങ്ങിയ മന്ദഹാസം ഹോ നെഞ്ചിലേക്ക് തുളഞ്ഞു കയറിയ ആ ഒരു നിമിഷത്തെ ഗംഗയുടെ മുഖം മാത്രം മതി ആയിരുന്നു ഒരു യുഗത്തേക്ക് എനിക്ക് ജീവിക്കാൻ.
എന്റെ കഴുത്തിൽ രണ്ടു കായും ചുറ്റി തൂങ്ങി പിടിച്ചു എന്റെ മുഖത്ത് മുഴുവൻ ഉമ്മ വെച്ചാണ് ഗംഗ എനിക്ക് മറുപടി തന്നത്, എന്റെ മുഖത്ത് മുഴുവൻ പെണ്ണിന്റെ ഉമിനീരും കണ്ണീരും നിറഞ്ഞു. ആ സമയം ഞാൻ അവൾക് വിട്ടു കൊടുത്തിരിക്കുവാരുന്നു.
“ലവ് യൂ ഹരി.”
ഒരു ഇടവേള കിട്ടിയപ്പോൾ തുടുത്ത മുഖത്ത് നാണപ്പൂക്കൾ വിരിയിച്ചു ഗംഗ എന്നെ നോക്കി പറഞ്ഞു.
ഇതെല്ലാം കണ്ടു കണ്ണും നിറച്ചു ഞങ്ങളെ നോക്കി ചിരിച്ചോണ്ടിരുന്ന വസൂനെ ഞാൻ പൊക്കി എന്റെ മടിയിലിരുത്തി ചുറ്റി പിടിച്ചു.
“ഒരു മനുഷ്യനാണെന്നുള്ള പരിഗണന പോലും തന്നില്ലല്ലോടി നിന്റെ അനിയത്തി.”
മുഖത്ത് പറ്റിയ ഗംഗയുടെ ശ്രവങ്ങൾ വസൂ തുടക്കുമ്പോൾ ഞാൻ ഗംഗപെണ്ണിനെ കളിയാക്കി പറഞ്ഞതും എന്റെ കൈ നുള്ളി പറിച്ചു എന്റെ അരികിലേക്ക് ചേർന്ന് എന്റെ മടിയിലിരുന്ന വസൂനെ കൂടി ചുറ്റി പിടിച്ചു ഗംഗ ചിണുങ്ങി.