അവളെ വട്ടു പിടിപ്പിക്കാൻ തന്നെയാണ് അങ്ങനെ പറഞ്ഞത് ഒപ്പം ഈ ഒരു മൂഡ് മാറ്റണോന്നും തോന്നി.
“പോടാ പട്ടി.”
ചുണ്ടു കോട്ടി എന്റെ കഴുത്തിൽ തൂങ്ങി ഉയർന്നു വന്നു എന്റെ കവിളിൽ പല്ലു അമർത്തി നല്ലൊരു കടിയും തന്നാണു അവൾ വിട്ടത്.
“നിന്നെ ഞാൻ എടുത്തോളാടി കുറുമ്പി.”
കടി കിട്ടിയ കവിളും തടകി ഞാൻ എന്റെ മടിയിൽ കിടന്ന അവളെ നോക്കി പറഞ്ഞു.
“ഹി ഹി ഹി എടുക്കാൻ നീ ന്നെ താങ്ങുവോടാ ചെക്കാ.”
എന്റെ കണ്ണിൽ നോക്കി അവളുടെ കുസൃതി മുഴുവൻ പുറത്ത് കൊണ്ട് വന്നു ഗംഗ ചിരിച്ചു.
“മോളെ വയ്യായിക വല്ലതും തോന്നണ്‌ണ്ടോ…”
ഇതെല്ലം കണ്ടു പുറകിൽ നിന്ന ഹേമയുടെ ചോദ്യമാണ് ഞങ്ങളെ തിരികെ കൊണ്ടുവന്നത്.
“ഇല്ല ഹേമേട്ടത്തി നിക്കിപ്പൊ കുഴപ്പൊന്നുമില്ല ആഹ് സമയത്ത് പെട്ടെന്ന് അങ്ങനെ ഒരു തളർച്ച വന്നു, കണ്ണിൽ പെട്ടെന്ന് ഇരുട്ട് കയറുന്നത് പോലെയും പിന്നെ നിക്കൊന്നും ഓര്മ ഇല്ലാന്നെ.”
“തുള്ളി ചാടി നടക്കുമ്പോൾ ഓർക്കണം എവിടേലും അടങ്ങി ഇരിക്കാൻ പറഞ്ഞാൽ കേൾക്കില്ലല്ലോ.”
ഞാൻ എന്റെ ഭാഗം പറഞ്ഞു അത് പക്ഷെ കേട്ട ഭാവം പോലും ആഹ് കുരുപ്പിനില്ല.
“നിക്ക് ഇപ്പൊ കുഴപ്പൊന്നുമില്ല ഞാൻ എണീക്കാൻ പോവുവ.”
എന്റെ മടിയിൽ നിന്നും കൈ കുത്തി എണീക്കാൻ ആഞ്ഞു നിക്കുവരുന്നു ഗംഗ.
“മോളെ സൂക്ഷിച്,”
അവളുടെ കയ്യിൽ പിടിച്ചു ഹേമ അടക്കി.
“കുഴപ്പമില്ലന്നു നീയല്ലേ തീരുമാനിക്കണേ വേഗം റെഡി ആവാം നിട്ടു ഞാൻ വസുവിനെ വിളിക്കുവാ നമ്മുക്ക് ഹോസ്പിറ്റലിൽ പോവാം.”
അവളെ ഒന്ന് താങ്ങി എഴുന്നേല്പിച്ചു ഞാൻ പറഞ്ഞു, ഒപ്പം ഹേമയും ഒന്ന് പിടിച്ചു. ഹേമയുടെ മുഖത്ത് പക്ഷെ ഒരു പുഞ്ചിരിയും സന്തോഷവുമൊക്കെ തിളങ്ങുന്നു.
“ഒന്ന് പോടാ ചെക്കാ നീ എന്നെ രോഗി ആക്കുവോന്നും വേണ്ട നിക്ക് കുഴപ്പൊന്നുമില്ല.”
അവളുടെ വാക്കിനൊന്നും ഞാൻ ചെവി കൊടുക്കാൻ പോയില്ല, ഞാൻ നേരെ പെണ്ണിനേയും കൊണ്ട് റൂമിൽ എത്തി അവിടെ കട്ടിലിൽ കിടത്തി.
“നീ ഇതെന്തൊക്കെയാ കാണിക്കണേ ഞാൻ ഒന്ന് തല ചുറ്റി വീണതിനാ എന്നെ ഇങ്ങനെ കിടപ്പു രോഗി ആക്കണേ.”
ഗംഗ അടങ്ങാനുള്ള മട്ടില്ല. ഞാൻ പിന്നെ നോക്കാനും പോയില്ല അവളെ കിടത്തി. ഫോൺ എടുത്ത് വസുവിനെ വിളിച്ചു.
ആദ്യം വിളിച്ചിട്ട് എടുത്തില്ല രണ്ടാമത്തെ കാളിലാണ് എടുത്തത്.
“എന്താടാ ചെക്കാ പെട്ടെന്ന് ഒരു കാൾ, പതിവില്ലാതെ.”
“വസൂ ഗംഗ ഇന്ന് തല ചുറ്റി വീണു, കുറച്ചു മുൻപ്, ഞാൻ അവളെ അങ്ങോട്ടു കൊണ്ട് വരട്ടെ, എനിക്ക് ചെറിയ പേടി ഉണ്ട് അവളുടെ മുഖമൊക്കെ കുറച്ചു വിളറിയ പോലെ.”
“നീ പേടിക്കണ്ട അവളിപ്പോൾ എവിടെയാ ഇപ്പോഴും അൺകോൺഷയസ് ആണോ.”
“അല്ല ഇപ്പോൾ ബോധം വന്നു പക്ഷെ എനിക്കൊരു സമാധാനം കിട്ടുന്നില്ല അതോണ്ടാ ഞാൻ കൊണ്ട് വരട്ടെ.”
“നീ നിക്ക്, അവിടെ ഹേമേട്ടത്തി ഉണ്ടോ.”