യുഗം 10 [Achilies]

Posted by

പക്ഷെ അങ്ങനെ പതിവ് സമയം കഴിഞ്ഞിട്ടും കണ്ടില്ലല്ലോ എന്നാലോചിച്ചു നിക്കുമ്പോഴാണ്, പെണ്ണ് തൊടിയിലേക്ക് വരുന്നത് കണ്ടത്. ഞാൻ നോക്കുന്നത് കണ്ടതും മുപ്പത്തിരണ്ട് പല്ലും പുറത്തു കാട്ടി ഈ എന്ന് ഇളിച്ചു എന്നെ കൊഞ്ഞനം കുത്തി കാണിച്ചു. ഞാൻ പോടീ എന്ന് കൈ പൊക്കി കാണിക്കുകയും ചെയ്തു.
ഞാൻ ഒന്നു തിരിഞ്ഞു താഴെ കിടന്ന ഹോസ് ചുരുട്ടി എടുക്കാൻ കുനിഞ്ഞതും പുറകിൽ ഒരു ഒച്ച കേട്ടു. ഞെട്ടി തിരിഞ്ഞപ്പോൾ ഇത്രയും നേരം അവിടെ നിന്ന ആളെ കാണുന്നില്ല. പക്ഷെ നിലത്തു ഒരു അനക്കവും.
ആഹ് ഒരു നിമിഷം കൊണ്ട് നെഞൊന്നു കാളി. പിന്നെ കാലുറച്ചില്ല ശരീരം എത്തും മുൻപ് അവളുടെ അടുത്ത് മനസ്സെത്തിയിരുന്നു. വിറക്കുന്ന ശരീരവുമായി പിറകെ എത്തിയപ്പോൾ അവിടെ വിളറിയ മുഖവുമായി നിലത്ത് എന്റെ ഗംഗ, തല കറങ്ങി വീണതാണെന്നു മനസ്സിലായി.
“മോളെ മോളെ ഗംഗേ എന്താ പറ്റീത്. കണ്ണ് തുറന്നെ.”എന്റെ ശബ്ദം വല്ലാതെ വിറച്ചിരുന്നു. അവൾ ഒന്നു മുനങ്ങി.

പിന്നെ ഒന്നും നോക്കിയില്ല പൊള്ളുന്ന വെയിലിൽ നിന്നും അവളെയും കോരി എടുത്ത് നേരെ അടുക്കള വശത്തേക്ക് ഓടി.
“ഹേമാ…..ഹേമാ”

വേറെ ഒരു വഴിയും ഇല്ലാത്തത് കൊണ്ട് ഞാൻ അലറി വിളിച്ചു, ആഹ് സമയം എന്റെ മുമ്പിൽ എന്റെ കയ്യിൽ ചുരുണ്ട് കണ്ണടച്ച് കിടക്കുന്ന എന്റെ പെണ്ണ് മാത്രമേ ഉണ്ടായുള്ളൂ.

“ഹയ്യോ മോളെ ഗംഗ മോളെ,……അയ്യോ എന്റെ മോൾക്ക് എന്താ പറ്റിയെ.”

അടുക്കളയിൽ നിന്നിറങ്ങിയ ഹേമ എന്റെ കൈയിൽ തളർന്നൊടിഞ്ഞു കിടക്കുന്ന ഗംഗയെ കണ്ടതും ആവലാതിപ്പെട്ടു പുറത്തേക്ക് ഓടി ഇറങ്ങി.

“നിക്ക് വേഗം കുറച്ചു തണുത്ത വെള്ളം എടുക്ക്.”
ഞാൻ പറഞ്ഞത് കേട്ടതും ഹേമ ഞെട്ടിപ്പിടച്ചു വീണ്ടും അകത്തു കയറി അപ്പോഴേക്കും ഞാൻ അവളെയും കൊണ്ട് അടുക്കള പടിയിൽ എത്തിയിരുന്നു.

“ഗംഗേ കണ്ണ് തുറക്ക് പെണ്ണെ വെറുതെ എന്നെ പേടിപ്പിക്കല്ലേ.”
എന്റെ മടിയിൽ അവളുടെ തല ചായ്ച്ചു കിടത്തി കവിളിൽ പതിയെ തട്ടി വിളിക്കുമ്പോൾ ഇതുവരെ അറിയാത്ത ഒരു മരവിപ്പ് എന്റെ കാലിൽ നിന്ന് നട്ടെല്ലിലേക്ക് അരിച്ചു കയറുന്നത് ഞാൻ അറിഞ്ഞു.
ഹേമ നീട്ടിയ തണുത്ത വെള്ളം വാങ്ങി അവളുടെ മുഖത്തേക്ക് തളിക്കുമ്പോൾ ഞാൻ പാതി ചത്ത അവസ്ഥയിൽ ആയിരുന്നു. വെള്ളവും തളിച്ച് കവിളിൽ പതിയെ രണ്ട് തട്ട് കൂടി കൊടുത്തതോടെ അവൾ പതിയെ ചിമ്മി ചിമ്മി കണ്ണ് തുറന്നു.

“ഹോ എന്റെ പോന്നു പിശാശ്ശെ ഒരു നിമിഷം കൊണ്ട് നീ എന്നെ കൊന്നുകളഞ്ഞല്ലോടി.”
കണ്ണ് തുറന്നു എന്നെ നോക്കിയ അവളെ വാരി കെട്ടിപ്പിടിച്ചു മുഖം മുഴുവൻ ചുംബിക്കുമ്പോൾ എനിക്ക് ഉണ്ടായ ആഹ് സന്തോഷം, ഈ ലോകത്തിലേക്കും വെച്ച് ഏറ്റവും പ്രിയപ്പെട്ടത് കൈ വിട്ടു പോയിട്ട് തിരികെ കിട്ടിയ ഫീൽ,
നിറഞ്ഞ കണ്ണുകളുമായി അവളെ നെഞ്ചിലടക്കി കുറച്ചു നേരം ഞാൻ ഇരുന്നു.

“പേടിച്ചു പോയോ ന്റെ ചെക്കൻ,……”
എന്റെ കണ്ണിൽ നിന്നൊഴുകിയ കണ്ണീര് തുടച്ചു കൊണ്ട് വിളറിയ ചിരിയോടെ അവൾ എന്നോട് ചോദിച്ചു.

“ഇല്ല ഞാൻ രക്ഷപെട്ടു ന്നാ വിചാരിച്ചെ, നീ അങ്ങനൊന്നും എന്നെ വിട്ടു പോവില്ലല്ലേ, വെറുതെ കൊതിപ്പിച്ചു.”

Leave a Reply

Your email address will not be published. Required fields are marked *