ഇതൊക്കെയാണ് ഇപ്പോൾ ഇവിടുത്തെ അവസ്ഥ രണ്ട് മാസം കഴിഞ്ഞു ഇപ്പോള്‍ പെണ്ണിന്റെ വയറിൽ ചെറിയ ഒരു ഹമ്പ് വന്നിട്ടുണ്ട്, എന്നും രാവിലെ അതിലൊന്ന് മുത്തിയിട്ടാണ് ഇപ്പോൾ ദിവസം തുടങ്ങുന്നത് തന്നെ.
പിന്നെ കൃഷിയൊക്കെ വിളവെടുത്തു അത്യവശ്യം വീട്ടിലേക്കെടുത്തിട്ട് ബാക്കി ഉള്ളത് കവലയിലെ കടയിൽ വിറ്റു. ഇപ്പോൾ അടുത്ത വിള നടുന്നതിനിടയിലെ ഒരു ഗ്യാപ്പിലാണ്.
അങ്ങനെ ഒക്കെ സുഗായിട്ടു പോയിക്കൊണ്ടിരിക്കുന്നു.
അന്ന് രാവിലെ പ്രാതലും കേറ്റി മുമ്പിലെ കോലായിൽ വന്നു പല്ലും കുത്തി നാളെ പോകാനുള്ള കാര്യങ്ങൾ ആലോചിച്ചിരിക്കുകയായിരുന്നു. ഇനി ഒരാഴ്ച ഇതുങ്ങളെ രണ്ടിനേം വിട്ടു മൂന്നാറിൽ. എനിക്ക് താല്പര്യമുണ്ടായിട്ടല്ല, പോയില്ലേല്‍ വസൂ എന്നെ ഇരുത്തി പൊറുപ്പിക്കില്ല. പിന്നെ അജയേട്ടൻ അവിടെ ഉള്ളതാണ് ആകെയൊരു ആശ്വാസം.
ഇതുപോലുള്ള ചില പ്രേത്യേക സാഹചര്യത്തിൽ ഞാൻ ആ തെണ്ടി വിനോദിനെ സ്മരിക്കാറുണ്ട്.”ഈശ്വര ഭഗവാനെ അവനു നല്ലത് മാത്രം വരുത്തണെ,…….എന്നാലും ആഹ് പരമ ദുഷ്ടൻ..”
സ്മരിച്ചു തീർന്നു കണ്ണ് ഗേറ്റിലേക്ക് നീണ്ടപ്പോഴാണ് ഒരു കാർ ഗേറ്റിനടുത്തെത്തുന്നതും പിന്നെ ഡ്രൈവർ ഇറങ്ങി ഗേറ്റ് തുറന്നു കാറോടിച്ചു അകത്തേക്ക് വരുന്നതും ഞാൻ കണ്ടത്.
“ഇതാരാപ്പ..”
ചിന്തിച്ചു തീർന്നില്ല മുറ്റത്തു ബ്രേക്ക് ഇട്ടു നിന്ന കാറിൽ നിന്നും ഇന്ദിരാമ്മ ഇറങ്ങി.
“വായും പൊളിച്ചു നിക്കാതെ ഒന്ന് വാടാ ചെക്കാ.”
കാറിന്റെ ഉള്ളിലേക്ക് തലയിട്ടു അകത്ത് നിന്ന് എന്തൊക്കെയോ എടുക്കുന്ന ഇന്ദിരാമ്മ എന്നെ വിളിച്ചു ഒച്ചയിട്ടു.
“ഇതെന്തു പറ്റി പെട്ടെന്ന് വരുന്നതിന്റെ ഒരറിവും കിട്ടിയില്ല, അജയേട്ടൻ പറഞ്ഞുമില്ല.”
“ആഹ് അവനറിയണ്ട,….നിന്റെ ഏട്ടനുണ്ടല്ലോ ആഹ് മരക്കോന്തൻ എസ് ഐ, അവനോടു ഞാൻ എത്ര നാളായി പറയുന്നതാന്നറിയോ ഒന്ന് വന്നിട്ട് എന്നെ ഇവിടെ കൊണ്ട് വിട് ഞാൻ ഒന്ന് പിള്ളേരെ കണ്ടോട്ടെ എന്ന്. എവിടെ അവൻ മൂന്നാറിലെ മജിസ്രേട്ട് അല്ലെ ഒരീസം മാറി നിന്ന മൂന്നാർ തവിടു പൊടിയാവൻ. അതോണ്ട് തന്നെ അവനില്ലാണ്ടും എനിക്ക് വരാൻ പറ്റുമെന്ന് കാണിക്കാൻ തന്നെയാ ഞാൻ പോന്നത്.”
“എന്നാലും വരാനായിരുന്നേൽ എന്നെ വിളിച്ചാൽ പോരായിരുന്നോ ഞാൻ കൂട്ടിയേനെ.”
കയ്യിലിരുന്ന കവെറുകൾ വാങ്ങി ഞാൻ പറഞ്ഞു.
“അപ്പൊ ഞാൻ പറഞ്ഞതൊന്നും നീ കേട്ടില്ലെടാ പൊട്ടാ അവൻ ഇല്ലേലും എനിക്ക് എവിടെ വേണേലും പോകാൻ പറ്റൂന്ന് എനിക്കവനെ ഒന്നറിയിക്കാനാ ഞാൻ പോന്നെന്നു,……..ആഹ് കവറെല്ലാം ഞാൻ എടുത്തോളാം നീ പുറകിലെ ഡിക്കി തുറന്നു അതിലുള്ളത് എടുത്തോ.”
ഇന്ദിരാമ്മ പറഞ്ഞത് കേട്ടതും ഞാൻ ചൂഴ്ന്നൊന്നു നോക്കി.
“എടുത്തോണ്ട് വാടാ ഹരിക്കുട്ട.”