എൻ്റെ ശബ്ദവും ഒന്ന് ഇടറി…
ഏങ്ങി കരഞ്ഞുകൊണ്ട് അവൾ എൻ്റെ തോളിലേക്ക് ചാഞ്ഞു..
അവളുടെ തലയിൽ ഒന്ന് തലോടിക്കൊണ്ട് ഞാൻ ചോദിച്ചു..
“ഇനിയെന്തെങ്കിലും പറയാൻ ഉണ്ടോ നിനക്ക് എന്നോട്..??”
“എന്നോട് പിണങ്ങരുത്, മറ്റാരോടും പറയരുത് എന്ന് ഞാൻ പറയുന്നില്ല.. നീ പറയില്ല എന്ന് എനിക്കറിയാം.. പക്വതകുറവുകൊണ്ട് പറ്റിയതാണ്.. ക്ഷമിക്കണം.. മുമ്പ് എന്നോട് എങ്ങനെയാണോ നീ കൂട്ടുകൂടിയത്, അതുപോലെ തന്നെ മുന്നോട്ട് പോകണം.. പിന്നെ കുറച്ച് കാര്യങ്ങൾ നിന്നോട് എനിക്ക് സംസാരിക്കാനും ഉണ്ട്, ഒറ്റക്ക്..!!”
അത്രയും പറഞ്ഞ് എൻ്റെ തോളിലും കയ്യിലും ഒന്ന് മുത്തിയിട്ട് അവൾ എഴുന്നേറ്റ് നടന്നു..
“എന്താടേയ്, രണ്ടും സെറ്റ് ആയോ..??”
കുറച്ചുമാറി ദൂരെ കോളേജ് കാന്റീനിൻറെ മുന്നിൽ ഞങ്ങളെയും നോക്കി ലെമൺ ജ്യൂസും കുടിച്ചുകൊണ്ട് നിക്കുന്ന നിഥിനെയാണ് ഞാൻ കണ്ടത്..
“മഞ്ഞപ്പിത്തം പിടിച്ചവന് മുഴുവൻ മഞ്ഞ ആയേ തോന്നൂ..” എന്ന് മറുപടിയും കൊടുത്ത് അവൻ്റെ അടുത്തേക്ക് നടന്ന് അവൻ്റെ കയ്യിൽ നിന്ന് ബാക്കി ലെമൺ ജ്യൂസും വാങ്ങി കുടിച്ച് ഞങ്ങൾ രണ്ടും ക്ലാസിലേക്ക് നടന്നു..
ക്ലാസിലേക്ക് കയറിയ എന്നെ നോക്കി അവൾ ഒന്ന് പുഞ്ചിരിച്ചു..
രാത്രിയിൽ “ഞായറാഴ്ച എട്ടിൻ്റെ കുർബാന കഴിയുന്ന സമയത്ത് നീയെൻ്റെ പള്ളിയിൽ വരണം.. എനിക്ക് നിന്നോട് ഒറ്റക്ക് ഒന്നു സംസാരിക്കണം.. ഗുഡ് നൈറ്റ്..!!”
അത്രമാത്രം അവൾ എനിക്ക് വാട്ട്സ്ആപ് ചെയ്തു..
ഞായറാഴ്ച……
എൻ്റെ പള്ളിയിലെ ആറിൻ്റെ കുർബാനയും കഴിഞ്ഞ് അമ്മയെ വീട്ടിലും കൊണ്ടുപോയി വിട്ടിട്ട് ഞാൻ അവളുടെ പള്ളിയുടെ മുന്നിൽ പോയി നിന്നു.. ഒരു ഒൻപതു മുപ്പത് ഒക്കെ കഴിഞ്ഞപ്പോൾ അവളും അമ്മയും അച്ഛനും കൂടി പള്ളിയിൽ നിന്നും ഇറങ്ങി വരുന്നു.. എന്നേകണ്ട അമ്മയും അച്ഛനും ഒന്നു ചിരിച്ചു, “മോനേ” എന്നു വിളിച്ചു.. മറുപടി കൊടുത്ത് ഞാൻ ബൈക്കിൽ ചാരി നിന്നു..
“അമ്മേ അച്ഛാ, ഞാൻ ഇവൻ്റെകൂടെ ഇവൻ്റെ വീടുവരെ ഒന്ന് പോയിക്കോട്ടെ..??”
“പോയിട്ട് വാ മോളെ” എന്ന് അച്ഛനും പറഞ്ഞു..
അവരോട് യാത്രയും പറഞ്ഞ് ഞങ്ങൾ നേരെ ഒരു പാർക്കിലേക്ക് വണ്ടി വിട്ടു.. ഒഴിഞ്ഞ ഒരു കസേരയിൽ ഞാനിരുന്നു.. എനിക്ക് അഭിമുഖമായി അവളും..
“പറ..”
“ടാ, ഒന്നും ന്യായീകരിക്കുന്നില്ല ഞാൻ.. തെറ്റാ, അറിയാം.. പക്ഷേ പറ്റുന്നില്ലടാ എനിക്ക് ഇതെല്ലാം നിർത്താൻ.. നാലു വർഷം മുന്നേ മനസ്സിൽ കയറി കൂടിയതാ ഈ കാര്യങ്ങൾ എൻ്റെ മനസ്സിൽ.. അതിനു വഴിയൊരുക്കിയത് എൻ്റെ ഒരു കസിനും..!!”