******************—***********
രേഷ്മയും ആന്റിയും അമ്പലത്തിൽ നിന്നും വന്നതോടെ ഞാൻ എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങി…….കാർ സ്റ്റാർട്ട് ചെയ്ത നേരം പുറത്തേയ്ക് നോക്കിയ എന്നെ നോക്കി എന്റെ സുന്ദരിക്കുട്ടി കൈ വീശി യാത്ര പറഞ്ഞു…. ഒപ്പം ‘ഓഫീസിൽ എത്തിയിട്ട് പതിവ് പോലെ വിളിക്കണേ ‘ എന്ന ഓർമപ്പെടുത്തലും…..ഭദ്രയെ അവിടെ വിട്ട് പോരുമ്പോൾ മനസ്സിനെന്തോ വല്ലാത്ത ഒരു ഭാരം പോലെ തോന്നി…. ദേഹമാകെ തളരുന്നത് പോലെ…. ആകെ നിർജ്ജീവമായ ഒരു അവസ്ഥ…. രാവിലെ വീട്ടിൽ നിന്നും പോരുമ്പോൾ കാറിൽ വച്ചുണ്ടായ ഭദ്രയുമായുള്ള കളിചിരികളും അവളുടെ കൊഞ്ചലുകളും കാതുകളിൽ അലയടിച്ചു കൊണ്ടിരുന്നു…. കാറിൽ നിറഞ്ഞു നിന്നിരുന്ന അവളുടെ കാർക്കൂന്തലിഴകൾ പടർത്തിയ കാച്ചെണ്ണയുടെ ഗന്ധം പോലും മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കി….ഓഫീസിൽ എത്തും വരെയും എന്റെ പ്രിയതമയുടെയൊപ്പമുള്ള നിമിഷങ്ങൾ ഇന്ദ്രിയങ്ങളെ നിയന്ത്രിച്ചു കൊണ്ടിരുന്നു…..
ലഞ്ച് ബ്രേക്കിന്‍റെ സമയത്താണ് ഭദ്രയുടെ കാൾ വരുന്നത്…..ഞാൻ പുഞ്ചിരിയോടെ കാൾ അറ്റൻഡ് ചെയ്തു….
“”എന്തേ അമ്മുസേ….. “”“”അനന്തേട്ടാ ഭക്ഷണം കഴിച്ചോ….. “”’
“”ഉവ്വ്ല്ലോ…നീ കഴിച്ചോ…. “”
“”ആ ഞാൻ കഴിച്ചു…. “”
“”രേഷ്മ പോയോ….. “”
“”ആഹ്…ചേച്ചിയും വല്ല്യച്നും കുറച്ചു മുന്നേ പോയെ ഉള്ളു….അതേയ് ഏട്ടാ…. ഞാൻ വിളിച്ചതെ വേറൊരു കാര്യം പറയാനാ…. “”
“”എന്തടാ…..””
“”ഞാനിപ്പോ തൃശ്ശൂർക്ക് വരിണ്ട്…”
“”എന്ത് പറ്റി…. “”
“”ഞാൻ പറഞ്ഞിട്ടില്ലേ…ഇവിടെ അടുത്തുള്ള വീട്ടിലെ നിർമ്മലേച്ചീനെപ്പറ്റി…. അവര് വയ്യാണ്ട് ഹോസ്പിറ്റലിൽ അഡ്മിറ്റാന്നു…കുറച്ചീസായി…. മ്മ്‌ടെ മിഷൻ ആശുപത്രിലാ….. ഇന്ന് ഇവിടെ വന്നപ്പോ വല്ല്യച്ചനാ പറഞ്ഞെ…. എനിക്കൊന്ന് പോയി കാണണന്നണ്ട്..…. “”
“””നീ തനിച്ചിങ്ങോട്ട്…ബസ്സിൽ വരണ്ടേ…അല്ലേൽ വല്ല ഓട്ടോയോ ടാക്സിയോ വിളിച്ചു വാ…. “”
“”ഏയ് അതൊന്നും വേണ്ടാ…നീതുവേച്ചി ഇല്ലേ,,, ഇവിടെ അടുത്ത വീട്ടിലെ…നീതുവേച്ചിയും ഹസ്ബൻന്റും കൂടി പോകുന്നുണ്ട് ഉച്ച കഴിഞ്ഞ് ഹോസ്പിറ്റലിലോട്ട് അവരെ കാണാൻ…. ഞാൻ അവരുടെ കൂടെ കാറില് പൊയ്ക്കോളാം……എന്നിട്ടേയ് വൈകുന്നേരം, ഹോസ്പിറ്റലിൽ നിന്ന് മടങ്ങുമ്പോൾ ഞാൻ ഒരു ഓട്ടോയിൽ മ്മ്‌ടെ വെസ്റ്റഫോർട്ട് ജംഗ്ഷനിൽ വന്ന് നിൽക്കാം….അനന്തേട്ടൻ ഓഫീസിൽ നിന്നും പോരുമ്പോൾ എന്നെ അവിടെ നിന്ന് കൂട്ടിയാലും മതി…..””