അനന്തു വയറിൽ കൈ വച്ചു അമർത്തി പിറു പിറുത്തുകൊണ്ട് അവളെ നോക്കി കണ്ണുരുട്ടി. ശിവ അവനെ നോക്കി കൊഞ്ഞനം കുത്തി.
“മോനെ ദേവാ കഴിച്ചോ നീയ് ? ”
മുത്തശ്ശി വാത്സല്യത്തോടെ അവന്റെ തടിയിൽ പിടിച്ചു.
“കഴിച്ചു മുത്തശ്ശി … പിന്നെ ഞാൻ ദേവനല്ലാട്ടോ…അനന്തു ആണ് ”
അനന്തു കൊഞ്ചലോടെ മുത്തശ്ശിയോട് പറഞ്ഞു
“ഇല്ല കുട്ട്യേ നീ എന്റെ ദേവനാ.. എനിക്ക് അങ്ങനെ കാണാൻ കഴിയൂ എന്റെ ദേവൻ അതേപോലെ തന്നെ എന്റെ മാലതീടെ വയറ്റിൽ ജനിച്ചില്ലേ.. മരിക്കുന്നതിന് മുൻപേ ഒന്നൂടെ കാണാൻ കഴിഞ്ഞൂലോ എന്റെ കുട്ടീനെ ”
മുത്തശ്ശി അനന്തുവിനെ പിടിച്ചു പൊട്ടി കരഞ്ഞു.മുത്തശ്ശിയെ ആശ്വസിപ്പിക്കാൻ അനന്തു പാട് പെട്ടു. അവൻ മുത്തശ്ശിയുടെ നിറഞ്ഞു ഒഴുകുന്ന കണ്ണുകൾ പതിയെ ഒപ്പി.
“ഞാൻ ദേവാന്ന് വിളിച്ചോട്ടെ എന്റെ കുട്ടീനെ? ”
മുത്തശ്ശി വിതുമ്പലോടെ പതിയെ അവനോട് പറഞ്ഞു.
“വിളിച്ചോളൂ മുത്തശ്ശി. ഞാൻ മുത്തശ്ശിയുടെ ദേവൻ തന്നെയാട്ടോ. ഇനി എന്റെ മുത്തശ്ശി കരയല്ലേ”
അനന്തു അവരെ കെട്ടിപിടിച്ചു നെറ്റിയിൽ ചുണ്ടുകൾ അമർത്തി ചുംബിച്ചു. പതിയെ അവരുടെ ഏങ്ങലിന്റെ തോത് കുറഞ്ഞു വന്നു. ശിവ മുത്തശ്ശിയുടെ കയ്യിൽ പിടിച്ചു പതിയെ അകത്തളത്തിലേക്ക് നീങ്ങി.
അവർ പോകുന്നതും നോക്കി അനന്തു നോക്കി നിന്നു. പതിയെ ഒന്ന് ശ്വാസം വിട്ടു അനന്തു തിരിഞ്ഞു നോക്കിയതും മുത്തശ്ശൻ നിറ കണ്ണുകളോടെ നിൽക്കുന്നത് അവൻ കണ്ടു.
അദ്ദേഹം അവനെ കൈ കാട്ടി വിളിച്ചു. അനന്തു മുത്തശ്ശന്റെ അടുത്തേക്ക് നടന്നടുത്തു. അനന്തുവിന്റെ തോളിലൂടെ കയ്യിട്ട് ശങ്കരൻ അവനെ ചേർത്തു പിടിച്ചു.
“ആരും ഇല്ലാത്തപ്പോ ഞാനും മോനെ ദേവാ എന്ന് വിളിച്ചോട്ടെ ? ”
മുത്തശ്ശന്റെ ശബ്ദത്തിലെ ഇടർച്ച അനന്തുവിനെ വല്ലാതെ സങ്കടപ്പെടുത്തി.അവൻ മുത്തശ്ശനെ ചേർത്തു പിടിച്ചുകൊണ്ടു പറഞ്ഞു.
“മുത്തശ്ശനും എന്നെ അങ്ങനെ വിളിച്ചോളൂ. എനിക്ക് സന്തോഷമേയുള്ളൂ.”
അനന്തു അദ്ദേഹത്തെ നോക്കി പുഞ്ചിരിച്ചു. അവന്റെ ചിരിയും നീല കണ്ണുകളും കാണുമ്പോൾ തന്റെ ദേവൻ അടുത്ത് വന്നു നിൽക്കുന്ന പോലെ ശങ്കരന് തോന്നി.
അദ്ദേഹം വല്ലാത്തൊരു അനുഭൂതിയുടെ പരകോടിയിൽ അനന്തുവിന്റെ കൈ പിടിച്ചു നടന്നു. പടിപ്പുര കഴിഞ്ഞു അവർ റോഡിലേക്ക് എത്തി.
അപ്പോൾ അവിടെ റോഡിന്റെ ഓരത്ത് പണിക്കാർ കണ്ടത്തിൽ കൂട്ടിയിട്ടിരിക്കുന്ന നാളികേരം ലോറിയിലേക്ക് പെറുക്കിയിടുന്ന തിരക്കിൽ ആയിരുന്നു.റോഡിന്റെ ഓരത്തു നിന്നും ചാക്ക് കെട്ടിലേക്കും അല്ലാതെയും നാളികേരം പെറുക്കിയിട്ട് 4 പണിക്കാർ ലോറിയിലേക്ക് ധൃതിയിൽ കയറ്റുന്നു.