പറഞ്ഞതാണെങ്കിലും എപ്പഴോ ഞങ്ങളും ചെയ്തത് ഇതുതന്നെയല്ലേ എന്ന ചിന്തയായിരുന്നു അതിനു കാരണം….നിത്യ പൂർണ്ണ നിശബ്ദയായി ഇരുന്നു ഞങ്ങളെ മാറി മാറി നോക്കി…
” മക്കളെ…..സ്വന്തം കാലിൽ നിൽക്കാൻ തുടങ്ങുമ്പോൾ ചില സമയത്ത് മറ്റുള്ളവരൊന്നും ഇല്ലാതെയും നമുക്ക് മുന്നോട്ടു പോവാൻ പറ്റുമെന്നും അവരൊന്നും യഥാർത്ഥത്തിൽ ആവശ്യം തന്നെയില്ല എന്നെല്ലാം തോന്നും ……സത്യമായിരിക്കും , പക്ഷെ അതുപോലെ നമ്മൾ ചിന്തിക്കേണ്ട മറ്റൊന്ന് അവർക്ക് ചിലപ്പോൾ നമ്മളില്ലാതെ മുന്നോട്ടു പോവാൻ പറ്റില്ലെന്നുള്ളതാണ്…..നമ്മളെ ആവശ്യമുള്ളവർക്കൊപ്പം അവരാഗ്രഹിക്കുന്ന സമയത്ത് ഉണ്ടാകാൻ പറ്റിയാൽ പിന്നീടൊരുകാലത്ത് നമുക്കതിൽ സന്തോഷം തോന്നും…..അത് അറിഞ്ഞിട്ടും ചെയ്യാതിരുന്നാൽ ഈ ജീവിതത്തിൽ മറ്റെന്തൊക്കെ നേടിയാലും മനസുഖം മാത്രം കിട്ടില്ല….”
ഞങ്ങളെ നോക്കി അച്ഛനത് പറയുമ്പോൾ മറുപടി ഇല്ലാതെ ഞങ്ങൾക്ക് അങ്ങേരുടെ മുഖത്തേക്ക് അന്തം വിട്ടു നോക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ…..
ഇതിന് മുൻപ് ശബരിയെ ഞാൻ ഇങ്ങനെ നിസഹായനായി കാണേണ്ടി വന്നിട്ടില്ല …..അച്ഛൻ പറഞ്ഞ ഓരോ കാര്യങ്ങളും എന്നത്തേയും പോലെ എന്നെ കൂട്ടിയും കുറച്ചും ആലോചിപ്പിക്കുകയാണ് ഉണ്ടായത്……
” മതി പഴംപുരാണം….. ചായ കുടിച്ചിട്ട് ബാക്കി കേള്ക്കാം….”
അമ്മുവാണ് ആ സന്ദര്ഭത്തിന് ഒരു അയവു വരുത്താനെന്ന പോലെ കടന്നു വന്നത്…….പിന്നാലെ അമ്മ കുറച്ചു ബേക്കറികളുമായി വന്നു……പിന്നെ ചായകുടിച്ചു മെല്ലെ ഞങ്ങൾ പുറത്തേക്കിറങ്ങി…..ഞാൻ മുന്നിൽ നടന്നു നേരെ കുളപ്പടവിൽ ചെന്നിരുന്നു , മറ്റുള്ളവർ മൂന്ന് പേരും എനിക്ക് പിന്നാലെ വന്നു , അമ്മു താഴെ സ്റ്റെപ്പിൽ ഇരുന്നു എന്റെ മടിയിലേക്ക് ചാരി …….
” അപ്പൊ മക്കളെ ,ഇതാണ് ഞങ്ങളുടെ പ്രണയലോകം…….കുറേ പരിഭവങ്ങളും പരാതികളും സ്നേഹവും കൈമാറാൻ ഈ ലോകത്തെ ഏറ്റവും സേഫ് ആയിട്ടുള്ള സ്ഥലങ്ങളിലൊന്ന്….”
ഞാൻ കൈകൾ വിരിച്ചുകൊണ്ടു ഒരു നാടക ഡയലോഗ് പോലെ ശബ്ദാനുകരണം നടത്തി പറഞ്ഞു….
” അതേ……ഇടക്ക് മിസ്സ് ആയ ഒരു സാധനം കൂടി ഉണ്ട് , ചുംബനങ്ങൾ കൈമാറുന്ന സ്ഥലം എന്നും……അല്ലേ പ്രണയലോകത്തിലെ ജീവികളെ..??? ”
നിത്യ ഞങ്ങളെ പുച്ഛിച്ചുകൊണ്ടു ചോദിച്ചു….അമ്മു തലക്കു കൈ കൊടുത്ത് അവളെ നോക്കി….ശബരിയുടെ മുൻപിൽ നിന്നും അത് പറഞ്ഞത് അവൾക്കു നാണക്കേട് തോന്നിയിട്ടുണ്ടാവും….
” ഏട്ടാ വെറുതെ അതിനെ ഒന്നും തിരിച്ചു പറയാൻ നിക്കണ്ട , നാക്കിനു എല്ലില്ലാത്ത മുതലാണ് , വെറുതെ ചമ്മി നിൽക്കാൻ എനിക്കെങ്ങും വയ്യ….”
അമ്മു എന്നോട് കെഞ്ചിയത് കണ്ടപ്പോൾ എല്ലാരും ചിരിച്ചു….
” അന്ത ഭയം ഇരിക്കട്ടും….”
നിത്യ ഞങ്ങളെ കൈ ചൂണ്ടി പേടിപ്പിച്ചു കാണിച്ചു….