” എനിക്ക് വയ്യേ…!! നിങ്ങൾ എത്തുന്നതിനു മുൻപ് എത്താൻ ഓടിയ പോലെയാണ് വന്നത്…..”
അതും പറഞ്ഞു അവൾ ആ പടിക്കെട്ടിനടുത്തു ചടഞ്ഞിരുന്നു…
” എടാ ശബരി , നോക്കിനിക്കാണ്ട് അതിനെ എടുത്ത് തോളിലിട്ടോ….”
ഞാൻ ശബരിയെ പ്രോത്സാഹിപ്പിച്ചു….അവൻ രൂക്ഷമായി നോക്കിയപ്പോൾ ഞാൻ അറിയാത്ത ഭാവം നടിച്ചു…
” അങ്ങനെയൊന്നും എന്നെ പൊങ്ങൂല മോനെ……ഞാൻ ഇപ്പൊ നല്ല ശക്തിമാനാണ്..”
അവൾ കുസൃതിയോടെ പറഞ്ഞു…..
” ആർക്ക് ,ഇവനോ…?? നിനക്ക് അറിയാഞ്ഞിട്ട…എന്നെ പൊക്കി നടക്കും ഇപ്പോളും…”
ഞാൻ നൈസായിട്ട് രണ്ടാളേം ഇട്ട് കളിയാക്കി…
” അത് നടക്കും , മനുവേട്ടൻ ലൈറ്റ് വെയ്റ്റ് അല്ലേ……!! ഞാൻ അങ്ങനല്ല….”
ഞാൻ വിട്ട ആയുധം അതിനെക്കാൾ വേഗത്തിൽ തിരിച്ചു വന്നു എന്നെ തരിപ്പണമാക്കി…..
” കിട്ടാനുള്ളത് ആയല്ലോ….അപ്പൊ നമുക്ക് അടുത്ത കാര്യപരിപാടിയിലേക്ക് കടന്നാലോ….?? ”
ഇളിഭ്യനായി നിന്ന എന്നെ നോക്കി ശബരി ഉള്ളിലേക്കു പോകാമെന്ന രീതിയിൽ ചോദിച്ചു…പ്രത്യേകിച്ചൊന്നും മറുപടി ഇല്ലാത്തതു കൊണ്ട് ഞാൻ സമ്മതം കൊടുത്തു…നിത്യ എണീറ്റു ഉള്ളിലേക്ക് നടന്നു…..
പൂമുഖത്തേക്ക് എത്തുമ്പോൾ അച്ഛനും മകളും ഉമ്മറത്ത് പടിയിൽ ഇരുന്നു സംസാരിക്കുന്നുണ്ടായിരുന്നു……മുകളിലെ സ്റ്റെപ്പിലിരുന്നു തൊട്ടു താഴേപ്പടിയിൽ അവളുടെ ഇരുകാലുകൾക്കും ഇടയിൽ ഇരുത്തി അച്ഛന്റെ തലയിൽ മുടി കറുപ്പിച്ചു കൊണ്ട് ഇരിക്കുന്ന അവൾ കാര്യമായെന്തോ സംസാരത്തിലാണെന്നു അടുത്തെത്തിയപ്പോൾ മനസിലായി ….ഞങ്ങളെ കണ്ടപ്പോൾ ചിരിയോടെ കയ്യിലുള്ള ബ്രഷും ചായവും മാറ്റിവെച്ചു എണീറ്റു മാറിനിന്നു ….ഏകദേശം തീർന്നിട്ടുണ്ട്……..
” വാ ….വാ ……ഞങ്ങൾ ചെറിയൊരു പരിപാടിയിൽ ആയിരുന്നു….. ഈ പെണ്ണിനെ ഒഴിഞ്ഞു കിട്ടുമ്പോളേ ഇതൊക്കെ നടക്കൂ….”
കണ്ണാടിയിൽ നോക്കി തൃപ്തി വരാതെ വീണ്ടും വീണ്ടും ഓരോ ഭാഗം തിരിഞ്ഞും മറിഞ്ഞും നോക്കിക്കൊണ്ടുതന്നെ അച്ഛൻ ഞങ്ങളോട് കസേര ചൂണ്ടിക്കാണിച്ചു…..ശബരി പുള്ളിയുടെ ചേഷ്ടകൾ കണ്ടു എന്തോന്നടെ എന്ന അർത്ഥത്തിൽ എന്നോട് കൈ കാണിച്ചു…