” അതോ…..അത് ഞാനെന്നും കാണാറുണ്ടായിരുന്ന ഒരു സ്വപ്നം…..ഒരു സായം സന്ധ്യയിൽ പൂവാകപ്പൂക്കൾ വിരിഞ്ഞു നിൽക്കുന്ന വഴിയിൽ കൊഴിഞ്ഞുവീണ പൂക്കൾ വിരിച്ച പരവതാനിയിലൂടെ എന്റെ പ്രിയപ്പെട്ടവളേയും ചേർത്തുപിടിച്ചു നോക്കെത്താ ദൂരത്തോളം നടന്നു നീങ്ങുന്ന ഒരു മനോഹര സ്വപ്നം…..പക്ഷെ അന്നൊന്നും അത് നീയാണെന്ന് എനിക്ക് അറിയില്ലായിരുന്നു അമ്മുട്ട്യേ……ഇന്നു നീ സ്വന്തമായ ഈ ദിവസം ഈ സമയം നിന്നോടൊപ്പം ഇങ്ങനെ ഇരിക്കുമ്പോൾ ഞാൻ അന്ന് ഈ സ്വപ്നം കാണുമ്പോ കിട്ടുന്ന അതേ സന്തോഷം ഉള്ളിൽ നിറയുന്നുണ്ട്…..അതെനിക്ക് മറ്റൊരാൾക്ക് പറഞ്ഞു മനസിലാക്കിത്തരാൻ പറ്റുന്നതിനുമൊക്കെ മുകളിലാണ്….”
ഞാൻ പറയുമ്പോൾ എന്റെ ഉള്ളൂ മനസിലാക്കിയെന്ന പോലെ അവളുടെ കൈകൾ മുകളിലേക്കുയർത്തി എന്റെ കവിളിൽ തലോടിക്കൊണ്ടിരുന്നു….
” അമ്മൂ….”
ഞാൻ വിളിച്ചു….
” പറയൂ…..”
” ഞാൻ അന്ന് പറഞ്ഞില്ലേരുന്നോ നമ്മടെ ജീവിതത്തിനെപറ്റിയോക്കെ , ഒരുപാട് കാലം മത്സരിച്ചു പ്രേമിക്കണം പിന്നെ വയസാകുമ്പോ ദേ ഈ മടീൽ കെടന്നു നിന്റെ ചിരിക്കുന്ന മുഖം കണ്ടു സന്തോഷമായിട്ടു മരിക്കണം എന്നൊക്കെ….”
ഞാൻ പ്രണയാതുരനായി ചോദിച്ചു….
” ഉവ്വ് ….പക്ഷെ ആ സമയത്ത് ഏട്ടൻ വേറൊന്നും കൂടി പറഞ്ഞിരുന്നു….”
അവൾ ഇടക്ക് കേറി എന്നോട് പറഞ്ഞു ….
” എന്താ അത് ..? ”
എനിക്ക് സംഗതി ഓർമ വന്നില്ല …
” അതോ ….ഈ കാലിൽ സ്വർണപാദസരം ഇട്ടുതരാന്നു……എന്നിട്ട് വെള്ളി അല്ലേ വാങ്ങി തന്നത് …?? ”
അവൾ പറഞ്ഞത് കേട്ട് എന്റെ കിളി പോയി…..
” അത് ഞാൻ അന്നത്തെ ഒരു ആവേശത്തിന് പറഞ്ഞതല്ലേ മോളെ…..”
ഞാൻ മെല്ലെ തടിയൂരാൻ നോക്കി….അവൾ പൊട്ടിച്ചിരിച്ചു ….
” ഒന്നും വേണ്ടെന്റെ ഏട്ടാ….ഏട്ടനെപ്പളും ഇതേ ഇഷ്ടത്തോട് കൂടി എന്റെ കൂടെ ങ്ങനെ ഇണ്ടായാൽ മാത്രം മതി……”
വീണ്ടും അവളുടെ ശബ്ദം കാതരമായി….ഞാൻ അവളെ ഒന്നുകൂടി ചേർത്തുപിടിച്ചു….
” നീയൊന്നു ആലോചിച്ചു നോക്കെടീ…..ഒരു മുപ്പതൊ നാപ്പതോ വർഷം കഴിഞ്ഞുള്ള ഒരു വൈകുന്നേരം….അന്ന് നമ്മുടെ മുടിയൊക്കെ നരച്ചിട്ടുണ്ടാകും , തൊലി ഇങ്ങനെ ആയിരിക്കില്ല…..ഈ പ്രസരിപ്പോ ചുറുചുറുക്കോ ഒന്നും ബാക്കിയുണ്ടാവില്ല , ഇന്നു നമ്മടെ കൂടെയുള്ള പ്രിയപ്പെട്ടവരിൽ പലരും ഉണ്ടായേക്കില്ല …..അവർ എന്നല്ല ചിലപ്പോൾ നമ്മളിൽ……”
മുഴുവനാക്കുന്നതിനു മുൻപ് അവൾ എന്റെ വായ പൊത്തി…പിന്നെ തിരിഞ്ഞു എന്റെ നെഞ്ചോടു ചേർന്നു…