തീരുമാനിച്ചത് , അവളുടെ മാത്രം തിരുമാനമായിരുന്നു അത്……എനിക്കും , അവളുടെ അച്ഛനും എല്ലാം എതിർപ്പുണ്ടായിരുന്നെങ്കിലും ഇക്കാലയളവിലെ എന്റെ മാറ്റങ്ങൾ കൊണ്ട് അവളെയും ഇഷ്ടപ്പെട്ടു തുടങ്ങിയ എന്റെ അമ്മ അവൾക്കു കട്ട പിന്തുണ കൊടുത്തതോടെ ഞങ്ങൾ പിൻവാങ്ങി ….ആറു മാസത്തെ കോഴ്സ് പഠിച്ചു ഒന്നും ആയില്ലെങ്കിൽ മറ്റെന്തെങ്കിലും നോക്കാമെന്ന പ്ലാനിൽ ആയിരുന്നു ആ പിൻവാങ്ങൽ …..എന്നാൽ ആറേഴു മാസത്തെ കോഴ്സും കഠിനമായ സ്വപ്രയത്നവും കഴിഞ്ഞു എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് അവൾ ഫെഡറൽ ബാങ്കിൽ ക്ലാർക്ക് ആയി കേറി……അവളുടെ വയ്യായ്ക കണക്കിലെടുത്ത് ഞങ്ങളുടെ നാട്ടിൽ നിന്നും വെറും 7 km അകലെയുള്ള ബ്രാഞ്ച് തന്നെ അവൾക്ക് കിട്ടി……നിത്യ b ed എടുത്തുകൊണ്ടിരിക്കുന്നു …പെങ്ങന്മാർ pg പഠിത്തവുമായി മുന്നോട്ടു നീങ്ങി….
ഞാൻ കടയുടെയും ട്യൂഷൻ സെന്ററിന്റെയും കാര്യങ്ങളിൽ ബിസി ആയി കഴിഞ്ഞുപോന്നു…
ഞാനും ശബരിയും പ്ലാൻ ചെയ്തു ഞങ്ങളുടെ പഴയ വീടിനെ ഒന്ന് പരിഷ്കരിക്കാൻ തിരുമാനിച്ചു , കുറച്ചു പൈസ ലോണെടുത്തു ആ വീടിന്റെ പഴമ നിർത്തിക്കൊണ്ട് തന്നെ ചെയ്യാൻ പറ്റുന്നതിന്റെ മാക്സിമം നന്നാക്കി മാറ്റി , വീടിനെ കുറച്ചുകൂടി നീട്ടി ഒരു വായനക്ക് ചേർന്ന മുറിയും , ഉള്ള മുറികളിൽ ബാത്രൂം അറ്റാച്ച് ചെയ്തും ഒരു പുതിയ പഴമയുള്ള വീടായി മാറ്റിയെടുത്തു , പുറകിലേക്ക് കുറച്ചു ഭാഗം മാറ്റി അവിടെ രണ്ടു നിലയിൽ ഒരു ഭാഗം കൂടി എടുത്ത് അതിനെയും വീടിനോടു ചേർത്തു .. ശബരി അവൻറെ പ്രൊഫെഷണൽ ബന്ധങ്ങൾ നന്നായി ഉപയോഗപ്പെടുത്തിയതുകൊണ്ടു എനിക്ക് ചിലവും താരതമ്യേന കുറവായിരുന്നു , ആ കുറച്ചു ദിവസങ്ങൾ അമ്മയും മഞ്ജിമയും ശബരിയുടെ വീട്ടിലാണ് താമസിച്ചത്….പണിയെല്ലാം തീർത്തു വീടിനെ കണ്ടപ്പോൾ എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി , അമ്മയുടെ എല്ലാ പരാതിയും മാറ്റി എന്നതിനെക്കാൾ എന്നെക്കൊണ്ടും സാധിക്കും എന്നുള്ള തോന്നൽ തന്ന ഫീൽ എന്റെ പൊന്നോ…!!
അങ്ങനെ വീടുപണി കഴിഞ്ഞു വീണ്ടും എന്റേതായ തിരക്കുകളിൽ കാലം ഒഴുകിക്കൊണ്ടിരുന്നു……ആ പോക്കിൽ തന്നെ അമ്മുവുമായിട്ടുള്ള എന്റെ കല്യാണവും , നിത്യയുമായിട്ടുള്ള ശബരിയുടെ കല്യാണം തീരുമാനിക്കപ്പെട്ടു….കീർത്തന ഉടനെ കല്യാണം കഴിക്കുന്നില്ലെന്നു കട്ടായം പറഞ്ഞതോടെ അടുത്ത ആൾക്ക് നറുക്ക് വീണതാണ് …നിശ്ചയം വ്യത്യസ്ത ദിവസ്സങ്ങളിൽ കഴിഞ്ഞെങ്കിലും വിവാഹം ഒരേ ദിവസം ഒരേ പന്തലിൽ നടത്തി….നിശ്ചയം കഴിഞ്ഞ ശേഷം അവളുടെ സമ്മതത്തോടെ ആ മോതിരം ഞാൻ വീട്ടിലെ ഭസ്മക്കൊട്ടയിൽ കൊണ്ടിട്ടു…
ഞങ്ങളുടെ പ്രണയത്തിനും ദുഖങ്ങൾക്കും എല്ലാം താങ്ങും തണലുമായി നിന്ന ഞങ്ങളുടെ അമ്പലത്തിലെ മൂർത്തിയെയും ,ഞങ്ങളുടെയെല്ലാം അച്ഛനമ്മാരേയും പെങ്ങന്മാരെയും അതുപോലെ സ്നേഹിതരെയും ഇതിലൊന്നും പെടാത്ത കാവ്യയും കൃപയും .., എല്ലാവരെയും സാക്ഷിയാക്കി ഞങ്ങൾ വിവാഹിതരായി…….
കുരവയും കെട്ടിമേളവും ,ആൾത്തിരക്കും പൂജയുടെ മണിക്കിലുക്കങ്ങളും ചന്ദനത്തിരിയുടെയും കർപ്പൂരത്തിന്റെയും ഗന്ധവും ചേർന്ന അന്തരീക്ഷത്തിൽ വിറയ്ക്കുന്ന കൈകളും സന്തോഷം നിറഞ്ഞു തുളുമ്പുന്ന മനസുമായി ഞാൻ തുളുമ്പുന്ന കണ്ണുകളിൽ പ്രാർഥന നിറച്ചു നിൽക്കുന്ന അവളെ ഈ പ്രകൃതി സാക്ഷിയാക്കി താലിക്കെട്ടി…….അവളുടെ കൈയിനെ ചേർത്തുപിടിച്ചു അമ്പലത്തിനെ വലം ചുറ്റുമ്പോൾ എന്നോ പതിയെ മറന്നു തുടങ്ങിയ വരികൾ ഞാൻ ഉരുവിട്ടു…..