അച്ഛൻ അത് പറഞ്ഞത് അങ്കിളിനോടായാണ്…..അങ്കിൾ അമ്മയുടെ മുഖത്ത് നോക്കിയപ്പോ അമ്മ എന്തോ ചിന്തിച്ചു കൂട്ടുന്ന തിരക്കിലാണ്….
” എന്ത് കണ്ടിട്ടാ നിങ്ങൾ ഇവനെ മതിയെന്ന് പറയണത്….. ഇതാ ഈ കാണുന്നതാണ് ഞങ്ങടെ വീട് , സ്വത്തും മൊതലും ഒക്കെ ഇത് തന്നെയാ…..നേരാവണ്ണം ഒരു ജോലിയോ കൂലിയോ അവനില്ല , അതൊക്കെ വേണമെന്ന് തോന്നൽ പോലും ഉണ്ടോന്നു എനിക്ക് സംശയമാണ്…25 വയസ് കഴിഞ്ഞു ഇപ്പൊ ,ഈ പൊളിഞ്ഞു വീഴാറായ വീട് ഒന്ന് ശെരിയാക്കണമെന്നു പോലും തോന്നാത്ത അവനാണോ ആ പാവം കൊച്ചിനെ കല്യാണം കഴിച്ചുക്കൊടുക്കുന്നത്….!!”
അമ്മ ഇതുപറഞ്ഞു കണ്ണുതുടച്ചപ്പോളാണ് എന്നോട് പറയാൻ ബാക്കിയായ ഒരുപാട് കാര്യങ്ങൾ അമ്മയുടെ മനസ്സിൽ ഉണ്ടെന്ന് എനിക്ക് തന്നെ മനസിലായത്……അമ്മയത് പറഞ്ഞപ്പോൾ എനിക്ക് നാണക്കേടിനെക്കാൾ തോന്നിയത് എന്നോട് തന്നെ പുച്ചമാണ്…..ഞാനെന്നും എന്റെ ലക്ഷ്യങ്ങൾക്ക് മാത്രം പുറകെയാണ് പൊയ്ക്കൊണ്ടിരുന്നത് , ഒന്നും നേടാനോ , ചെയ്യുന്നുണ്ടെന്ന് കാണിക്കാനോ കഴിഞ്ഞ കുറേ വർഷങ്ങളായി എന്നെക്കൊണ്ട് സാധിച്ചില്ല…….
” അതിനൊക്കെ അവനു സമയം കൊടുക്കു , നിങ്ങൾ പറഞ്ഞ ഒന്നുമില്ലെന്ന് എനിക്ക് തോന്നിയിട്ടില്ല , ഞാൻ കഴിഞ്ഞ 21 വർഷം നോക്കി വളർത്തിയ എന്റെ മകളെ അവന്റെ കൂടെ സന്തോഷത്തോടെ വിടുന്നുണ്ടെങ്കിൽ ഞാൻ ഇതൊക്കെ ആലോചിക്കാതെയാണെന്നാണോ നിങ്ങൾ പറയുന്നത്….? അവന്റെ കാര്യത്തിൽ എനിക്ക് വിശ്വാസമുണ്ട്….!! ”
അച്ഛൻ അത് പറഞ്ഞപ്പോ ഞാൻ പോലും അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു….അടുത്തു വന്ന അഞ്ചു എന്നെ പിടിച്ചു ചിരിച്ചുകൊണ്ട് കണ്ണടിച്ചു കാണിച്ചു……
” അറിയില്ല…..നന്നായാൽ അവനവനു കൊള്ളാം…..നിങ്ങൾ തന്നെ ആലോചിച്ചു തീരുമാനമെടുക്കൂ….”
അമ്മ അത് അങ്കിളിനും അച്ഛനുമായി വിട്ടുകൊടുത്തു ,പിന്നെ തടിക്കു കൈ കൊടുത്തു എന്തോ ചിന്തിച്ചു കസേരയിലേക്ക് ഇരുന്നു….
” അങ്ങനെ അവനെ ഒന്നും ഇല്ലാത്തവനെക്കണ്ട…..അവന്റെം കൂടെ അധ്വാനം കൊണ്ടാണ് ആ സൂപ്പർമാർക്കെറ്റും, പഴയ കടയും ഇപ്പോളും ഇങ്ങനെ നന്നായി പോണത്….അച്ഛനെന്താ അത് പറയാത്തത് ..? ”
ശബരി ഫോൺ മാറ്റിവെച്ച് കുറച്ചു ഗൌരവത്തിൽ അങ്കിളിനോട് ചോദിച്ചു …
” അതിപ്പോ ഈ ഇരിക്കുന്നതിൽ ആർക്കാ അറിയാത്തത്…??
അങ്കിൾ അതിനു മറുപടി എല്ലാവരുടെയും മുഖത്ത് നോക്കിയാണ് ചോദിച്ചത്…..
” എന്നാ അങ്ങനെയല്ല , ഞാൻ തെരക്കിലായപ്പോ അവനാണ് എന്റെ സ്ഥാനത്തു നിന്ന് അതൊക്കെ നോക്കി നടത്തിയത്…..അപ്പൊ ഇനി അച്ഛന് പറയാനുള്ള കാര്യം പറയാനുള്ള സമയമായി….”