ഒരിക്കലും ചോദിക്കരുതെന്നു കരുതിയ ഒരു ചോദ്യം എന്റെ നാവിൽ നിന്ന് അറിയാതെ ഉയർന്നു , താത്ത ആ ചോദ്യം കേട്ട് ഞെട്ടിയെങ്കിലും ഉപ്പ എന്തോ അത് പ്രതീക്ഷിച്ചിരുന്ന പോലെയാണ് എനിക്ക് തോന്നിയത് , നേരത്തെ മുതൽ കണ്ട അതേ നിർവികാരത മാത്രമേ അപ്പോളും ഞാൻ ആ മുഖത്ത് കണ്ടുള്ളൂ…..
” ഇയ്യ് അവർക്ക് ചായ കൊടുക്കാഞ്ഞതെന്താ….?? ”
ഉപ്പ താത്തയോട് ചോദിച്ചു…..
” അയ്യോ ..!! ചായ എടുക്കാൻ മറന്നു , ഇപ്പൊ വരാം ….കട്ടൻ കുടിക്കൂലേ ….?? ”
താത്ത തെല്ലൊരു വിഷമത്തോടെ ചോദിച്ചു…
” ഞാനിപ്പോ കുടിച്ചെ ഉള്ളൂ , ഇനിയിപ്പോ വേണ്ടാ താത്ത…..”
ഞാൻ തടഞ്ഞു , ഒന്നും കുടിക്കാനുള്ള മൂഡ് ഇല്ലായിരുന്നു ,വെറുതെയെങ്കിലും റസീനയെ ഒന്ന് കാണാൻ പറ്റിയാലോ എന്നൊരു തോന്നൽ കൊണ്ടാണ് ഇത്രേം ദൂരം വന്നത് , പക്ഷെ അവൾ ഇല്ലെന്നു അറിയുമ്പോൾ വല്ലാത്തൊരു സങ്കടം…
” ഒന്നും കുടിക്കാണ്ടേങ്ങനാ…?? ണ്ണ ഞാൻ അവിലുംവെള്ളം ഉണ്ടാക്കിത്തരാം…..”
താത്ത ഉള്ളിലേക്ക് പോയി….കുറച്ചു സമയം പൂര്ണ നിശബ്ദമായി ഞങ്ങൾ ഇരുന്നു….
” ഇപ്പൊ അകത്തു പോയത് റസീനാന്റെ മൂത്തതാണ് , ഇതുവരെ ഓളുടെ കല്യാണം കഴിഞ്ഞിട്ടില്ല……സ്ത്രീധനം കൊടുക്കാൻ ഇല്ലാത്തോണ്ട് മുടങ്ങി മുടങ്ങി അങ്ങനെ നിന്നു…ഉമ്മ ഇല്ലാത്ത കുട്ട്യോളല്ലേ ന്ന് കരുതി ഞാനും ഒന്നും പറഞ്ഞില ….രണ്ടാം കെട്ടുകാരൊക്കെ വരും ഓൾക്ക് ഇഷ്ടല്ലന്നു പറഞ്ഞപ്പോ നിര്ബന്ധിച്ചില്ല…. ന്നിട്ടോ , ഇങ്ങനെ നിന്നു ജീവിതം കളഞ്ഞു ….നോക്ക് ,ഇക്കും വയ്യാണ്ടായി , റസീനക്കെങ്കിലും നല്ല ജീവിതം ണ്ടാവട്ടെ ന്ന് കരുതി കൊടുത്തതാണ്…..പണ്ട് മരക്കച്ചോടം ആയിരുന്നു , ഇപ്പൊ അതൊക്കെ കണക്കാണ്…അന്യന്മാരുടെ സഹായം കൊണ്ടാണ് ഇങ്ങനെ കഴിയണത് ..കിട്ടണത് ഞങ്ങക്ക് രണ്ടാൾക്കും തന്നെ ഉണ്ടാവൂല…ഓളെങ്കിലും സുഖായിട്ട് നിന്നോട്ടെ….പഠിത്തത്തിനെക്കാളും ആവശ്യം നേരാവണ്ണം ഭക്ഷണം കഴിക്കണതല്ലേ …ഞാൻ അതേ ചിന്തിച്ചിട്ടുള്ളു……അയ്ന്റെ ഇടക്ക് ന്റെ കണ്ണെങ്ങാനും അടഞ്ഞാ ഇതിനെ നോക്കാൻ ഒരാളെങ്കിലും ഉണ്ടാവല്ലോ ന്ന് സമാധാനിക്കാലോ….”
വളരെ ഹൃദയവേദനയോടു കൂടിയാണ് അങ്ങേര് ഇത് പറഞ്ഞത്….ഇഷ്ടമല്ലെങ്കിൽ കൂടി വാശിപിടിച്ചു അവളെ കെട്ടിച്ചയച്ചത് ഇങ്ങനെ കുറേ കാര്യങ്ങൾ കൊണ്ടാണെന്ന് മനസിലാക്കാൻ പറ്റിയല്ലോ….
അപ്പോളേക്കും താത്ത അവിലും വെള്ളവുമായി വന്നു ….ഞാനതു കുടിച്ചു , കുറച്ചു വിശപ്പുണ്ടായിരുന്നത് അത് കഴിച്ചപ്പോൾ മാറിക്കിട്ടി….
” അങ്ങോട്ട് കൊണ്ടുപോയെന്നു ശേഷം പിന്നെ വന്നേർന്നോ ..?? ”
ഞാൻ ചോദിച്ചപ്പോൾ രണ്ടു പേരും ഇല്ലെന്നു തലയാട്ടി….
” വിളിയോ….?? ”