അവൻ വീണ്ടും അവരോടായി ചോദിച്ചപ്പോൾ നിത്യ അവന്റെ തോളിലേക്ക് ചാഞ്ഞു , അമ്മു സന്തോഷത്തോടെ തലകുലുക്കി സമ്മതിച്ചു….
എനിക്കും ഇതേ അഭിപ്രായമാണ് …..അല്ല പിന്നെ , സ്നേഹം മാത്രം ആയാൽ ബോർ അടിക്കൂലേ , ഇടക്കൊക്കെ നമുക്ക് ആ ആ പാതിയോടു തല്ലുകൂടി പിന്നേം സ്നേഹിക്കാം ….അതല്ലേ കൂടുതൽ രസം…..? ഒരു ശബ്ദവുമില്ലാതെ എന്തും പരസ്പരം അഡ്ജസ്റ്റ് ചെയ്തു ജീവിക്കുന്ന കപ്പിൾസിനേക്കാൾ എനിക്കിഷ്ടം ഇടക്ക് ചെറിയ കശപിശയും , പിണക്കങ്ങങ്ങളും , തെറ്റലും ഒക്കെ ഉണ്ടായി പിന്നെ അതിനെക്കാൾ ശക്തമായി വീണ്ടും സ്നേഹിക്കാൻ തുടങ്ങുന്നവരെയാണ്….അവർക്കിടയിലാണ് യഥാർത്ഥ പ്രണയമുള്ളതെന്നു ഞാൻ വിശ്വസിക്കുന്നു……അതുപോലെ വിവാഹശേഷം അഡ്ജസ്റ്റ് ചെയ്തു ജീവിക്കണം എന്ന് പറയുന്നവരോട് എനിക്ക് സഹതാപം മാത്രമേ ഉള്ളൂ…കാരണം രണ്ടു പേർ ജീവിക്കുമ്പോൾ അവിടെ അഡ്ജസ്റ്റുമെന്റല്ല വേണ്ടത് പരസ്പരം അംഗീകരിക്കുക എന്നതാണ് ,ഒരാളുടെ സ്വഭാവം മറ്റെയാൾ അഡ്ജസ്റ്റ് ചെയ്യുകയാണെങ്കിൽ ആ ബന്ധം വെറും നാടകീയമായ ഒന്നായിതീരും , പകരം ഓരോരുത്തരുടെ സ്വഭാവത്തിലെ നല്ലതിനെയും അല്ലാത്തതിനെയും അംഗീകരിച്ചു അത് അവരെ മനസിലാക്കിപ്പിക്കാൻ കഴിഞ്ഞാൽ അതാണ് വിജയം…അതിനു കുറച്ചു ശബ്ദമുയർന്നാലും പിണങ്ങിയാലും ,ഒടുക്കം അതൊക്കെ അതിജീവിച്ചു ഉള്ളിലെ സ്നേഹം തന്നെ വിജയിക്കും ….ഒരു വിവാഹം ബന്ധം എന്നതിൽ മാത്രമല്ല മറ്റേതു ബന്ധത്തിലും പാലിക്കാവുന്ന ഒന്നാണ് ഇത് ……..
എന്നത്തേയും പോലെ അല്ല , ഇന്നത്തെ കുളപ്പടവിലെ ഈ ഇരുത്തം ഒരുപാട് പ്രത്യേകതകൾ നിറഞ്ഞതായി മനസ്സിൽ തോന്നി ……അന്ന് അമ്മുവിൻറെ അച്ഛൻ കാര്യങ്ങൾ സംസാരിച്ച ദിവസത്തിന് ശേഷം കഴിഞ്ഞ വർഷങ്ങൾക്കിടയിൽ എത്രയോ തവണ ഇവിടെ വെച്ചാണ് ഞാനും അമ്മുട്ടിയും മനസ് തുറന്നിരുന്നത് , അന്നൊന്നും അച്ഛനുമായി സംസാരിച്ച അത്രക്കും സന്തോഷം മനസ്സിൽ തോന്നിയിരുന്നില്ല……ഇന്നു പക്ഷെ അന്നത്തെ അതേ ഫീൽ…….
ആലോചനകളിൽ നിന്നും മുക്തനായപ്പോൾ ഞാൻ വെറുതെ തല ചെരിച്ചു നോക്കി , ശബരിയും നിത്യയും തോൾ ചേർന്നിരുന്ന് കുളത്തിലേക്ക് കണ്ണ് നട്ടിരിക്കുന്നുണ്ട്…….അമ്മുവും എന്റെ മടിയിൽ തലവെച്ചു എന്തൊക്കെയോ ആലോചനയിലാണ്…..
കുളത്തിലെ വെള്ളം സൂര്യപ്രകാശം ചെല്ലുമ്പോൾ അടിവരെ വ്യക്തമായി കാണാൻ പാകത്തിൽ വൃത്തിയുള്ളതാണ്…..ഇടക്കിടെ തിളങ്ങുന്ന പരൽ മീനുകളും , ആഴം ഒരുപാട് ഇല്ലാത്തതിനാൽ വല്ലാത്തൊരു ഭംഗി നൽകി…..സത്യത്തിൽ അമ്മുവിൻറെ വീട് ഒരു സ്വർഗം തന്നെയാണ് , ഇവിടെ ഉള്ള എല്ലാത്തിനും സ്വഭാവികമായ ഊഷമളതയുണ്ട് , അച്ഛനമ്മമാരുടെ സ്വഭാവത്തിനും , വീടും അത് നിൽക്കുന്ന പൂക്കളും ഫലവൃക്ഷാദികളും നിറഞ്ഞ പറമ്പും , നീണ്ട് കിടക്കുന്ന നെൽപ്പാടങ്ങളും വേണമെങ്കിൽ കുടിക്കാൻ വരെ ഉപയോഗിക്കാവുന്ന ഈ കുളവും എല്ലാം ഏതൊരാളെയും മനസിന് ഒരുപാട് ആശ്വാസം നൽകാൻ കഴിവുള്ളതാണ് ……
” ഏട്ടാ….വീട്ടിൽ പോയാലോ…….ഒരുപാട് സമയമായെന്ന് തോന്നുന്നു…..”
അമ്മു എന്നോട് ചോദിച്ചപ്പോൾ ഞാൻ ശബരിയെ നോക്കി ….അവനും പോവാമെന്നു തല കുലുക്കി…..അങ്ങനെ ഞങ്ങൾ എണീറ്റു തിരികെ പോയി….ചെന്നപ്പോളേക്കും അമ്മ ഭക്ഷണം കരുതിയിരുന്നു …..അതിനു നിക്കാതെ പോവാൻ കുറേ ശ്രമിച്ചെങ്കിലും നടന്നില്ല ,അങ്ങനെ അവസാനം കഴിച്ചു കഴിഞ്ഞാണ് തിരികെ പോന്നത്….അച്ഛനോട് യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ ശബരിയിൽ അങ്ങേരെ അംഗീകരിച്ച ഒരു ഭാവം ഉള്ളതായി എനിക്ക് തോന്നി….