” നീ പഠിച്ചു കഴിഞ്ഞോ..? ”
അവൾ ചോദിച്ചു.
” ഉവ്വ്… പഠിച്ചു കഴിഞ്ഞു. ”
അവൻ തലയാട്ടി.
” ചോറ് ഡൈനിങ്ങ് ടേബിളിൽ വച്ചിട്ടുണ്ട് പോയി എടുത്തു കഴിച്ചോ… ”
സുചിത്ര പറഞ്ഞു.
” അമ്മേ… ”
അവൻ വീണ്ടും വിളിച്ചു.
” എന്താടാ…? ”
കുറച്ച് ഉറക്കെ ചോദിച്ചു.
” ഒരു കാര്യം പറയാനുണ്ട്… ”
” എന്ത് കാര്യം…? ”
അവൾ സംശയത്തോടെ ചോദിച്ചു.
കിച്ചുവേട്ടൻ അമ്മയോട് സംസാരിക്കുന്നതൊക്കെ വീണ ശ്രദ്ധിക്കുന്നുണ്ട്. പക്ഷെ ഇതൊന്നും കേൾക്കാത്ത ഭാവത്തിൽ അവൾ വായനയിൽ മുഴുകിയതായി ഇരുന്നു.
” അമ്മേ… എനിക്കൊരു 200 രൂപ വേണമായിരുന്നു. ”
അവൻ അമ്മയുടെ മുഖത്തേയ്ക്ക് നോക്കാതെ പറഞ്ഞു.
” 200 രൂപയോ…? നിനക്കെന്തിനാ ഇപ്പൊ 200 രൂപ..? ”
” അത്… പിന്നെ… അമ്മേ… നാളെ ഉച്ചയ്ക്ക് അങ്ങാടിയില് ഒരു ക്രിക്കറ്റ് ടൂർണമെന്റ് നടക്കുന്നുണ്ട് അതിന് രെജിസ്റ്റർ ചെയ്യാൻ ഒരു ടീമിന് 1200 രൂപയാ ഫീസ്. അതുകൊണ്ട് കളിക്കുന്ന എല്ലാവരും 200 രൂപ വീതം കൊണ്ടുവരണം ന്നാ പറഞ്ഞത്….. ”
അവൻ പറഞ്ഞു.
” വേണ്ട… അങ്ങനെയുള്ള ഒരു കളിക്കും എന്റെ മോൻ പോകേണ്ട… നാളെ നിനക്ക് ക്ലാസ്സ് ഇല്ലേ…? ”
” ഉണ്ട്… പക്ഷെ അത് സ്പെഷ്യൽ ക്ലാസ്സ് ആണ്…”
” സ്പെഷ്യൽ ക്ലാസ്സ് ആയാൽ എന്താന്നോ..? നിങ്ങൾക്കൊക്കെ വേണ്ടിട്ടല്ലേ… ടീച്ചർമാർ ഇല്ലാത്ത സമയം കണ്ടെത്തി ക്ലാസ്സ് നടത്തുന്നത്… ”
അവൾ കിച്ചുവിനെ ശകാരിച്ചു.
” കഴിഞ്ഞ രണ്ട് മാസായിട്ട് ഞാൻ ഒരു ലീവ് പോലും എടുത്തിട്ടില്ല. പ്ലീസ്. നാളെ മാത്രം… അമ്മേ… നാളെ മാത്രമേ… ലീവ് എടുക്കത്തുള്ളൂ…”
അവൻ കേണു പറഞ്ഞു.
” നടക്കില്ല… നീ വാശി പിടിക്കേണ്ട കിച്ചു. ”
അവൾ തീർത്തു പറഞ്ഞു.