യുഗം 9 [Achilies]

Posted by

“പോവാതെ വയ്യട ലീവ് ഇല്ല മറ്റന്നാൾ തിരിച്ചെത്തണം, ഇന്ന് മുഖം കാണിച്ചില്ലേൽ ഇന്ദിരാമ്മ എന്റെ പുറം പൊളിക്കും.”
“ശ്ശെ വന്നിട്ട് ഉടനെ പോണോന്നു വെച്ചാൽ. ആഹ് എന്തായാലും വാ ആങ്ങളയെ പരിചയപ്പെടാൻ കാത്തിരിക്കുന്നുണ്ട് രണ്ട് പെങ്ങള്മാര്.””അതിനെന്താ എനിക്കും സന്തോഷോല്ലേ ഒറ്റ പുത്രനായി വളർന്നു വന്നിട്ട് ആദ്യം നിന്നെ കിട്ടി ഇപ്പോൾ രണ്ട് പെങ്ങൾമാരും. അമ്മയേം കൊണ്ട് വരണം ഒരിക്കൽ.”
നടന്നു വീടിന്റെ പടിക്കൽ എത്തിയിരുന്നു ഞങ്ങൾ.
“ഏട്ടാ ഇത്……..”
“വേണ്ട നീ പറഞ്ഞു തന്നതിൽ നിന്ന് ഏകദേശ രൂപമുണ്ട് മനസ്സിൽ രണ്ടാളുടെയും, എന്റെ പെങ്ങൾമാരെ നീ എനിക്ക് പരിചയപ്പെടുത്തണ്ട.”
വിടർന്ന പുഞ്ചിരിയുമായി നിൽക്കുന്ന ഗംഗയെയും വസുവിനെയും നോക്കി അജയേട്ടൻ പറഞ്ഞു.
പിന്നെ ഗംഗയുടെ നേരെ നിന്നു.
“ഇത് ഗംഗ ലെ,”
ഗംഗ അതേയെന്ന അർത്ഥത്തിൽ തലയാട്ടി.
“ഇത് വാസുകി.”
വസുവിനെ ചൂണ്ടി അജയേട്ടൻ ചിരിച്ചു.
“ചേട്ടായി വന്ന കാലിൽ നിൽക്കാതെ അകത്തേക്ക് വായോ.”
അജയേട്ടന്റെ കയ്യിൽ തൂങ്ങി ഗംഗ വലിച്ചു അകത്തേക്ക് കൊണ്ട് പോയി.
പെണ്ണിന്റെ നടപ്പും ഭാവോം കണ്ടാൽ ഇവര് ഒരു വയറിൽ നിന്ന് വന്നതല്ലെന്നു ആരും പറയൂല്ല. പിന്നെ കത്തി വെച്ച് രണ്ടൂടെ തല്ലു പിടിയായി. അന്വേഷിച്ചു വരാനും കാര്യങ്ങൾ വിളിച്ചു ചോദിക്കാനും ഒരാളില്ലാത്തവർക്ക് അത് കിട്ടുമ്പോഴുള്ള അവരുടെ സന്തോഷം ഞാൻ കണ്ടറിയുകയായിരുന്നു.
“ഇനി ഒറ്റയ്ക്ക് വരണ്ടാട്ടോ ഇനി വരുമ്പോ അമ്മയെ കൂടി കൊണ്ടന്നം, ഇവിടെ നിൽക്കട്ടെ ഞങ്ങൾക്ക് ഒരു കൂട്ടാവുല്ലോ.”
ഗംഗ വാശി കുത്തി കൊഞ്ചി കൊണ്ട് ചോദിച്ചു.
“ഒരിക്കെ കൊണ്ട് വരാം മോളെ, അമ്മയോട് ഞാൻ പറയണുണ്ട്, രണ്ട് പെൺകുട്ടികൾ കൂടെ എനിക്ക് ഇനി കൂടെപിറപ്പായുള്ള കാര്യം, ഈ വട്ടന്റെ കാര്യം പിന്നെ അമ്മയ്ക്ക് നേരത്തെ അറിയാം. നിന്നെ കാണാൻ നോക്കി ഇരിപ്പുണ്ട് ഇറങ്ങീട്ടു പിന്നെ നീ വന്നിട്ടേ ഇല്ലല്ലോ.”
“ഞാൻ വരാഞ്ഞിട്ടല്ലല്ലോ എന്നെ വരുത്താത്തതല്ലേ.”
ഞാൻ പറഞ്ഞതും അജയേട്ടനൊന്നു പരുങ്ങി.
“അതെന്താ അജയ് ഇവൻ അമ്മയെ കാണാൻ വന്നാൽ.”
“അത് വേറൊന്നുല്ല വസൂ ഞാനും അമ്മേം കൂടിയാൽ പിന്നെ അജയേട്ടനെ പെണ്ണ് കെട്ടിക്കുന്നതാവും ഞങ്ങളുടെ മെയിൻ ചർച്ച ആശാന് പിന്നെ അത് കേക്കുന്നത് തന്നെ കലിയാ.”
“അതെന്താ ചേട്ടായി കേട്ടാത്തെ, ദേ ഇനി ഞങ്ങൾ നോക്കാൻ പോവുവാണെ, ഞങ്ങൾക്ക് ഒരു നാത്തൂനെ വേണ്ടേ.”
“വേണ്ട ഗംഗേ കല്യാണോം പെണ്ണും കുടുംബവുമൊക്കെ ഞാൻ എന്നോ കുഴിച്ചുമൂടിയ കനവുകളാ.”
“അതൊന്നും പറഞ്ഞാൽ പറ്റില്ല മുറപ്പടി ഇതൊക്കെ ഇനി പെങ്ങൾമാരുടെ ഉത്തരവാദിത്തങ്ങളാ, അപ്പോൾ ഇനി അതിന്റെ പേരിൽ ഇനി ചർച്ച ഇല്ല ഒരീസം ഞങ്ങൾ വരും അമ്മയെ കാണാൻ അപ്പോൾ ഇതിനും കൂടി ഒരു തീരുമാനം ഉണ്ടാക്കും.”
വസുവും അത് ഏറ്റു പിടിച്ചതോടെ അജയേട്ടൻ പിന്നെ ഒന്നും മിണ്ടിയില്ല. എനിക്കിതൊക്കെ കേട്ടിട്ടും വലിയ ഭാവമാറ്റം ഒന്നും ഉണ്ടായില്ല ഇങ്ങേരെ കെട്ടിക്കാൻ ഞാനും അമ്മയും പഠിച്ച പണി പതിനെട്ടും നോക്കിയിട്ടുണ്ട് പിന്നെയാ.
അജയേട്ടന് ചായയുമായി വന്ന ആളെ കണ്ടതും ചിരിയും കളിയുമായി ഇരുന്ന ആളുടെ മുഖം മാറി. ഹേമയെ കണ്ട് ദേഷ്യം വന്ന കണ്ണുകളുമായി അജയേട്ടൻ എന്നെ നോക്കി. ദയനീയ ഭാവത്തോടെ ഇരിക്കാനെ എനിക്ക് കഴിഞ്ഞുള്ളു. അത് കണ്ടിട്ടാവണം വസൂ കാര്യങ്ങൾ ഒന്ന് തണുപ്പിക്കാനായി ഇടപെട്ടു.
“അജയ്ക്ക് ഹരിയുടെ കൃഷി ഇടം കാണേണ്ട വാ.”
മറുപടി കേൾക്കാൻ നിൽക്കാതെ അജയേട്ടന്റെ കൈ പിടിച്ചു കൊണ്ട് വസൂ തൊടിയിലേക്ക് കൊണ്ട് പോയി, പോകുമ്പോഴും അജയേട്ടൻ എന്നെ നോക്കുന്നുണ്ടായിരുന്നു. ഹേമയെ ഇവിടെ നിർത്തിയ കാര്യം ഞാൻ പറഞ്ഞിരുന്നില്ല, അവരെ ഇവിടെ കണ്ടപ്പോൾ അജയേട്ടൻ പെട്ടെന്നു ഷോക്ക് ആയിരിക്കണം.

Leave a Reply

Your email address will not be published. Required fields are marked *