മീനാക്ഷിയെ ഒരിക്കൽപോലും ഞാൻ കണ്ടിട്ടില്ല അവിടെ അങ്ങനെ ഒരാളുണ്ടെന്നു പോലും ഓർക്കുന്നത് ഹേമ ഭക്ഷണവും കൊണ്ട് മുകളിലേക്ക് പോവുമ്പോഴും പിന്നെ വസുവും ഗംഗയും പോകുമ്പോഴും മാത്രമാണ്. അവൾക്കിനി വല്ല തളർവാതവും വന്നോ എന്ന് എനിക്ക് തോന്നാതിരുന്നില്ല. പിന്നെ കാണാതിരിക്കുന്നതാവും എന്ത് കൊണ്ടും നല്ലതെന്നു ഞാനും കരുതി.
“തളിരണിഞ്ഞൊരു കിളി മരത്തിലെ
കണിമലരെ വാ പൂക്കാലം പൂക്കാലം
വെയിലുദിക്കുന്ന വഴിയരികത്തു തണലൊരുക്കാൻ വാ
താലോലം താലോലം
ഒരു തരി കുങ്കുമവും കുനിമണി ചന്ദനവും
പൊൽത്താലത്തിലെ പൊൻ നാണ്യങ്ങളും
പൂമാനങ്ങളും താ.”
പെട്ടെന്ന് എന്റെ മുഖത്തേക്ക് വെള്ളം വന്നു വീണു. ഞാൻ ഞെട്ടി പിടഞ്ഞെഴുന്നേറ്റു.
“ഒന്ന് നിർത്താവോ കാളരാഗം വാവടുത്തു നിൽക്കുവാ വല്ല എരുമയും ഓടി കേറി വരും.”
വൈകീട്ട് കവലയിലെ കറക്കവും കഴിഞ്ഞു ഹാളിലെ സോഫയിൽ ഒരു പാട്ടും മൂളി കിടന്നപ്പോഴാണ് ഗംഗയുടെ വക ഈ ഉപദ്രവം.
“നിന്നെ ഞാനിന്നു ശെരിയാക്കി തരാടി എരുമേ.”
മുഖത്ത് വെള്ളം കോരി ഒഴിച്ച അവളെ പിടിക്കാനായി സോഫയിൽ നിന്ന് ചാടി എഴുന്നേറ്റതും ഗംഗ ഓടി പുറത്തെത്തി.
“ഇച്ചേയി വന്നെന്നെ രക്ഷിക്ക് ഈ ദുഷ്ടൻ ഇല്ലേലിന്നെന്നെ കൊല്ലും.”
“ആര് വന്നാലും നിന്നെ ഞാൻ വിടില്ലെടി പ്രാന്തി, നീ എന്റെ തലേൽ വെള്ളമൊഴിക്കോല്ലേ.”
“അത് ഞാൻ അപ്പൊ പെട്ടെന്ന് അറിയാതെ ഒഴിച്ചതാ, ന്റെ കൈയ്യിന്നു അറിയാണ്ട് വീണതല്ലേ.”
എന്റെ കൈയിലായതും അവള് കുതറി എന്റെ കൈ വിടീക്കാൻ നോക്കി ഓരോ കാരണം പറയാൻ തുടങ്ങി.
“ന്റെ ദേവി ങ്ങനെ രണ്ടെണ്ണം, ഇത്രേം നേരം അടുക്കളയിൽ നിന്നവളാ ഹരിയെ നോക്കിട്ടും വരാന്നു പറഞ്ഞു പോയപ്പോഴെ ഞാൻ ഓർത്തതാ ഇങ്ങനെ എന്തേലും ഒപ്പിക്കാനാവുന്നു.”
കൊലായിലേക്ക് ഞങ്ങളുടെ തല്ലുപിടുത്തം കണ്ടോണ്ടു വന്ന വസൂ കൈ തലയിൽ വെച്ചു.
“ഇവളാണേൽ അവനെക്കാളും കുറുമ്പും വാശിയും, ഹരി അതിനെ വിട്.”
“ഇല്ല വസൂ ഇന്നിവളെ വിടില്ല വിട്ടാൽ, അടുത്ത ദിവസം എന്റെ തലേൽ അവള് ചാണകോരിക്കും കൊണ്ടിടുന്നത്.”
“അതിനിവിടെ തൊഴുത്തില്ലല്ലോ.” ശബ്ദം അടക്കിയാണ് ഗംഗ പറഞ്ഞത്.
“ന്താന്നു.”
“ഇനി ഇടത്തില്ലാന്നു പറഞ്ഞതാ ന്റെ കൈ വേദനിക്കണ് ഹരി ന്നെ വിട് ന്നി ചെയൂല്ല സത്യം.”
മുഖത്ത് ദയനീയ ഭാവം വരുത്തി ഗംഗ പറഞ്ഞു. വിട്ടാൽ ആഹ് നിമിഷം എന്റെ തലക്കടിച്ചിട്ട് അവൾ ഓടുമെന്നത് മൂന്നരത്തരം.
മുറ്റത്തുള്ള ഗുസ്തിക്കിടയിലാണ് ഒരു കാർ ഗേറ്റിനടുത് നിന്നത് ഞാൻ കണ്ടത്. കാറുനോക്കി കൈ അയഞ്ഞ തക്കത്തിന് എന്റെ പിടി വിടുവിച്ചു എന്റെ പുറത്തിനൊരിടിയും തന്നു ഗംഗ ഓടി വസുവിനടുത്തായി.
കാർ വിട്ടു ഗേറ്റ് കടന്നു വരുന്ന ആളെ കണ്ട് എന്റെ ചുണ്ടിലൊരു ചിരി വന്നു.
അജയേട്ടൻ.
ആളെ മനസ്സിലാവാതെ വായും പൊളിച്ചു ഗേറ്റിലേക്ക് കൂമനെ പോലെ തുറിച്ചു നോക്കി പെണ്ണുങ്ങള് രണ്ടും നിൽപ്പുണ്ട്.
“അജയേട്ടനാണ്.”
സംശയം തീർക്കാനായി ഞാൻ പറഞ്ഞതും രണ്ടിന്റെയും മുഖത്ത് ഒരു ചിരി വന്നു.
“രണ്ട് ദിവസം കഴിഞ്ഞു ഇങ്ങെത്താം എന്ന് പറഞ്ഞ ആളാ, ഇപ്പോഴാ വരുന്നേ.”
“എന്റെ തിരക്കൊക്കെ നിനക്കറിയാവുന്നതല്ലേ, ഇന്നാണ് ഒന്നുഒതുങ്ങി പോരാൻ പറ്റിയത്. അവിടുന്നു നേരെ ഇങ്ങോട്ടാ പോന്നത് ഇനി വേണം അമ്മയെക്കൂട്ടാൻ ചെല്ലാൻ.”
എന്റെ അടുത്തെത്തിയ അജയേട്ടൻ എന്റെ തോളിൽ കൈ ഇട്ടു പറഞ്ഞു.
“അപ്പൊ ഇന്ന് തന്നെ പോണോ?”