എപ്പോഴൊ സി ഐയും,ഡി വൈ എസ് പിയും വന്നിരുന്നു.വിശദമായ റിപ്പോർട്ട് വൈകിട്ട് തന്നെ തയ്യാറാക്കി നേരിട്ട് ചെല്ലാനാണ് കല്പന.താൻ ശേഖരിച്ച മെറ്റിരിയൽ എവിഡൻസ് എല്ലാം കത്തിനശിച്ചു.
ഇനിയെങ്ങനെ മുന്നോട്ട് എന്നത് രാജീവന്റെ മുന്നിൽ ചോദ്യമായി നിന്നു.
തന്റെ ഏട്ടനിലേക്ക് എത്താൻ,എന്ത് സംഭവിച്ചു എന്നറിയാനുള്ള തന്റെ ഓരോ ശ്രമവും പരാജയത്തിലാണ് ചെന്നു നിൽക്കുന്നത്.ആരോ തന്റെ മാർഗത്തിൽ തടസം സൃഷ്ടിക്കുന്നത് പോലെ.അങ്ങനെയോരോന്ന് ചിന്തിച്ചു പരിഭ്രാന്തനായിരിക്കുന്ന രാജീവന്റെ മുന്നിലേക്കാണ് പത്രോസ് ചെല്ലുന്നതും.
“മാധവൻ കളിച്ചിട്ടുണ്ട്.അതിന് ഈ സ്റ്റേഷനിൽ നിന്നൊരാൾ ഒറ്റുകാരന്റെ വേഷം ചെയ്തിരിക്കുന്നു.”തന്റെ മുന്നിലിരിക്കുന്ന പത്രോസിനോടായി രാജീവ് പറഞ്ഞു.
“ദാമോദരൻ………”പത്രോസ് ഒന്ന് എറിഞ്ഞിട്ടു.തന്നിൽ സംശയം ഉണ്ടോ എന്നയാൾക്ക് അറിയണമായിരുന്നു.
“അയാളെക്കൊണ്ട് ഒറ്റക്ക് പറ്റില്ലടൊ. ഒപ്പം ഒരാൾ കൂടെയുണ്ട്.അയാളാണ് കൃത്യമായി സാഹചര്യമൊരുക്കിയത്.
വാസു തന്നെ ഏൽപ്പിച്ചത് ചെയ്തു എന്ന് മാത്രം.അറിയണം എനിക്ക് ആട്ടിൻ തോലിട്ട ആ ചെന്നായയെ.”
രാജീവൻ പല്ലിറുമ്മി.
“സർ പുറത്ത് അന്വേഷിക്കുന്നുണ്ട്.”
ഒരാശ്വാസത്തോടെ താൻ വന്നകാര്യം
പറഞ്ഞു.
“അവരുടെ കഴിഞ്ഞുവല്ലെ?”
“അതെ സർ………പ്രാധമീകമായുള്ള ചില അനുമാനങ്ങളിൽ അവരെത്തി, അതൊന്ന് പറഞ്ഞിട്ട് പോകുന്നതല്ലെ നടപ്പ് വശം.”
രാജീവ് പുറത്തേക്ക് ചെല്ലുമ്പോൾ സൈന്റിഫിക് വിദഗ്ദ്ധൻ തങ്ങൾക്ക് ലഭിച്ചതെല്ലാം കൃത്യമായി തിരിച്ചു പാക്ക് ചെയ്യുകയായിരുന്നു.
“നോക്ക് രാജീവ്………പെട്രോൾ ഒഴിച്ച്
കത്തിച്ചിരിക്കുന്നു.”തനിക്ക് ലഭിച്ച ചില എവിഡൻസുകൾ ചൂണ്ടിക്കാട്ടി അയാൾ പറഞ്ഞു.
കത്തിയെരിഞ്ഞു എങ്കിലും ചില അവശിഷ്ട്ടങ്ങളിൽ നിന്ന് മണം ലഭിച്ചതും പെട്രോൾ കൊണ്ടുവന്ന കുപ്പി മുഴുവൻ ഉരുകാതെ മൂലയിൽ നിന്ന് കിട്ടിയതും ആധാരമാക്കി അയാളത് പറഞ്ഞപ്പോൾ രാജീവന് എത്തിരഭിപ്രായം ഉണ്ടായിരുന്നില്ല.
“എടൊ……….. മിക്കവാറും എല്ലാം തന്നെ കത്തിനശിച്ചുകഴിഞ്ഞു.ഒറ്റ നോട്ടത്തിൽ ആളപായമല്ല അവരുടെ ലക്ഷ്യം.കാരണം വളരെ കുറഞ്ഞ അളവിൽ അവിടം കത്തിത്തീരാൻ മാത്രം അളവിലുള്ള പെട്രോൾ ഉപയോഗം മാത്രമാണുള്ളതെന്ന് തോന്നുന്നു.
ആർക്കോ ചില തെളിവുകളവർക്ക് നശിപ്പിക്കണം,അതാവണം അവരുടെ ലക്ഷ്യവും.എന്തായാലും അത് നടന്നു.ലക്ഷണം കണ്ടിട്ട് ഒരു ഒന്നൊന്നര കേസിലാണ് താൻ കൈ വച്ചിരിക്കുന്നത്.”ആ ഓഫിസർ പറഞ്ഞുനിർത്തി.
“… മ്മ്മ്മ്….”രാജീവ് അതിനൊന്നു മൂളുക മാത്രം ചെയ്തു.