“അയ്യോ…… ശരിയാ……… ആകെ കോലം കേട്ട് പോയി ലേ, പാവം”എന്റെ മുന്നിലൂടെ നടന്നുപോയ രണ്ടു നഴ്സുമാർ എന്നെ നോക്കി അടക്കം പറഞ്ഞുകൊണ്ട് പോവുന്നത് കേട്ടെങ്കിലും ഞാൻ അത് കേൾക്കാത്ത പോലെ കണ്ണും പൂട്ടി ഇരുന്നു, ഈ സഹതാപം മാത്രം കേട്ടിരിക്കാൻ കഴിയില്ല….
ഇന്നലെ രാത്രി ഉറങ്ങാൻ കഴിഞ്ഞിട്ടില്ല, വേറെ ഒന്നുമില്ല ഒടുക്കത്തെ കൊതുക് കടി ആയിരുന്നു, അതുകൊണ്ട് തന്നെ നല്ല ഉറക്ക ക്ഷീണമുണ്ട്.
“ഡാ…… കുഞ്ഞിനേയും അമ്മയെയും വൈകുന്നേരം മുറിയിലേക്ക് മാറ്റും, മുറി ശരിയായിട്ടുണ്ട്…… ആറാം നിലയിൽ റൂം നമ്പർ 666……. നീ വേണെങ്കിൽ റൂമിൽ പോയി കിടന്നോ”
വിഷ്ണു വന്നു തട്ടി വിളിച്ചിട്ട് പറഞ്ഞപ്പോഴാണ് ഞാൻ ചെറുതായി മയങ്ങി പോയിരുന്നു എന്ന് മനസിലായത്
“ഏയ് വേണ്ട…….”
കൈകൾ രണ്ടും ഉയർത്തി ഒന്ന് ഞെളിഞ്ഞ ശേഷം ഞാൻ പറഞ്ഞു
“മോൻ ഇന്നലെ രാത്രിയും ഉറങ്ങിയിട്ടില്ലലോ, ഇവിടെ ഇപ്പോ എല്ലാരും കൂടി ഇരിക്കേണ്ട കാര്യമില്ല….. മോൻ ചെല്ല് പോയി ഒന്ന് കിടന്നോ, ഞങ്ങൾ ഉണ്ടല്ലോ ഇവിടെ……”
അമ്മായിയപ്പന്റെ വായിൽ നിന്നും അത് കേട്ടതോടെ ഞാൻ വേഗം സമ്മതം മൂളികൊണ്ട് താക്കോലും വാങ്ങി റൂമിലേക്ക് നടന്നു, അല്ലെങ്കിലും ആ മറ്റവളെ ശുശ്രൂഷിക്കാൻ ഒന്നും അല്ല ഞാൻ ഇവിടെ കൊതുക് കടിയും സഹിച്ച് ഉറങ്ങാതെ ഇരുന്നത്……..
“””666””” കൊള്ളാം നല്ല റൂം, പ്രസവിക്കുന്നത് ഇവളാണെന്ന് അറിഞ്ഞിട്ട് കൊടുത്തത് ആണെന്ന് തോന്നുന്നു. ……..
റൂമിൽ കയറിയതും അതിലെ കട്ടിൽ നല്ലവണ്ണം വിരിച്ച് വൃത്തിയാക്കി വച്ചിട്ടുണ്ട്, കാണുമ്പോൾ തന്നെ ഒന്ന് കയറി കിടന്ന് ഉറങ്ങാൻ തോന്നും… അപ്പൊ ഇന്നലെ രാത്രി മൊത്തം ഉറങ്ങാതെ ഇരുന്ന എന്റെ കാര്യം പറയണോ, കട്ടിലിൽ കയറി കിടന്നത് മാത്രമേ ഓർമ്മയുള്ളു……
ഞാൻ ഗാഢമായ നിദ്രയിലേക്ക് വഴുതി വീണു, ഒപ്പം കൂട്ടിന് കുറച്ച് കാലങ്ങളായി ജീവിതത്തിൽ സംഭവിച്ചുകൊണ്ട് ഇരിക്കുന്ന നല്ലതും ചീത്തയുമായ കാര്യങ്ങളും കടന്നുവന്നു…. കുറച്ചുനേരം ആയിട്ട് ആ സാധനത്തിനേയും അവളെ കുഞ്ഞിനേയും കുറിച്ച് ചിന്തിച്ചത് കൊണ്ടാകാം, പിന്നീട് ഒരിക്കലും കാണരുത് എന്ന് ആഗ്രഹിച്ചവൾ വീണ്ടും ഒരു കുരിശ്ശായി ജീവിതത്തിലേക്ക് കടന്നു വന്ന ദിവസമാണ് ഉപബോധ മനസ്സിൽ തെളിഞ്ഞു വന്നത്…
#####################################
രാവിലെ ഒരു പെണ്ണിന്റെ കരച്ചിൽ കേട്ടുകൊണ്ടാണ് ഞാൻ ഞെട്ടി എഴുന്നേറ്റത്….. കണ്ണ് തുറന്നപ്പോൾ കണ്ടത് എന്റെ ഉള്ളിലെ പിശാചിനെ ഉണർത്തുന്ന കാഴ്ചയും
യാമിനിയെ കെട്ടിപ്പിടിച്ചുകൊണ്ട് കരയുന്ന ശ്രീലക്ഷ്മി….
ഗാഢനിദ്രയിൽ നിന്ന് ഞെട്ടി എഴുന്നേറ്റത് കൊണ്ട് അല്പം സമയം എടുത്തു ഞാൻ കാണുന്നത് യാഥാർത്ഥ്യം ആണെന്ന് ഉറപ്പ് വരുത്താൻ…. അത് മനസ്സിലാക്കിയ നിമിഷം ഞാൻ കട്ടിലിൽ നിന്ന് ചാടി എഴുന്നേറ്റു….. ദേഷ്യം അരിച്ചു കയറിയിട്ട് കണ്ണു കാണാൻ പറ്റാത്ത അവസ്ഥ