” ഞാനും കൂടെ അങ്ങോട്ട് പോട്ടെ അമ്മേ , രാത്രി വരാം..”
അവൾ ചേച്ചിയുടെ അടുത്തിരുന്നു കെഞ്ചി….
” എവിടേം പോണ്ട….ഇവിടിരുന്നു രണ്ടക്ഷരം പഠിക്കാൻ നോക്ക്….എപ്പളും എന്തെങ്കിലും ഉടായിപ്പ് പറഞ്ഞു നടക്കലല്ലാതെ പഠിത്തം നടക്കണില്ലല്ലോ…”
ചേച്ചീ അവളുടെ ആഗ്രഹം മുളയിലെ നുള്ളിക്കളഞ്ഞു….
” അവൾ പോന്നോട്ടെ ചേച്ചീ ,ഞങ്ങളെല്ലാം കുറേ ദിവസങ്ങൾ കഴിഞ്ഞു കൂടുന്നതല്ലേ…..രാത്രി ഞാൻ ആക്കിത്തരാം…..”
ഞാനവളെ സപ്പോർട്ട് ചെയ്തു….ചേച്ചീ ഒന്നും പറഞ്ഞില്ല ,മൗനം സമ്മതമായെടുത്തു അവൾ ഡ്രസ്സ് മാറാൻ ഓടി….10 മിനിറ്റിൽ തിരികെ വന്നു…..ഞങ്ങൾ യാത്ര പറഞ്ഞു പോന്നു…..
” ദേ ടീ…..ഇവന് വേറെ ആളായിട്ടുണ്ട് ട്ടോ…..ചെക്കൻ കൈവിട്ടു…..ഇനി നീ വേറെ ആരേലും നോക്കിക്കോ…”
ചേച്ചീ കേള്ക്കാത്ത ദൂരത്തിലെത്തിയപ്പോൾ ഞാൻ നിത്യയോട് പറഞ്ഞു…..അവൾ തിരിഞ്ഞു ശബരിയെ നോക്കി……ശബരിയാണെങ്കിൽ ചിരിച്ചതല്ലാതെ ഒന്നും മറുപടി പറഞ്ഞില്ല….
” ഓഹോ….അങ്ങനൊക്കെ സംഭവിച്ചോ…!!! ”
അവൾ വല്ല്യേ കൂസലില്ലാതെ ചോദിച്ചു….പിന്നെ എന്റെ കയ്യിൽ തൂങ്ങി നടന്നു കോളേജിലെ ഓരോ കാര്യങ്ങൾ പറഞ്ഞു നടന്നു …
വീട്ടിൽ എത്തി പിന്നെ ഒരു മേളമായിരുന്നു…..മൂന്ന് വായാടി പെണ്ണുങ്ങളും അമ്മമാരും കൂടി കലപില തന്നെയായിരുന്നു…..ഞങ്ങൾ കഴിയുന്ന രീതിയിൽ അതിനെല്ലാം കൂടി കൊടുത്തു , ഇടക്കെല്ലാം ശബരിക്ക് ഫോണിൽ കാൾ വന്നുകൊണ്ടിരുന്നു….അവൻ അതെടുക്കാതെ കട്ട് ചെയ്യുന്നത് ഇടക്ക് പെണ്ണുങ്ങളും ശ്രദ്ധിക്കുന്നുണ്ടെന്നു ഞാനും മനസിലാക്കി….
” കുഞ്ഞേട്ടന് എന്തോ ഒരു ചുറ്റിക്കളി ഉണ്ടല്ലോ..”
സൈലന്റ് ആയ ഫോൺ റിംഗ് ചെയ്യുന്നത് ആരും കാണാതെ എടുത്ത് കട്ട് ചെയ്യാൻ ശ്രമിക്കുന്ന ശബരി മഞ്ജിമയുടെ ആ ചോദ്യം കേട്ടു ഞെട്ടിപ്പോയി…..
” ആ ,ശെരിയാണല്ലോ…..ദേ നോക്കെടീ , ആകെക്കൂടി ഒരു കള്ളലക്ഷണം..”
അഞ്ചു അവളെ പിന്താങ്ങി ….ശബരിയാണെങ്കിൽ കള്ളത്തരം ഒളിപ്പിക്കാൻ ഒരു മാർഗമോ വേറെ ഭാവങ്ങളോ ഇല്ലാതെ വിളറി വെളുത്തു ….ഒരു പ്ലാനിംഗ് ഇല്ലാതെ പെട്ടതുകൊണ്ടു അവനു എന്ത് മറുപടി പറയുമെന്ന് ഒരു പിടിയും കിട്ടിയിട്ടില്ല….എനിക്കും അവനെ രക്ഷപ്പെടുത്താൻ ഒന്നും മനസ്സിൽ തോന്നിയില്ല…..